മാവൂർ: ത്രിപുരയിൽ നടക്കുന്ന 75ാമത് അഖിലേന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇത്തവണ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (ആർ.പി.എഫ്) കരുത്ത് പകരാൻ മലയാളികളും. വിവിധ സംസ്ഥാനങ്ങളിലെ 40ഓളം പൊലീസ്, അർധ സൈനിക ഫുട്ബാൾ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആർ.പി.എഫ് മുമ്പ് രണ്ടുതവണ സെമി ഫൈനലിൽ എത്തിയിരുന്നു. ദക്ഷിണ റെയിൽവേയിൽനിന്ന് അഞ്ചുപേരാണ് ടീമിലിടം നേടിയത്.മാവൂർ ചെറൂപ്പ സ്വദേശി മുഹമ്മദ് ഇല്യാസാണ് മിഡ്ഫീൽഡിൽ ടീമിന്റെ വജ്രായുധം. പൊലീസ് ഗെയിംസിൽ മുമ്പ് സെമിഫൈനൽ വരെ എത്തിയ ടീമിൽ അംഗമായിരുന്ന ഇല്യാസാണ് ആർ.പി.എഫിലെ പരിചയ സമ്പത്തുള്ള മുതിർന്ന താരം. ദക്ഷിണ റെയിൽവേ ഫുട്ബാൾ ടൂർണമെന്റിൽ പാലക്കാട് രണ്ട് തവണ കിരീടം നേടുമ്പോൾ ക്യാപ്റ്റനായിരുന്ന ഇല്യാസ് ഇന്റർ റെയിൽവേ ടൂർണമെന്റിൽ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2025ൽ ദക്ഷിണ റെയിൽവേ ചാമ്പ്യന്മാർ ആകുമ്പോഴും ടീമിൽ പ്രധാന റോളിൽ ഉണ്ടായിരുന്നു. സേലം ഡിവിഷനിൽ കരൂരിൽ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി അനുരാജാണ് മിഡ്ഫീൽഡ് ജനറൽ. 2026ൽ ദക്ഷിണ മേഖല റെയിൽവേ ഫുട്ബാളിൽ സേലം ഡിവിഷൻ ചാമ്പ്യന്മാരാകുമ്പോൾ ടീം ക്യാപ്റ്റനായിരുന്നു അനുരാജ്. സേലം ഡിവിഷനിലെ ഈറോഡിൽ ജോലി ചെയ്യുന്ന കാസർകോഡ് തൃക്കരിപ്പൂർ സ്വദേശി വൈശാഖ് ഡിഫൻസിലും കണ്ണൂർ പാച്ചേനി സ്വദേശി പ്രണവ് മുൻനിരയിലും കളിക്കുന്നുണ്ട്. സതേൺ റെയിൽവേയിൽനിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട് മധുര സ്വദേശി കർണൻ ഗോൾ കീപ്പറാണ്.






