പത്തനംതിട്ട: പെർമിറ്റ് ലംഘനം ആരോപിച്ച് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ്, ഉടമ ബേബി ഗിരീഷിനു വിട്ടു നൽകി. പെർമിറ്റ് ലംഘനത്തിനു ചുമത്തിയ 82,000 രൂപ അടച്ചതിനു പിന്നാലെ ബസ് വിട്ടു നൽകാൻ കോടതി ഉത്തരവ് വന്നിരുന്നു. തുടർന്നാണ് പിടിച്ചെടുത്ത് ഒരു മാസത്തിനു ശേഷം ബസ് വിട്ടു നൽകുന്നത്. 26ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരീഷ് അറിയിച്ചു. പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണു ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, പിഴത്തുക അടച്ചശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണു ബേബി ഗിരീഷ് കോടതിയെ സമീപിച്ചത്.നവംബർ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങിയെത്തിയപ്പോഴാണു വൻ പൊലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടർന്നു ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റി.






