കോഴിക്കോട്: പ്രവാസികൾക്കായി നിലവിലുള്ള വായ്പ-സബ്സിഡി പദ്ധതികളിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കാൻ കാലാനുസൃത മാറ്റങ്ങൾ നടപ്പാക്കുമെന്നും ഇത് സംബന്ധിച്ച് നോർക റൂട്ട്സ് സമർപ്പിച്ച എൻ.ഡി.പി.ആർ.ഇ.എം പുതിയ കരട് മാർഗരേഖ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. കുന്ദമംഗലം എം.എൽ.എ എം.എ റസാഖ് മാസ്റ്ററുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.തിരിച്ചെത്തിയ പ്രവാസികളുടെ സാമ്പത്തിക പുനരധിവാസത്തിനായി നോർക റൂട്ട്സ് മുഖേന എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നുണ്ട്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 30 ലക്ഷം രൂപവരെ വായ്പ സഹായവും പദ്ധതി ചെലവിന്റെ 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ), വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്ക് ആദ്യ നാല് വർഷത്തേക്ക് മൂന്ന് ശതമാനം പലിശ ഇളവും പദ്ധതി പ്രകാരം നിലവിൽ നൽകിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.






