spot_img
Thursday, April 16, 2026

പാമ്പിനെ പിടികൂടാൻ ‘സർപ ആപ്’, കേരളത്തിൽ ലൈസൻസ് നേടിയ 928 റെസ്ക്യൂവര്‍മാര്‍, 40 സ്ത്രീകളും



നേരത്തെ പാമ്പിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ തന്നെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ, 2020 -നുശേഷം ലൈസൻസ് നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടാനെത്തിത്തുടങ്ങിയതോടെ അതിൽ കുറവുണ്ടായി. ജില്ലയിൽ ഔദ്യോ​ഗികമായി, പരിശീലനം നേടിയ റെസ്ക്യൂവർമാരിലാർക്കും ഇതുവരെ പാമ്പിന്റെ കടിയേൽക്കുകയോ മറ്റ് അപകടങ്ങളുണ്ടാവുകയോ ചെയ്‍തിട്ടില്ല

പാമ്പിനെ പിടിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമെന്താണ്? അത് സുരക്ഷയാണ്. ആരുടെ സുരക്ഷ? കേരളത്തിലെ ഔദ്യോഗികമായി പരിശീലനം കിട്ടിയ റെസ്ക്യൂവർമാരോട് ചോദിച്ചാല്‍ അവര്‍ പറയും,

ഒന്ന്: പാമ്പിന്റെ സുരക്ഷ,

രണ്ട്: കൂടിനിൽക്കുന്ന ജനങ്ങളുടെ സുരക്ഷ,

മൂന്ന്: പാമ്പിനെ പിടിക്കാനെത്തിയിരിക്കുന്ന വ്യക്തിയുടെ സുരക്ഷ. ഇത് മൂന്നുമുണ്ടായാൽ മാത്രമേ, വിജയകരമായി ഒരു പാമ്പിനെ പിടികൂടി എന്ന് പറയാനാകൂ.

ഈ മൂന്നുകൂട്ടർക്കും അപകടമുണ്ടാവാത്ത വിധം പാമ്പിനെ പിടിക്കാനും അവയെ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് കേരള വനം വകുപ്പ് പാമ്പുപിടിത്തത്തിൽ ഔദ്യോ​ഗികമായി പരിശീലനം നൽകി വരുന്നത്. ഇങ്ങനെ പരിശീലനം നേടി പാമ്പുപിടിക്കാനിറങ്ങിയ 900 -ത്തിലധികം ആളുകൾ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിലുണ്ട്. അതിൽ തന്നെ നാൽപതോളം സ്ത്രീകളുമുണ്ട്

പൊതുജനങ്ങളും വനംവകുപ്പിലെ ജീവനക്കാരുമടക്കം ആളുകൾക്കാണ് പരിശീലനം നൽകിവരുന്നത്. കൊവിഡിനെ തുടർന്ന് ഒരു ദിവസമാണ് അവസാനമായി പരിശീലനം നൽകിയത്. അതിൽ എങ്ങനെ ശാസ്ത്രീയമായും സുരക്ഷിതമായും പാമ്പിനെ പിടികൂടാം എന്നതാണ് പരിശീലിപ്പിക്കുന്നത്.

പാമ്പിനെ കണ്ടാൽ എങ്ങനെ ഔദ്യോ​ഗികമായി വിവരമറിയിക്കുകയും പാമ്പുപിടിത്തക്കാരുടെ സഹായം തേടുകയും ചെയ്യുമെന്നതിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. അതിനായിട്ടാണ് കേ​ര​ള ഫോ​റ​സ്റ്റ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2021 -​ൽ ‘സ​ർ​പ്പ’ എ​ന്ന ആ​പ്പ് പ്രവർത്തനം തുടങ്ങിയത്.

