സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമവും കല്ലേറും ബോബേറും. അക്രമങ്ങളിൽ 170 പേർ അറസ്റ്റിലായി. സംസ്ഥാനത്താകെ 157 കേസുകൾ റജസിറ്റർ ചെയ്തു. ഏറ്റവും കൂടുതൽ കേസ് കണ്ണൂർ സിറ്റിയിലാണ്. പ്രതിരോധ നടപടികൾക്കായി 368 പേരെ കരുതൽ തടങ്കലിലാക്കി.
കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ലോറിയുടെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ നിന്നും തലശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായി എഡിജിപി അറിയിച്ചു. കണ്ണൂരിൽ മിൽമ ടീ സ്റ്റാൾ അടിച്ചുതകർത്തു. ജോലി ചെയ്യുകയായിരുന്ന അതിഥിത്തൊഴിലാളിക്ക് തലയ്ക്ക് പരുക്കേറ്റു. കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കല്യാശേരിയിൽ ബോംബുമായി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. ജനൽ ചില്ല് തകർന്നു. ഓഫിസിലെ കിടക്കയ്ക്ക് തീപിടിച്ചു.സ്കൂട്ടിയിലെത്തിയ രണ്ടുപേരാണ് പെട്രോൾ ബോംബ് എറിഞ്ഞത്. കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിച്ചു കയറ്റി. കോട്ടയം സംക്രാന്തിയിൽ ലോട്ടറി കട അടിച്ചുതകര്‍ത്തു. ചങ്ങനാശേരിയില്‍ ഡോക്ടര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ഈരാറ്റുപേട്ടയിലും സംഘർഷമുണ്ടായി. പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി.
തൃശൂർ ചാവക്കാട് ആംബുലൻസിനു നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകൾ അടിച്ചുതകർത്തു. നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് അക്രമത്തിൽ പരുക്കേറ്റു. ഹോട്ടലിനു മുൻപിൽ നിർത്തിയിട്ട ബൈക്കും അക്രമികൾ തകർത്തു.
സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. ലോറികൾക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവർമാർ ഉൾപ്പെടെ പത്തുപേർക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ ജിനുവിനു പരുക്കേറ്റു. അക്രമത്തെ തുടർന്ന് പല ജില്ലകളിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. പൊലീസ് സംരക്ഷണത്തിലാണ് ബസുകൾ ഓടുന്നത്.
മുൻ ഉത്തരവു ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നൽകി.






