കോഴിക്കോട് : നഗരത്തിൽ നേരത്തേ പരിഗണനയിലുണ്ടായിരുന്ന ലൈറ്റ് മെട്രോക്ക് പകരം വെസ്റ്റ്ഹിൽ-രാമനാട്ടുകര, ബീച്ച്-മെഡിക്കൽ കോളേജ് റൂട്ട് പരിഗണിച്ച് സമഗ്രഗതാഗതപദ്ധതി. എന്നാൽ, മെട്രോയായിരിക്കുമോ, ലൈറ്റ് മെട്രോയായിരിക്കുമോ എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.നഗരത്തിന്റെ സമഗ്ര മൊബിലിറ്റി പ്ലാനുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെട്രോയായിരിക്കും കോഴിക്കോടിന് ഉചിതമെന്ന നിർദേശമാണ് യോഗത്തിലുയർന്നത്. കരട് പ്ലാനാണ് ചർച്ചചെയ്തത്. നേരത്തേ മീഞ്ചന്ത മുതൽ മെഡിക്കൽ കോളേജ് വരെയാണ് ലൈറ്റ് മെട്രോ ആസൂത്രണം ചെയ്തതും വിശദപദ്ധതിരേഖ തയ്യാറാക്കിയതും. എന്നാൽ, അന്നത്തേതിൽനിന്ന് നഗരം ഏറെ മാറിയതിനാൽ പ്രാഥമികപഠനം നടത്തിയാണ് ഇപ്പോഴുള്ള പാത പരിഗണിച്ചത്. കോർപ്പറേഷൻ, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന 210 ചതുരശ്ര കിലോമീറ്ററാണ് സമഗ്രമൊബിലിറ്റി പ്ലാനിന്റെ പഠനമേഖല. ഇവിടെ 10.63 ലക്ഷമാണ് ജനസംഖ്യ.
ആദ്യഘട്ടമെന്ന രീതിയിൽ രണ്ട് പാതകൾ (മാസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) ആണ് പരിഗണിക്കുന്നത്. വെസ്റ്റ്ഹിൽ-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂർ-രാമനാട്ടുകര വരെ 19 കിലോമീറ്റർ, ബീച്ച്-തൊണ്ടയാട്-മെഡിക്കൽ കോളേജ് വരെ 8.1 കിലോമീറ്റർ എന്നിങ്ങനെയാണ് പാത. ഇതിനുമാത്രം 5400 കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട്-മൂന്ന് ഘട്ടങ്ങളിലായി നടക്കാവ്-കുന്ദമംഗലം (12.8 കി.മീ.), വേങ്ങേരി-രാമനാട്ടുകര (17.2 കി.മീ.) യുമാണ് പരിഗണിക്കുന്നത്. മൊബിലിറ്റി ഹബ്ബും വേണ്ടിവരും.മ
ന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, മേയർ ബീനാ ഫിലിപ്പ്, കളക്ടർ സ്‌നേഹിൽകുമാർ സിങ്, സബ് കളക്ടർ ഹർഷിൽ ആർ. മീണ, പോലീസ് കമ്മിഷണർ രാജ്പാൽ മീണ, ഡി.സി.പി. അനൂജ് പലിവാൾ, കൊച്ചി മെട്രോ റെയിൽ ഡയറക്ടർ (പ്രോജക്ട്സ്) എം.പി. രാംനവാസ്, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ടി.ജി. ഗോകുൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.






