spot_img
Sunday, November 22, 2026

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.



കോഴിക്കോട് : സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും ഇനി ഓരോ റൂട്ടിലെയും സമയക്രമം നിശ്ചയിക്കുക. സ്വകാര്യ ബസുടമകളുടെ പ്രതിനിധികളുമായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.ഒരേ റൂട്ടിലെ ബസുകളുടെ എണ്ണം, ഗതാഗതത്തിരക്ക്, ട്രാഫിക് സിഗ്നലുകളിലെ കാത്തിരിപ്പ്, ബസ് സ്റ്റോപ്പുകളിലെ വൈകൽ തുടങ്ങിയവ കണക്കിലെടുത്ത് പുതിയ റണ്ണിങ് ടൈം അനുവദിക്കാനാണ് തീരുമാനം. എറണാകുളം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ബസുടമകളുമായുള്ള ചർച്ചകൾ പൂർത്തിയായി. മറ്റു ജില്ലകളിലും ബസുടമകളുമായി ചർച്ച തുടരുകയാണ്.ഒരു റൂട്ടിലൂടെ യാത്ര പൂർത്തിയാക്കാൻ ശരാശരി എത്രസമയം വേണ്ടിവരുന്നുവെന്നും ഗതാഗതക്കുരുക്കിലും സിഗ്നലുകളിലും എത്രനേരം ചെലവഴിക്കേണ്ടിവരുന്നു വെന്നും ജിപിഎസ് വിവരങ്ങളിലൂടെ മനസ്സിലാക്കാനാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ റൂട്ടിലെയും യഥാർഥ യാത്രാസമയം കണക്കാക്കും. കോഴിക്കോട് നഗരത്തിൽ സിറ്റി ബസുകൾക്ക് ഒരു കിലോമീറ്ററിന് മൂന്നുമിനിറ്റും നഗരത്തിന് പുറത്തുള്ള സർവീസുകൾക്ക് രണ്ടര മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഗതാഗതക്കുരക്കും മറ്റ് തടസ്സങ്ങളും കാരണം നിശ്ചിതസമയത്തിനുള്ളിൽ സർവീസ് പൂർത്തിയാക്കാൻ പലപ്പോഴും കഴിയാറില്ല. ആവശ്യത്തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകൾ കണ്ടെത്തി ചില ബസുകളുടെ റൂട്ട് മാറ്റുന്നതും പരിഗണനയിലുണ്ട്.സമയക്രമം പാലിക്കാനുള്ള സമ്മർദം ബസുകളുടെ അമിതവേഗത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ബസുകളുടെ ഓട്ടസമയം ശാസ്ത്രീയമായി പുനർനിർണയിക്കാൻ ഗതാഗതമന്ത്രി സി.പി. ജോൺ നിർദേശം നൽകിയത്. സമയക്രമത്തിലെ മാറ്റം എല്ലാ ജില്ലകളിലും വിശദമായ ചർച്ചകൾക്കുശേഷം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles