കൊച്ചി: കൊച്ചി പുറംകടലിലെ ലഹരിവേട്ടയിൽ പാകിസ്താൻ ബന്ധത്തിന് വ്യക്തമായ തെളിവുകൾ. കപ്പലിൽനിന്ന് പിടിച്ചെടുത്ത 15,000 കോടിരൂപയുടെ ലഹരിമരുന്ന് പാകിസ്താനിലെ ഹാജി സലിം ഗ്രൂപ്പിന്റേതാണെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. മയക്കുമരുന്ന് പൊതിയാൻ ഉപയോഗിച്ചിരിക്കുന്ന കവർ ഉൾപ്പെടെയുള്ളവ പാകിസ്താനിൽ നിർമിച്ചവയാണെന്നും എൻ.സി.ബി. കണ്ടെത്തി.
പിടിതരാതെ കടന്നുകളഞ്ഞ മാഫിയസംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനും സംഘം അറബിക്കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും പരിശോധന തുടരുകയാണ്. എൻ.സി.ബി.യെ സഹായിക്കാൻ നാവികസേനയുമുണ്ട്.
പിടിച്ചെടുത്ത ലഹരിമരുന്നിന്റെയും മറ്റു സാധനങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ പിടിയിലായ പാകിസ്താൻ സ്വദേശിയുടെ അറസ്റ്റ് വൈകുകയാണ്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. തിങ്കളാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. മെത്താംഫെറ്റമിൻ എന്ന ലഹരിമരുന്നാണ് കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ഇതിനകം 2500 കിലോഗ്രാമിലേറെ ലഹരിമരുന്നിന്റെ കണക്ക് തിട്ടപ്പെടുത്തിയതായി എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്താനിലാണ് ലഹരിമരുന്ന് നിർമിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പിടികൂടിയ പെട്ടികളിലുള്ള മൂന്നുതരത്തിലുള്ള മുദ്രകളും പാകിസ്താൻ ബന്ധം വ്യക്തമാക്കുന്നതാണ്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാൻ കഴിയുംവിധമാണ് ലഹരിമരുന്ന് പൊതിഞ്ഞിരുന്നത്.
ലഹരിക്കടത്തിനുപിന്നിലെ സാമ്പത്തിക ഇടപാടുകളും തീവ്രവാദബന്ധത്തിനുള്ള സാധ്യതകളുമൊക്കെ അന്വേഷിക്കുന്നുണ്ട്.






