spot_img
Saturday, October 10, 2026

സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; യോഗം 17ന്



തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ച് ആക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍വീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് നടത്തും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് യോഗം വിളിച്ചത്. അടുത്ത ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ച്ചക്ക് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കാനാണ് നീക്കം. ശനിയാഴ്ച അവധി നല്‍കുന്നതിനെ വിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു. എന്നാല്‍ നിലവിലുള്ള പൊതു അവധികളും കാഷ്വല്‍ ലീവുകളും ചുരുക്കുന്നതിനെ ചില സംഘടനകള്‍ എതിര്‍ത്തിട്ടുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങള്‍ ഈ മാസം 12നകം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ഭരണം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസം, രണ്ട് അവധി ദിനം എന്ന നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കാനാലോചിക്കുന്നത്. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കമ്മീഷനും വി എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സര്‍വീസ് സംഘടകള്‍ ഉള്‍പ്പെടെ പങ്കെടുക്കും. അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ എന്നതിനോട് ഇടതുസംഘടനകള്‍ക്കും വലതു സംഘടനകള്‍ക്കും യോജിപ്പാണ്. ജീവനക്കാരുടെ ലീവ് ഉള്‍പ്പടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍ പ്രതികരിച്ചു.അതേസമയം, പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചാല്‍ ജനങ്ങള്‍ക്ക് സേവനം കിട്ടേണ്ട ദിവസങ്ങള്‍ കുറയുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആഴ്ചയില്‍ അവധി ദിനം രണ്ടാക്കുന്നതോടെ ലീവുകള്‍ വെട്ടിക്കുറയ്ക്കപ്പെടുന്ന നിര്‍ദേശത്തോട് സര്‍വീസ് സംഘടനകള്‍ യോജിച്ചേക്കില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles