മലപ്പുറം: വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പെൺകുട്ടിയുമായി ബന്ധപ്പെട്ട എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിലെന്ന് കണ്ടെത്തൽ.വൃക്കരോഗം ബാധിച്ച 17കാരിയുമായി ബന്ധപ്പെട്ടത് കാസർകോട്ടെ ഈ നമ്പറിൽ നിന്നാണ്. നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും. മെർക്കുറി കലർന്ന ക്രീം വിൽക്കുന്ന കാസർകോട്, മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.17കാരി നിയമ പോരാട്ടത്തിന്:_മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫെയ്സ് ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമ പോരാട്ടം ശക്തമാക്കുമെന്ന് ഇരയായ 17കാരി. താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് നൽകി. എഫ് ട്യൂൺ എന്ന ക്രീം ഇപ്പോൾ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അത് നിർത്തണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. താൻ അകപ്പെട്ടു, മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്നും അതുകൊണ്ടാണ് നിയമ പോരാട്ടത്തിനിറങ്ങിയതെന്നും 17കാരി വ്യക്തമാക്കി.കർശന നടപടിക്ക് ആരോഗ്യ വകുപ്പ്:സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പനയും വിതരണവും നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് കർശന നടപടികൾക്ക് ഒരുങ്ങുകയാണ്. നിലവിൽ നിർമ്മാണത്തിന് മാത്രമാണ് ലൈസൻസ് ആവശ്യമുള്ളത്. ഇനി മുതൽ കേരളത്തിൽ ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാർ നീക്കം. ഓൺലൈൻ വിൽപ്പനയ്ക്ക് ഉൾപ്പെടെ പ്രത്യേക മാർഗരേഖ തയ്യാറാക്കും.അനുവദിച്ചതിന്റെ 12,000 ഇരട്ടി മെർക്കുറി ആണ് ക്രീമിൽ കണ്ടെത്തിയതെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.






