കോഴിക്കോട്: നോർത്ത് മണ്ഡലത്തിൽ ഔദ്യോഗിക ജോലി പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും തങ്ങൾക്ക് അർഹതപ്പെട്ട ഓണറേറിയം വിതരണം ചെയ്തില്ലെന്ന് ബൂത്ത് ലെവൽ ഓഫിസർമാർ(ബി.എൽ.ഒ). ജോലി പൂർത്തിയാക്കി 12 മാസം കഴിഞ്ഞിട്ടും ഇതാണവസ്ഥയെന്നാണ് ആരോപണം. അതേസമയം, ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ ഓണറേറിയം വിതരണം പൂർത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് ബി.എൽ.ഒമാർക്ക്. സ്വന്തം വകുപ്പുകളിലെ ഔദ്യോഗിക ജോലികൾക്ക് പുറമെയാണ് ബി.എൽ.ഒ ഡ്യൂട്ടി കൂടി ചെയ്യേണ്ടിവരുന്നത്. വോട്ടർമാരുടെ വീടുകൾ നേരിട്ട് സന്ദർശിച്ചുള്ള വിവരശേഖരണത്തിന് സ്വന്തം കൈയിൽ നിന്ന് ഇന്ധനച്ചെലവും യാത്രാച്ചെലവും വഹിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ.ബി.എൽ.ഒമാർക്ക് പ്രതിവർഷം ലഭിച്ചിരുന്ന 6000 രൂപ എന്നത് 12,000 രൂപയായി ഇരട്ടിയാക്കിയിരുന്നു. സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) ജോലികളിൽ ഏർപ്പെട്ട ബി.എൽ.ഒമാർക്ക് 6000 രൂപയുടെ ഒറ്റത്തവണ പ്രത്യേക ഓണറേറിയം അനുവദിച്ചിരുന്നു.അത് രണ്ടുഗഡുവായാണെങ്കിലും ലഭിച്ചതായി ബി.എൽ.ഒമാർ പറയുന്നു. ആദ്യം 2000 രൂപയും കഴിഞ്ഞമാസം 4000 രൂപയുമായാണ് തുക അനുവദിച്ചത്. ഓണറേറിയം വിതരണം ചെയ്യാൻ ട്രഷറി വഴിയുള്ള ഫണ്ട് റിലീസിങ്ങിലോ തെരഞ്ഞെടുപ്പ് വിഭാഗത്തിലോ കാര്യമായ തടസ്സങ്ങൾ നേരിടുന്നതായാണ് ആക്ഷേപം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോൾ ഫണ്ട് ഉടൻ ലഭിക്കും എന്നാണ് മറുപടി.കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പാണ് ബൂത്ത് ലെവൽ ഓഫിസർമാർക്ക് ഓണറേറിയം അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അനുവദിക്കുന്ന ഫണ്ട്, അതത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫിസറുടെ കാര്യാലയം വഴി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും അവിടെ നിന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്കും കൈമാറുന്നു. തുടർന്ന് ബന്ധപ്പെട്ട താലൂക്ക്/ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ഓഫിസ് വഴിയാണ് ബി.എൽ.ഒമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക നേരിട്ട് എത്തിക്കുന്നത്.






