ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. 224 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി ബുധനാഴ്ചയായിരുന്നു പോളിങ്. രാവിലെ എട്ടു മുതൽ ഫലസൂചന അറിയാനാവും. ഉച്ചയോടെ ചിത്രം തെളിയും. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത്- 73.19 ശതമാനം.
2018 മേയിൽ 222 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- 78, ബി.ജെ.പി- 104, ജെ.ഡി-എസ്- 37, മറ്റുള്ളവർ-മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ്നില. തെരഞ്ഞെടുപ്പ് നീട്ടിവെച്ച രണ്ടു സീറ്റുകളിൽ 2018 നവംബറിൽ നടന്ന വോട്ടെടുപ്പിൽ ജയിച്ചതോടെ കോൺഗ്രസിന്റെ സീറ്റ് നില 80 ആയി ഉയർന്നു.എന്നാൽ, കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തിനൊടുവിൽ ബി.ജെ.പി- 120, കോൺഗ്രസ്- 69, ജെ.ഡി-എസ്- 32, സ്വതന്ത്രൻ -ഒന്ന്, ഒഴിഞ്ഞുകിടക്കുന്നത്- രണ്ട് എന്നിങ്ങനെയായി സീറ്റ് നില. കേവല ഭൂരിപക്ഷമായ 113 സീറ്റ് ആർക്കും നേടാനായില്ലെങ്കിൽ തൂക്കുമന്ത്രിസഭയാകും ഫലം. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. കോൺഗ്രസിനും ബി.ജെ.പിക്കും 100ൽ താഴെ സീറ്റ് ലഭിച്ചാൽ ജെ.ഡി-എസ് നിലപാട് നിർണായകമാവും






