spot_img
Thursday, April 16, 2026

കണ്ണൂർ തോട്ടടയിൽ ഒരു യുവാവിന്റെ മരണത്തിനു കാരണമായ ബോബേറ് കേസിലെ പ്രതി അറസ്റ്റിൽ



കണ്ണൂർ: തോട്ടടയിൽ നടന്ന ബോംബെറിലെ പ്രധാന പ്രതി ആയ അക്ഷയ് ആണ് അറസ്റ്റിലായത്.തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് നടത്തി.

ഏച്ചൂർ സ്വദേശി അക്ഷയിനെയാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്കക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്കകടയിൽനിന്നാണ് അക്ഷയ് ഉൾപ്പെടെയുള്ളവർ പടക്കം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പടക്കങ്ങൾ വാങ്ങിയശേഷം ഇതെല്ലാം ഒരുമിച്ച് കൂട്ടിയാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിർമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാണ് പ്രതിയുമായി പടക്കകടയിൽ തെളിവെടുപ്പ് നടത്തിയത്.

അറസ്റ്റിലായ അക്ഷയിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി.കഴിഞ്ഞദിവസമാണ് തോട്ടടയിൽ വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബോംബേറുണ്ടായത്. ബോംബ് പൊട്ടി ഏച്ചൂർ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടു.

തല പൊട്ടിച്ചിതറിയ നിലയിലായിരുന്നു ജിഷ്ണുവിന്റെ മൃതദേഹം. സ്ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച നടന്ന വിവാഹസത്കാരത്തിനിടെയുണ്ടായ തർക്കവും അതിന്റെ പകയുമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെ പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടടയിലെ യുവാക്കളും ഏച്ചൂരിലെ യുവാക്കളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് കൈയാങ്കളിയിലും അടിപിടിയിലുമാണ് കലാശിച്ചത്.

പിന്നീട് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഞായറാഴ്ച ഏച്ചൂരിലെ സംഘത്തിൽപ്പെട്ട ചിലർ പ്രതികാരത്തിനായി ബോംബുമായി വരികയായിരുന്നു.വരന്റെ വീട്ടിലേക്ക് ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ നടന്നുപോകുന്നതിനിടെയാണ് ഏച്ചൂരിൽനിന്നുള്ള ചിലർ ബോംബെറിഞ്ഞത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതോടെ രണ്ടാമതൊരു ബോംബ് കൂടി എറിയുകയായിരുന്നു. ഇത് ഇവരുടെ സംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തിൽ വീണ് പൊട്ടിയെന്നാണ് നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് യുവാക്കൾ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം, പ്രതികളിലൊരാളയ മിഥുൻ എന്നയാൾ കേരളം വിട്ടതായാണ് സൂചന. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles