കോഴിക്കോട്: ക്ഷേമപെൻഷൻ വിതരണം ആധാർ അധിഷ്ഠിത ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) സംവിധാനത്തിലേക്ക് മാറിയതോടെ മത്സ്യത്തൊഴിലാളികൾക്കുള്ള പെൻഷൻ വിതരണം അവതാളത്തിലായതായി ആക്ഷേപം. രണ്ടു മാസമായി പലർക്കും പെൻഷൻ മുടങ്ങിയ അവസ്ഥയാണ്. ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കൽ, എൻ.പി.സി.ഐ മാപ്പിംഗ്, ഇ-കെ.വൈ.സി, ഡി.ബി.ടി സീഡിങ് തുടങ്ങിയ നടപടിക്രമങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളുടെ ഭാഗമാണ്. ഇതേക്കുറിച്ച് അജ്ഞരായ മത്സ്യത്തൊഴിലാളികളാണ് പെൻഷൻ ലഭിക്കാതെ ദുരിതത്തിലായത്.
പ്രായമായവരിൽ പലർക്കും ദീർഘദൂരം യാത്ര ചെയ്യാനും മണിക്കൂറുകളോളം ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും കാത്തുനിൽക്കാനും കഴിയാത്തതാണ് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കപ്പെടാൻ കാരണം. പാസ്ബുക്കുമായി പഞ്ചായത്ത് ഓഫീസുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കയറിയിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം സംബന്ധിച്ച നിർദേശങ്ങൾ താഴെത്തട്ടിൽ ലഭിക്കാത്തതുകാരണം ജീവനക്കാർ കൈമലർത്തുകയാണ്. പോർട്ടലുകളിലെ അപ്ഡേറ്റുകളും നടപടിക്രമങ്ങളും വൈകുന്നതും പെൻഷൻ ലഭിക്കാൻ തടസ്സമാകുന്നു.സ്ഥിരമായ പ്രതിമാസ വരുമാനമില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വാർധക്യകാല പെൻഷൻ മരുന്നിനും ഭക്ഷണത്തിനും ദൈനംദിന ആവശ്യങ്ങൾക്കുമുള്ള ആശ്രയമാണ്. രണ്ടു മാസത്തെ പെൻഷൻ മുടങ്ങുന്നത് അക്കൗണ്ടിൽ പണം വരാത്തതെന്ന രൂപത്തിൽ ലളിതമായ പ്രശ്നമായി കാണാനാവില്ലെന്ന് തീരമേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ വ്യക്തമാക്കുന്നു. കടം വാങ്ങേണ്ടിവരിക, ചികിത്സ മാറ്റിവെക്കുക, വീട്ടിലെ മറ്റ് ആവശ്യങ്ങൾ വെട്ടിക്കുറയ്ക്കുക തുടങ്ങിയ ഗുരുതര പ്രശ്നങ്ങളാണ് വാർധക്യ കാലത്ത് തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്.പെൻഷൻ തടസ്സം നേരിടുന്നവരെ കണ്ടെത്തി കുടിശ്ശിക വിതരണം ചെയ്യണമെന്നതാണ് അവരുടെ ആവശ്യം. ബാങ്ക് അക്കൗണ്ട്, ആധാർ ബന്ധിപ്പിക്കൽ, എൻ.പി.സി.ഐ മാപ്പിങ്, ഇ-കെ.വൈ.സി തുടങ്ങിയ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കുന്നതിന് അപേക്ഷ നൽകാനും ഗുണഭോക്താക്കളെ സഹായിക്കുന്നതിന് തീരദേശത്ത് പ്രത്യേക സഹായകേന്ദ്രങ്ങൾ ആരംഭിക്കണം. ഓരോ മത്സ്യഭവനിലും പ്രാദേശിക കേന്ദ്രങ്ങളിലും ഡി.ബി.ടി സഹായകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാവുന്നതാണ്. അപേക്ഷ നൽകിയാൽ അതിന്റെ പുരോഗതി അറിയാനുള്ള സംവിധാനം വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.വീടുകളിലെത്തുന്ന സേവനങ്ങൾ വ്യാപിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. ആരോഗ്യപരമായോ പ്രായാധിക്യം മൂലമോ ബാങ്കിലെത്താൻ കഴിയാത്ത വയോധികർക്കായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഉൾപ്പെടെയുള്ള ലഭ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ആധാർ അധിഷ്ഠിത ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കാൻ കഴിയുന്നിടത്ത് അതിനുള്ള ക്രമീകരണം ഒരുക്കണം. ഇതിനായി ബാങ്കുകൾ, തദ്ദേശസ്ഥാപനങ്ങൾ, ഫിഷറീസ് വകുപ്പ് എന്നിവ ഏകോപനത്തോടെ പ്രവർത്തിപ്പിക്കുന്നതിനും സംവിധാനമൊരുക്കണം.ഡിജിറ്റൽ സാക്ഷരത ദീർഘകാല പദ്ധതിയാക്കിയാലേ ഇത്തരം പരിഷ്കാരങ്ങൾ സുതാര്യമായി നടപ്പാക്കാനാവൂ എന്ന് മത്സ്യമേഖലയിൽ ഗവേഷണം നടത്തുന്ന എൻ.പി. ഹംസ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കൾ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അക്ഷയ കേന്ദ്രങ്ങൾ എന്നിവരുടെ സഹകരണത്തോടെ തീരദേശ വാർഡുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. ബാങ്ക് അക്കൗണ്ട് പരിശോധിക്കൽ, ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷ, ഒ.ടി.പി തട്ടിപ്പുകൾ തിരിച്ചറിയൽ, സർക്കാർ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകണമെന്ന ആവശ്യവും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






