spot_img
Saturday, October 17, 2026

ഉമ്മാ… ഞാൻ നാളെ വരും, ടിക്കറ്റ് കിട്ടി’; മൈസൂരുവിന് സമീപം വാഹനാപകടത്തിൽ മരിച്ച അഫ്താബ് വീട്ടിലെത്തിയത് ചേതനയറ്റ ശരീരമായി.



കോഴിക്കോട്: ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ എസി. സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികളടക്കം നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സങ്കടനിമിഷങ്ങൾ താങ്ങാനാവാതെ ബേപ്പൂർ അരക്കിണർ നിവാസികൾ. പൂജാ അവധിയുടെ തിരക്കു കാരണം അവസാന നിമിഷമാണ് മരണപ്പെട്ട അഫ്താബിന് കാവേരി ബസിൽ സീറ്റ് ലഭിച്ചത്. ‘നാളെ വീട്ടിലെത്തും’ എന്ന് വ്യാഴാഴ്ച രാത്രി ഉമ്മ ഷെമിയെ ഫോണിൽ വിളിച്ച് പറഞ്ഞ അഫ്താബ്, നാട്ടിലെത്തിയത് ചേതനയറ്റ ശരീരമായാണ്.

വാഴയൂർ സാഫി കോളേജിൽനിന്ന് ബയോടെക്‌നോളജി കോഴ്‌സ് കഴിഞ്ഞശേഷം എറണാകുളത്ത് ഉമ്മയുടെ വീട്ടിലായിരുന്ന അഫ്താബ്, തത്കാലം ഒരു ടെക്‌സ്റ്റൈൽസിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. അപകടം നടക്കുന്ന ദിവസങ്ങൾക്ക് മുമ്പാണ് അഫ്താബ് സുഹൃത്തുക്കളെ കാണാൻ ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. പിന്നീട് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് ബസിൽ ലോറിയിടിച്ച് അഫ്താബ് ഉൾപ്പെടെ നാലുപേർ മരിച്ചത്.

കർണാടകയിലെ മൈസൂരു-മംഗളൂരു ദേശീയപാതയിൽ പെരിയപട്ടണക്ക് സമീപം കിരണഗള്ളിഗേറ്റിൽ വെള്ളിയാഴ്ച പുലർച്ചെ 3.45നാണ് സംഭവം. മഴയെത്തുടർന്ന് റോഡിലേക്ക് കടപുഴകി വീണ മരത്തിൽ തട്ടാതിരിക്കാൻ മൈസൂരു ഭാഗത്തേക്ക് വരികയായിരുന്ന ലോറി വെട്ടിച്ചപ്പോഴാണ് എതിരെ വന്ന കാവേരി ട്രാവൽസ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.കോഴിക്കോട് ബേപ്പൂർ അരക്കിണർ അഫ്താബ് മൻസിലിൽ ഹിഷാമിന്റെയും ഷെമിയുടെയും മകനാണ് മരിച്ച അഫ്താബ് (22), അഫ്താബിനെ കൂടാതെ കാവേരി ട്രാവൽസിലെ ജീവനക്കാരനും കോഴിക്കോട് മാങ്കാവ് ഉള്ളാട്ടിൽ പറമ്പിൽ ശിവന്റെയും ശ്യാമളയുടെയും മകൻ സജേഷ് (33), ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, മലപ്പുറം നിലമ്പൂർ പൂക്കോട്ടുപാടം കവളമുക്കട്ടയിലെ കുനിക്കാടൻ ആദമിന്റെയും റംലത്തിന്റെയും മകൻ ഷിബിൽ ആദം (32) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കാവേരി ട്രാവൽസിൽ ഏറെക്കാലമായി ജീവനക്കാരനായ സജേഷ് ബുധനാഴ്ചയാണ് മാങ്കാവ് കുറ്റിയിൽതാഴത്തെ വീട്ടിൽ വന്നു മടങ്ങിയത്. പുലർച്ചെതന്നെ അപകടവാർത്ത പുറത്തുവന്നതോടെ നാടൊട്ടുക്ക് പ്രാർഥനയിലായിരുന്നെങ്കിലും, ടി.വിയിലൂടെയാണ് മാതാപിതാക്കളായ ശിവനും ശ്യാമളയും മകന്റെ മരണവിവരമറിയുന്നത്. തകർന്നുപോയ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോലുമാകാതെ നാട്ടുകാരും വിങ്ങിപ്പൊട്ടി. സജേഷിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിക്ക് മാവൂർറോഡ് ശ്മശാനത്തിൽ സംസ്‌കരിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles