spot_img
Friday, April 17, 2026

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം 18-ന്



കോഴിക്കോട് : നവകേരളസദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ 2000 വിദ്യാർഥികൾ പങ്കെടുക്കും. ഫെബ്രുവരി 18-ന് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനത്താണ് പരിപാടി. 50 വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം.തിരഞ്ഞെടുത്ത 10 വ്യത്യസ്തമേഖലയിൽനിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ആദ്യത്തേതാണ് വിദ്യാർഥികളുമായുള്ള മുഖാമുഖം പരിപാടി. രാവിലെ 9.30-ന് തുടങ്ങി 1.30 വരെ നീളും.ഉന്നതവിദ്യാഭ്യാസ മേഖലയിൽനിന്നുള്ള 2000 വിദ്യാർഥികൾ പങ്കെടുക്കുമെന്ന് ഇതുസംബന്ധിച്ച്‌ കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ചേർന്ന സംഘാടകസമിതി രൂപവത്കരണയോഗത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.വകുപ്പിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളിലുംപെട്ട, ഓരോ കോളേജിൽനിന്നും രണ്ട് വിദ്യാർഥികളെ പങ്കെടുപ്പിക്കണം.

വിദ്യാർഥി യൂണിയൻ ഉള്ള കോളേജുകളിൽനിന്ന് രണ്ടുപേരുമില്ലാത്ത കോളേജിൽനിന്നും ഒരാൾവീതവും പങ്കെടുക്കണം. ആകെയുള്ള വിദ്യാർഥികളിൽ പകുതിപേർ പെൺകുട്ടികൾ ആയിരിക്കണം. വകുപ്പിനുകീഴിൽ അല്ലാത്ത കേരള കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കും.ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാർഥികൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി അവർക്കത് എത്തിച്ചുനൽകുന്നതിന്റെ ഭാഗമായാണ് മുഖാമുഖമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.പങ്കെടുക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ഈ മാസം പത്തിനകം നൽകണമെന്ന് പരിപാടിയുടെ നോഡൽ ഓഫീസറായ ഉന്നതവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ. സുധീർ പറഞ്ഞു. വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ഒരുപുറത്തിൽ കവിയാതെ എഴുതി അപ്‌ലോഡ് ചെയ്യണം.അതിൽനിന്ന് തിരഞ്ഞെടുത്ത 50 പേർക്ക് മുഖമുഖത്തിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാം.മുഖ്യമന്ത്രിക്കൊപ്പം 10 വിദ്യാഭ്യാസ വിചക്ഷണർ വേദി പങ്കിടും. ഇവർ ഓരോരുത്തരും മൂന്നു മിനിറ്റ് സംസാരിക്കും.സംഘാടകസമിതിയോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ ബീനാ ഫിലിപ്പ്, സച്ചിൻദേവ് എം.എൽ.എ, ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ഗവാസ്, അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, വാർഡംഗം രമ്യാ സന്തോഷ്‌, എ. പ്രദീപ്‌ കുമാർ, കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. പ്രിയ, പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles