spot_img
Sunday, September 20, 2026

കോഴിക്കോട്–ബത്തേരി ഹൈസ്പീഡ് റെയിൽവേ പദ്ധതിയിൽ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകൾ തേടും: മന്ത്രി ടി. സിദ്ദിഖ്.



പൊന്നാനി: കോഴിക്കോട് മുതൽ ബത്തേരി വരെ നീളുന്ന ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉൾപ്പെടെയുള്ള ഭാവി റെയിൽവേ വികസന പദ്ധതികളിലേക്ക് വയനാടിനെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ഇതുസംബന്ധിച്ച് മെട്രോമാൻ ഇ. ശ്രീധരനുമായി വിശദമായ ചർച്ച നടത്തിയതായി മന്ത്രി അറിയിച്ചു.ഇ. ശ്രീധരനെ പൊന്നാനിയിലെ വസതിയിലെത്തി സന്ദർശിച്ച മന്ത്രി, വയനാടിന്റെ ദീർഘനാളത്തെ റെയിൽവേ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള വിവിധ സാധ്യതകൾ സംബന്ധിച്ച് അദ്ദേഹവുമായി ചർച്ച നടത്തി. നഞ്ചങ്കോട്–നിലമ്പൂർ റെയിൽപാത ഉൾപ്പെടെ വയനാട്ടിലേക്ക് റെയിൽവേ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.നഞ്ചങ്കോട്–നിലമ്പൂർ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരന് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. കോഴിക്കോട് മുതൽ ബത്തേരി വരെ നീളുന്ന ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി വയനാടിനെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.വയനാടിന്റെ റെയിൽവേ വികസന സാധ്യതകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായും വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുമായും തുടർചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.നഞ്ചങ്കോട്–നിലമ്പൂർ റെയിൽപാതയുടെ ഡി.പി.ആർ. തയ്യാറാക്കുകയും സാധ്യതാപഠനം നടത്തുകയും ചെയ്തിരുന്നതാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇതിനായി അന്ന് ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തിരുന്നു.പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് കഴിഞ്ഞ സർക്കാർ മൈസൂരു–തലശ്ശേരി റെയിൽപാതയുടെ സാധ്യതകളും പഠിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഡി.എം.ആർ.സി. പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ പഠന റിപ്പോർട്ട് മൈസൂരു–തലശ്ശേരി പാതയ്ക്ക് അനുകൂലമല്ലാത്തതിനാൽ ആ സാധ്യതയും പിന്നീട് മങ്ങുകയായിരുന്നു.റോഡ് ഗതാഗതത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന യാത്രാദുരിതം നേരിടുന്ന ജില്ലയാണ് വയനാട്. എല്ലാ വികസന സൂചികകളിലും പിന്നിൽ നിൽക്കുന്ന വയനാടിന്റെ സമഗ്ര വികസനത്തിന് മികച്ച റെയിൽവേ കണക്റ്റിവിറ്റി അനിവാര്യമാണ്. വയനാട്ടിലേക്ക് റെയിൽവേ ലൈൻ എത്തിക്കുക എന്നത് ജില്ലയുടെ ദീർഘകാല ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.വയനാടിന്റെ റെയിൽവേ വികസനമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ എല്ലാ സാധ്യതകളും പരിശോധിച്ച് വയനാടിന് പ്രയോജനകരമായ ഒരു റെയിൽവേ കണക്റ്റിവിറ്റി യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles