ചാരുംമൂട് : ദേശീയപാതയുടെ വശങ്ങളിൽ കെട്ടിട നിർമാണങ്ങൾക്ക് അനുമതി ലഭിക്കാത്തത് നൂറുകണക്കിന് ആൾക്കാരെ ബുദ്ധിമുട്ടിലാക്കി. ദേശീയ പാതയുടെ വശങ്ങളിൽ വീടുകൾ റോഡിന്റെ മധ്യഭാഗത്തു നിന്നു 40 മീറ്റർ അകലത്തിലും വാണിജ്യ കെട്ടിടങ്ങൾ 70 മീറ്റർ അകലത്തിലും നിർമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിനെ തുടർന്നാണ് പുതിയ കെട്ടിട നിർമാണങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നഗരസഭകളും പെർമിറ്റ് നൽകാത്തത്നിരവധി ആൾക്കാരാണ് കൊല്ലം–തേനി ദേശീയപാതയുടെ വശങ്ങളിൽ കെട്ടിട നിർമാണങ്ങളുടെ പെർമിറ്റിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത്. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പെർമിറ്റ് നൽകാൻ തയാറാകുന്നില്ല. എന്നാൽ കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്.അനുകൂല വിധി ഉണ്ടായാൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. വിധിയുടെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാലും പിന്നീട് നിർമിച്ച കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ മറ്റൊരു ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടാകുമോ എന്ന ആശങ്കയും ആളുകൾക്ക് ഉണ്ട്. അതിനാൽ കെട്ടിട നിർമാണ അനുമതി ലഭിച്ചാലും പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.രണ്ട് ദിവസത്തിനുള്ളിൽ അപ്പീലിന്മേൽ അനുകൂല നിലപാട് ഉണ്ടാവുകയും കെട്ടിട നിർമാണത്തിന് സർക്കാർ അനുമതി നൽകാനും സാധ്യതയുള്ളതായും അറിയുന്നു. ഇതിനുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകും.






