കോഴിക്കോട്: കേരളത്തിലെ മുഴുവൻ മഹല്ലുകൾക്കും മസ്ജിദുകൾക്കും ഉപയോഗപ്പെടുത്താവുന്ന അത്യാധുനിക സോഫ്റ്റ്വെയർ ‘സാദ്’ (സെനിത് ഓഫ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഡെവലപ്മെന്റ്) പ്രകാശനം ചെയ്തു. മസ്ജിദ് കൗൺസിൽ കേരളയുടെ നേതൃത്വത്തിൽ വികസിപ്പിച്ച മസ്ജിദ് സോഫ്റ്റ്വെയർ കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇസ്ലാമിക പണ്ഡിതൻ മുഫ്തി അമീൻ മാഹി സമർപ്പിച്ചു.മസ്ജിദുകളുടെ ഭരണനിർവഹണ പ്രവർത്തനങ്ങൾക്ക് പുറമെ വിദ്യാഭ്യാസ, സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്ന ആധുനിക നെറ്റ്വർക്കായി സാദ് പ്രവർത്തിക്കും. വെക്കേഷൻ മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, സ്കോളർഷിപ്പ് വിതരണം, തൊഴിൽരഹിതരുടെ ഡാറ്റാബേസ് രൂപവത്കരണം, നൈപുണ്യ വികസന പദ്ധതികൾ, സന്നദ്ധ സേവനങ്ങൾ, ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി, പാലിയേറ്റീവ് സംരക്ഷണം, ദുരന്തനിവാരണം, മയ്യിത്ത് പരിപാലനം എന്നിവക്കുള്ള ഓട്ടോമേഷൻ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ, മസ്ജിദ് കൗൺസിൽ കേരള ചെയർമാൻ അബ്ദുൽ ഹകീം നദ്വി, എൻജിനീയർ മമ്മദ് കോയ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് തുടങ്ങിയവർ സംബന്ധിച്ചു.






