spot_img
Saturday, April 18, 2026

പ്ലസ് വൺ ക്‌ളാസുകൾ നാളെ (ബുധനാഴ്ച) ആരംഭിക്കും



സംസ്ഥാനത്ത് പ്ലസ് വൺ ക്‌ളാസുകൾ ജൂലൈ 5ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് സീറ്റിൽ 2,63,688 ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 18,735ഉം അൺ എയ്ഡഡിൽ 11,309ഉം പേർ പ്ലസ് വൺ പ്രവേശനം നേടിക്കഴിഞ്ഞു. മെറിറ്റ് സീറ്റിൽ പ്രവേശന വിവരങ്ങൾ നൽകാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്.

വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടി.സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകൾ അപേക്ഷ സമർപ്പണം ജൂലൈ 8 മുതൽ 12 വരെയാണ്. പ്ലസ് വൺ ക്ളാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ മന്ത്രി വി ശിവൻകുട്ടി മണക്കാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നേരിട്ടത്തി വിദ്യാർത്ഥികളെ കാണും. നാളെ രാവിലെ 9.30 നാണ് മന്ത്രി സ്‌കൂൾ സന്ദർശിക്കുക. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല

അതേസമയം കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം, ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്രയും നിരോധിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles