പേരാമ്പ്ര : ബൈപാസിൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു. നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും. തരം മാറ്റം ലഭിച്ച സ്ഥലങ്ങളും അനുമതി ഇല്ലാത്തതുമായ സ്ഥലങ്ങളാണ് പൂർണമായി മണ്ണിട്ട് നികത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഏക്കർ കണക്കിന് സ്ഥലമാണ് നികത്തിയത്. ഭൂമാഫിയ സംഘങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു. കാലങ്ങളായി കൃഷി ചെയ്യാതിരുന്ന വയൽ പ്രദേശത്തു കൂടിയാണ് 2023ൽ പേരാമ്പ്ര ബൈപാസ് നിർമിച്ചത്. ബൈപാസ് വന്ന ശേഷം സ്ഥലത്തിന് വില വർധിച്ചതാണ് തണ്ണീർ തടങ്ങൾ പോലും മണ്ണിട്ട് നികത്തി വിൽക്കാൻ ശ്രമിക്കുന്നതിനു കാരണം. ഇതിനായി ഒരു സംഘം തന്നെ പേരാമ്പ്രയിൽ പ്രവർത്തിക്കുന്നതായി പറയുന്നു.ബൈപാസ് നിർമാണത്തിനു ശേഷം റോഡിന്റെ രണ്ട് വശങ്ങളിലും മണ്ണിട്ട് നികത്തൽ തകൃതിയാണ്. ചില സ്ഥലങ്ങളിൽ നികത്തിയത് എടുത്ത് മാറ്റാൻ നോട്ടിസ് നൽകിയെങ്കിലും ഇതുവരെ മാറ്റിയിട്ടില്ല. രാത്രി മണ്ണിട്ട് നികത്തിയ സ്ഥലം പകൽ കാണാതിരിക്കാൻ റോഡിൽ മറ കെട്ടിയിരുന്നു. മനോരമ വാർത്തയെ തുടർന്ന് നാട്ടുകാരും രാഷ്ട്രീയ പാർട്ടി നേതാക്കളും എത്തി എടുത്തു മാറ്റിയപ്പോഴാണ് പ്രധാന തണ്ണീർത്തടം നികത്തിയത് ജനങ്ങൾ കാണുന്നത്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിലും റവന്യു അധികാരികൾക്കും പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഞ്ഞാണ്യം വില്ലേജ് ഓഫിസർമാരുമായി പ്രശ്നം ചർച്ച ചെയ്തു. രാത്രി പേരാമ്പ്ര ബൈപാസിലെ തണ്ണീർ തടങ്ങൾ നികത്തുന്നതിന് എതിരെ നടപടി സ്വീകരിക്കാൻ റവന്യു ഉദ്യോഗസ്ഥരോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. പെർമിറ്റ് ഇല്ലാത്ത സ്ഥലങ്ങൾ നികത്തിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുങ്കര ഇബ്രാഹിം, സെക്രട്ടറി ആർ.ജെ.അബ്ദുല്ല മിഥിലാജ്, ആർ.കെ.രജീഷ് കുമാർ, വി.കെ.നാസിദ, കെ.എം.ശ്രീനിവാസൻ, കെ.പി.യൂസഫ് എന്നിവർ പങ്കെടുത്തു. അടുത്ത ദിവസം വില്ലേജ് ഓഫിസർ മണ്ണിട്ട് നികത്തിയ സ്ഥലങ്ങൾ പരിശോധിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകും.






