തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഏകീകൃത നിയമ ഭേദഗതിയുമായി സംസ്ഥാന സര്‍ക്കാര്‍. വൈസ് ചാന്‍സലര്‍ നിയമനത്തിന്റെ പരമാവധി പ്രായപരിധി 70 വയസ്സ് ആക്കും. നിയമനം അഞ്ചുവര്‍ഷത്തേക്ക് മാത്രമായി നിശ്ചയിക്കും. ഒരു പ്രാവശ്യം നിയമിതനായ വ്യക്തിക്ക് പുനര്‍ നിയമനമുണ്ടാകില്ലെന്നും ഭേദഗതിയില്‍ നിര്‍ദ്ദേശമുണ്ട്. യുജിസി മാനദണ്ഡ പ്രകാരമാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ സര്‍വകലാശാല പ്രതിനിധി സിന്‍ഡിക്കേറ്റ് അല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നാകും. സ്ഥിര വൈസ് ചാന്‍സലര്‍ നിയമനത്തിനാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലാണ് ഭേദഗതി നടപ്പിലാക്കുന്നത്. വെറ്ററിനറി, ആരോഗ്യ സര്‍വകലാശാലകളെ ഭേദഗതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയില്‍ അവതരിപ്പിക്കുന്ന കരട് ബില്ലിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. 2026 സര്‍വകലാശാല ഭേദഗതി നിയമങ്ങള്‍ എന്ന പേരിലാണ് ബില്ല്.എഴുപതി വയസ് കഴിഞ്ഞവര്‍ക്ക് വൈസ്ചാന്‍സിലര്‍ അധിക ചുമതല പോലും നല്‍കില്ല എന്നാണ് പുതിയ ഭേദഗതി പ്രകാരമുള്ള നിര്‍ദ്ദേശം. നേരത്തെ നാല് വര്‍ഷമായിരുന്ന കാലവധിയാണ് അഞ്ച് വര്‍ഷമായി നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതും ആരോഗ്യ സര്‍വകലാശാലയില്‍ മോഹനന്‍ കുന്നുമ്മല്ലിന് പുനര്‍നിയമനം നല്‍കിയതും എല്ലാം വലിയ വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് പുനര്‍ നിയമനം ഇനി ഉണ്ടാകില്ലെന്ന വ്യവസ്ഥ പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തയിട്ടുള്ളത്. വരുന്ന ഡിസംബറില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ഭേദഗതി അവതരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.