ഔദ്യോ​ഗികപരിശീലനം നേടിയ റെസ്ക്യൂവർമാരാണ് പാമ്പിനെ പിടികൂടുന്നതിനായി ഇതുവഴിയെത്തുന്നത്. ലൊക്കേഷനടക്കം നൽകിയിട്ടുള്ള ആപിൽ പാമ്പുപിടിത്തക്കാരുടെയും ഓഫീസർമാരുടെയും വിവരങ്ങളെല്ലാം കൃത്യമായി നൽകിയിട്ടുണ്ട്. പാമ്പിനെ പിടികൂടുന്നത് മുതൽ അതിനെ സുരക്ഷിതമായി ഫോറസ്റ്റ് ഓഫീസറെ ഏൽപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്

സർപയുടെ തിരുവനന്തപുരം ജില്ലയിലെ കോർഡിനേറ്ററായിട്ടുള്ള ശരത് എം പറയുന്നത്, തിരുവനന്തപുരം ജില്ലയിൽ മാത്രം ഇങ്ങനെ പരിശീലനം ലഭിച്ചിട്ടുള്ള 35 -ഓളം റെസ്ക്യൂവർമാരുണ്ട് എന്നാണ്. അതിൽ, നാല് സ്ത്രീകളുമുണ്ട്.

സർപ ആപ്പിൽ പാമ്പിനെ കണ്ടതായി റിപ്പോർട്ട് ചെയ്‍തുകഴിഞ്ഞാൽ റെസ്ക്യൂവർമാർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. അതിൽ ലൊക്കേഷനടക്കം ലഭ്യമാണ്. റെസ്ക്യൂവർമാർ തന്നെ ആളുകളെ ബന്ധപ്പെടാറുണ്ട്. നേരത്തെ പാമ്പിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ തന്നെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, 2020 -നുശേഷം ലൈസൻസ് നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടാനെത്തിത്തുടങ്ങിയതോടെ അതിൽ കുറവുണ്ടായി.

ജില്ലയിൽ ഔദ്യോ​ഗികമായി, പരിശീലനം നേടിയ റെസ്ക്യൂവർമാരിലാർക്കും ഇതുവരെ പാമ്പിന്റെ കടിയേൽക്കുകയോ മറ്റ് അപകടങ്ങളുണ്ടാവുകയോ ചെയ്‍തിട്ടില്ല. റെസ്ക്യു ചെയ്യുമ്പോൾ പിവിസി പൈപ്പും കോട്ടൺ ബാഗും ഉപയോഗിക്കുന്നു. ഇങ്ങനെ കൃത്രിമമായ ഒരു മാളം ക്രിയേറ്റ് ചെയ്തതാണ് പാമ്പിനെ അതിനകത്തേക്ക് കയറ്റുന്നത്. പണ്ടുകാലങ്ങളിൽ കുപ്പികളിൽ പാമ്പിനെ കയറ്റുമായിരുന്നു കുപ്പിയിൽ കയറ്റുന്ന പാമ്പിന് പെട്ടെന്ന് മരണം സംഭവിക്കുന്നുണ്ട്.

പാമ്പിന് മരണം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് കുപ്പിയിൽ പാമ്പിനെ കയറ്റാതെ കോട്ടൻ ബാ​ഗ് പകരമായി ഉപയോ​ഗിക്കുന്നത്. അതുപോലെ, നേരത്തെ പാമ്പിനെ എവിടെനിന്നും പിടികൂടുന്നു എവിടെ അതിനെ കൊണ്ടിടുന്നു എന്നതൊന്നും ആരും അറിയാറില്ല. എന്നാൽ, ആപ് വന്ന ശേഷം അതെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്നും ശരത് പറയുന്നു.

പ്ലേസ്റ്റോറിൽ നിന്നും സർപ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.പാമ്പുപിടിക്കാനായി ലൈസൻസ് നേടിയ റെസ്ക്യൂവർമാരുടെ ജില്ല തിരിച്ചുള്ള വിവരങ്ങളും നമ്പറും അടങ്ങിയ കേരള വനം വകുപ്പിന്റെ പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles