പത്തനംതിട്ട: ഇനി മുതൽ ശബരിമലയിലെ പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാൽ പിഴ. 5000 രൂപ പിഴ ചുമത്താനാണ് ശബരിമല എഡിഎമിൻ്റെ ഉത്തരവ്. ഡ്യൂട്ടി മജിസ്ട്രേറ്റ്മാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമായിരിക്കും പിഴ ചുമത്താനുള്ള അധികാരം. ഹൈക്കോടതി കർശനമായി ഇടപെട്ടിട്ടും ബോധവത്കരണം നടത്തിയിട്ടും പമ്പയിൽ തീർഥാടകർ തുണികൾ ഉപേക്ഷിക്കുന്നത് കുറവില്ലായിരുന്നു. ഇതിനെ തുടർന്നാണ് പിഴ ചുമത്താനുള്ള പുതിയ തീരുമാനം.ഇത്തവണത്തെ മണ്ഡലകാല തീർഥാടനത്തിൻ്റെ ആദ്യത്തെ മൂന്നുദിവസംകൊണ്ടുതന്നെ 23 ടണ്ണോളം തുണിമാലിന്യങ്ങളാണ് പമ്പയിൽനിന്ന് പുറത്തെടുത്തത്. പമ്പയിലും മറ്റ് പരിസരപ്രദേശങ്ങളിലും ബോർഡുകളും അറിയിപ്പുകളുമൊക്കെ ഉണ്ടെങ്കിലും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഒരുവിഭാഗം ഭക്തർ ഇപ്പോഴും പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നു. ഇതിന് ആചാരവുമായി യാതൊരു ബന്ധമൊന്നുമില്ലനിലവിൽ നദിയിൽനിന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് എടുത്തുനൽകുന്ന തുണികൾ ക്ലീൻ കേരള കമ്പനി കൊണ്ടുപോകും. ഈ തുണി നിലയ്ക്കലിൽ തന്നെ തരംതിരിക്കാൻ നാലു തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ വെള്ളത്തിൽ കുതിർന്ന തുണിയിലെ മണ്ണ് നീക്കി ഉണക്കും. അടിവസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനിയുടെ പ്ലാൻ്റിലെത്തിച്ച് പ്രോസസ് ചെയ്ത് സിമൻ്റ് ഫാക്ടറികൾക്ക് നൽകും. ബാക്കിയുള്ളവ ചവിട്ടിയും മറ്റും ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്കും നല്‍കും. മണലിലും ചെളിയിലും പുതഞ്ഞും പൊടിഞ്ഞും കിടക്കുന്ന തുണി മാലിന്യം വേര്‍തിരിച്ചെടുക്കുന്നത് ഏറെ ശ്രമകരമാണ്. കൃത്യമായി വേര്‍തിരിച്ചാല്‍ നീക്കിയെടുക്കാന്‍ എളുപ്പമാണെന്ന് ക്ലീന്‍ കേരള കമ്പനി എം.ഡി. ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു.ബുധനാഴ്ച പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലൽ സാനിറ്റേഷൻ സൊസൈറ്റിയുടെ പ്രവർത്തകർ തുണിമാലിന്യം നീക്കിയിരുന്നു. സീസൺ തീരുംവരെ തുണിമാലിന്യം നീക്കാൻ ആലപ്പുഴയിലെ ഒരു ഏജൻസിയിൽനിന്ന് 20 പേരെ ഇവിടെ എത്തിച്ചിട്ടുണ്ട്. ഇവരുടെ പോലീസ് ക്ലിയറൻസ് കഴിഞ്ഞു. ശബരിമലഭക്തർ പമ്പയിൽ വസ്ത്രമുപേക്ഷിക്കരുതെന്ന സന്ദേശം കെ.എസ്.ആർ.ടി.സി. ബസിലും സ്റ്റാൻഡിലും കേൾപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.






