കോഴിക്കോട്:കൗമാര കായിക പ്രതിഭകളുടെ വസന്തോത്സവത്തിന് കോഴിക്കോട് സുസജ്ജം. 68-ാമത് കേരള സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ (ഒക്ടോബര്‍ 25) വൈകിട്ട് നാല് മണിക്ക് കോഴിക്കോട് എന്‍.ഐ.ടി. സ്റ്റേഡിയത്തില്‍ കൊടിയേറും. 15 വർഷങ്ങൾക്കു ശേഷമാണ് കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആതിഥ്യമരുളുന്നത്. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിക്കുന്നത്.സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 10,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉള്‍പ്പെടെ 15,000-ലേറെ പേര്‍ പങ്കെടുക്കുന്ന ഏഴുദിവസത്തെ കായിക മാമാങ്കത്തിനാണ് ജില്ല വേദിയാകുന്നത്. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും നാളത്തെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മേളയ്ക്ക് തിരി തെളിയിക്കും.പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും മേളയുടെ ബ്രാന്‍ഡ് അംബാസഡറുമായ ഒളിമ്പ്യന്‍ ഡോ. പി.ടി. ഉഷ എം.പി. ദീപശിഖ തെളിയിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, കെ എം ഷാജി, പി കെ ബഷീർ, ഒ ജെ ജനീഷ്, ടി സിദ്ദിഖ് എന്നിവർ മുഖ്യാതിഥികളാവും. എം.പി.മാരായ പ്രിയങ്ക ഗാന്ധി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, കോർപറേഷൻ മേയർ ഒ. സദാശിവൻ എന്നിവർ വിശിഷ്ട സാന്നിദ്ധ്യമാകും. സംഘാടക സമിതി ചെയര്‍മാന്‍ എം.എ. റസാഖ് മാസ്റ്റര്‍ എം.എല്‍.എ. സ്വാഗതം ആശംസിക്കും. അഡ്വ. കെ. പ്രവീൺകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.നാലായിരത്തോളം കായികതാരങ്ങള്‍ അണിനിരക്കുന്ന ആകര്‍ഷകമായ മാര്‍ച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും.മേളയുടെ ഭാഗമാകാനായി എത്തുന്നവര്‍ക്കായി 50-ലധികം സ്‌കൂളുകളിലായി 750-ഓളം ക്ലാസ് മുറികളാണ് താമസത്തിനായി സജ്ജമാക്കിയിട്ടുള്ളത്. കുടിവെള്ളവും ശുചിത്വവും സുരക്ഷയും പൂര്‍ണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. താരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കാന്‍ ‘ഒളിമ്പിക്സ് എക്സ്പ്രസ്’ എന്ന പേരില്‍ പ്രത്യേക ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പോഷകസമ്പന്നമായ ഭക്ഷണം എല്ലാ വേദികളിലും സമയബന്ധിതമായി എത്തിക്കും. 17 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം.ഒക്ടോബര്‍ 31-ന് വൈകിട്ട് 4 മണിക്ക് എന്‍.ഐ.ടി. സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. എന്‍. ഷംസുദ്ധീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ചു ബോബി ജോര്‍ജ് വിശിഷ്ടാതിഥിയാകും. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്യും.






