പെരിന്തൽമണ്ണ: കുടുംബപ്രശ്നത്തെ തുടർന്ന് രണ്ട് കുട്ടികളുമായി പാതിരാത്രി പുഴയിൽ ചാടാൻ നിന്ന യുവതിക്ക് പൊലീസ് രക്ഷകരായി. വ്യാഴാഴ്ച അർധരാത്രി പെരിന്തൽമണ്ണ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെയാണ് സംഭവം. പട്രോളിങ്ങിനിടെ മങ്കടയിൽ കനത്ത മഴയിൽ സ്ത്രീയും രണ്ട് കുട്ടികളും മഴ നനഞ്ഞ് പുഴയുടെ തീരത്ത് നിൽക്കുന്നത് കണ്ട പൊലീസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കുഞ്ഞുങ്ങളുമായി ജീവിതം അവസാനിപ്പിക്കാൻ നിൽക്കുകയാണെന്ന് വ്യക്തമായത്. പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ വന്നതാണെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. ഉടൻ തന്നെ അനുനയിപ്പിച്ച് ഇവരുടെ താമസ സ്ഥലത്തേക്ക് കൊണ്ടുവന്നു.
കുട്ടികളുമായി പുഴയിൽ ചാടാൻ നിന്ന യുവതിക്ക് പൊലീസ് രക്ഷകരായി.
ഭർത്താവുമായുള്ള അസ്വാരസ്യമാണ് കാരണമെന്നറിഞ്ഞ പൊലീസ് ഭർത്താവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. യുവതി താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപമുള്ളവരെ പൊലീസ് വിളിച്ചുണർത്തി കാര്യങ്ങൾ ധരിപ്പിച്ച് അവരുടെ ശ്രദ്ധയിൽപെടുത്തിയാണ് മടങ്ങിയത്. വെള്ളിയാഴ്ച രാവിലെ പൊലീസ് ഇടപെട്ട് ഇവരെ ആശുപത്രിയിലെത്തിച്ചു. സിവിൽ പൊലീസ് ഓഫിസർ സുരേന്ദ്രൻ, മങ്കട സ്റ്റേഷൻ വനിത എ.എസ്.ഐ ജിഷ, സ്ക്വാഡ് അംഗം പ്രശാന്ത് എന്നിവരാണ് സി.ഐക്ക് പുറമെ പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പൊലീസിന്റെ കണ്ണിൽപെട്ടതിനാൽ മാത്രമാണ് യുവതിയും കുഞ്ഞുങ്ങളും രക്ഷപ്പെട്ടതെന്ന് സി.ഐ പറഞ്ഞു.






