ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു.






