കോഴിക്കോട്: ജില്ലയിലെ കൗമാരങ്ങൾ ബൂട്ടണിഞ്ഞ് ട്രാക്കിൽ പോരിനിറങ്ങി. ജില്ല സ്കൂൾ കായിക മേളക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നാന്ദിയായി. ആദ്യദിനം 28 വിഭാഗങ്ങളിലെ മത്സരം പൂർത്തിയായപ്പോൾ 87 പോയിന്റുമായി മുക്കം ഉപജില്ല ബഹുദൂരം മുന്നേറി ഒന്നാംസ്ഥാനത്തെത്തി. ഇവർ 11 സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവും നേടി. 32 പോയന്റുമായി പേരാമ്പ്ര ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇവരുടെ സമ്പാദ്യം.23 പോയിന്റുമായി ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനത്തെത്തി. മൂന്ന് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി. മുക്കം പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് സ്കൂൾ 64 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നിലെത്തി. ഇവർ ഒമ്പത് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി. 17 പോയിന്റുമായി ചേവായൂർ തലക്കുളത്തൂർ സി.എം.എം.എച്ച്.എസ് രണ്ടാം സ്ഥാനം നേടി. തൊട്ടുപിന്നിൽ 16 പോയിന്റുമായി പേരാമ്പ്ര കുളത്തുവയൽ സെന്റ് ജോർജസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുണ്ട്.വെള്ളിയാഴ്ച രാവിലെ മേയർ ഒ. സദാശിവൻ കായികമേള ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് അധ്യക്ഷത വഹിച്ചു. കമാൽ വരദൂർ മുഖ്യാതിഥിയായി.വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.എസ് അമൃത സ്വാഗതം പറഞ്ഞു. കൗൺസിലർ ഷീതു, ആർ.ഡി.ഡി സുധ എസ്, വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടർ റസീന കെ. മുഹമ്മദ് ഷെരീഫ്, എൻ. ആശിഷ്, ഡോ. എം. ഷിംജിത്ത്, വി. ഷാനവാസ് എന്നിവർ സംസാരിച്ചു.






