ഇന്ത്യയിലെ ഏറ്റവും വലുതും ആഴം കൂടിയതുമായ കാന്റീലിവർ (cantilever)ഗ്ലാസ് ബ്രിജ് ഇനി വാഗമണ്ണിൽ. 40 മീറ്ററാണ് ഇതിന്റെ നീളം. ഈ മാസം 25 ന് ഇത് സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. ഒരാൾക്ക് 500 രൂപയ്ക്ക് ഗ്ലാസ് ബ്രിജ് വോക്കിങ് ആസ്വദിക്കാം. വാഗമണ്ണിലെത്തുന്നവർക്കായി അഡ്വഞ്ചർ പാർക്കിലെ സൂയിസൈഡ് പോയിന്റിലാണ് ഗ്ലാസ് ബ്രിജ് ക്രമീകരിച്ചിരിക്കുന്നത്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന സാഹസിക വിനോദമാണ് ഗ്ലാസ് ബ്രിജ് വോക്കിങ്. ആഴമേറിയ താഴ്വരയോ പുഴയോ പോലുള്ള ഭാഗങ്ങള്‍ക്ക് മുകളിലൂടെയുള്ള സഞ്ചാരം ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഇത് മികച്ചൊരു അനുഭവമാകും.
കാന്റീലിവർ ഗ്ലാസ് ബ്രിജ്ഭീമാകാരമായ പോൾ സ്ട്രക്ചറിൽ മറ്റു സപ്പോർട്ടുകൾ ഒന്നും ഇല്ലാതെ വായുവിൽ നിൽക്കുന്ന മാതൃകയിൽ ഉരുക്ക് വടങ്ങൾ ഉപയോഗിച്ചു ബന്ധിപ്പിച്ചു നിർത്തിയാണ് ബ്രിജ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഈ പാലത്തിലൂടെ ഉള്ള യാത്ര സഹസികത നിറഞ്ഞതും പാലത്തിന്റെ അറ്റത്തു നിൽക്കുമ്പോൾ ലഭിക്കുന്ന “വ്യൂ ” ആരുടേയും മനംകവരുന്നതുമാണ്. കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരകാഴ്ച ആസ്വദിക്കാം. നാല് കോടിയോളം രൂപ ആണ് ഗ്ലാസ് ബ്രിജിന്റെ നിർമാണ ചെലവ്.
ഇടുക്കി ഡിടിപിസിയുടെ കീഴിൽ “കിക്കി സ്റ്റാർസ് ”ന്റെ സഹകരണത്തോടെ “ക്യാപ്ചർ ഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ” ആണ് ബ്രിഡ്ജ് ഡിസൈൻ ചെയ്ത് പണി പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഫ്ലോറ്റിങ് ബ്രിജ് പ്രൊജക്റ്റ് കോഴിക്കോട് ബേയ്പ്പൂർ കൊണ്ടുവന്നതും ക്യാപ്ച്ചർ ഡേയ്സ് ടീം ആയിരുന്നു






