കോഴിക്കോട്: ഗുരു വാഗ്ഭടാനന്ദൻ വിത്തുപാകിയ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷത്തില്‍ അന്താരാഷ്ട്ര സഹകരണ ഉച്ചകോടിയും സുസ്ഥിര നിർമ്മാണങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര ഗവേഷണസെമിനാറും പൊതുനിർമ്മാണങ്ങളുടെ സോഷ്യല്‍ ഓഡിറ്റും ഉള്‍പ്പെടെ വൈവിദ്ധ്യമാർന്ന നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ പാലേരി രമേശൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 13ന് വൈകിട്ട് 3. 30നു വടകര മടപ്പള്ളി ജി.വി.എച്ച്.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുക. കോ-ഓപ്പറേറ്റീവ് ഫെസ്റ്റിവല്‍, സഹകരണപ്രദർശനം, ചരിത്രപ്രദർശനം, പുസ്തകോത്സവം തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
സൊസൈറ്റിയുടെ ചരിത്രം, ആഗോളതലത്തിലെ മറ്റു സഹകരണമാതൃകകള്‍, നിമ്മാണം, ആർക്കിടെക്ചർ, ടൂറിസം മേഖലകളിലെ മുന്നേറ്റങ്ങള്‍, സഹകരണമേഖലയെപ്പറ്റിയുള്ള ചർച്ചകള്‍, കലാസാംസ്‌ക്കാരികപരിപാടികള്‍ തുടങ്ങിയവയെല്ലാം ചേർന്ന് വിപുലമായിരിക്കും. നൂറു വർഷത്തെ അടയാളപ്പെടുത്തുന്ന ഒരു സിവില്‍ മാർവെല്‍ എൻജിനീയർമാരുടെ സഹായത്തോടെ പടുത്തുയർത്തും. സഹകരണമേഖല, നിർമ്മാണരംഗം, വാഗ്ഭടാനദദർശനങ്ങള്‍, പുതിയ നിർമ്മാണസാമഗ്രികള്‍, പറമ്പരാഗത കലാകരകൗശലരംഗം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണഫെലോഷിപ്പുകള്‍ ഏർപ്പെടുത്തും.
ഇന്ത്യയിലെയും ലോകത്തെയും സർവകലാശാലകളില്‍ വാഗ്ഭടാനന്ദദർശനം പരിചയപ്പെടുത്തുന്ന സെമിനാറുകള്‍ നടത്തും. വാഗ്ഭടാനന്ദ ഗവേഷണകേന്ദ്രം, സർവകലാശാലകളില്‍ വാഗ്ഭടാനന്ദ ചെയർ തുടങ്ങിയവയും ആലോചനയിലുണ്ട്.
തൊഴിലാളികളുടെ നൈപുണ്യത്തിലും ഉയർന്ന വേതനത്തിലും ആനുകൂല്യങ്ങളിലും ക്ഷേമത്തിലും മുഖ്യ ഊന്നല്‍ നല്‍കി പ്രവർത്തിക്കുന്ന സൊസൈറ്റി തൊഴിലാളികള്‍ക്കുള്ള പാർപ്പിടനിർമ്മാണം, തുടർപഠനം, മക്കള്‍ക്ക് രാജ്യത്തെ ഉന്നതവിദ്യാലയങ്ങളില്‍ പ്രധാനകോഴ്‌സുകള്‍ക്ക് സ്‌കോളർഷിപ്, ആരോഗ്യസർവേ, ജീവിതശൈലീരോഗ പ്രതിരോധം, സൊസൈറ്റിക്ക് സ്വന്തം കായികടീമുകള്‍, കായികപരിശീലനം, കലാപരിശീലനം തുടങ്ങിയ പുതിയ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎല്‍ ടെക്‌നിക്കല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് തുടങ്ങാനും തീരുമാനമുണ്ട്. കൂടാതെ തൊഴിലാളികളുടെ കുടുംബസംഗമം, കലാമേള തുടങ്ങിയവും ആഘോഷത്തിന്റെ ഭാഗമാണ്.
കൃഷി, ടൂറിസം രംഗങ്ങള്‍ ബന്ധപ്പെടുത്തി ഒരു മാതൃകാ കൃഷിയിടമോ മാതൃകാഗ്രാമമോ വികസിപ്പിക്കല്‍, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാൻ ലോകനിലവാരത്തില്‍ നൈപുണ്യം നല്കി വിവിധമേഖലകളില്‍ ലേബർ ബാങ്കുകള്‍ക്കു രൂപം നല്‍കല്‍, പൊതുജനങ്ങള്‍ക്കായി സോളാർ പദ്ധതി ഉള്‍പ്പെടെ വിവിധ സേവന, ശാക്തീകരണ, വികസനപദ്ധതികള്‍ എന്നിങ്ങനെ വേറെയും പരിപാടികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇവയ്ക്കും വൈകാതെ അന്തിമരൂപം നല്‍കും.
2025 ഫെബ്രുവരി 13നു വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ക്കു പരിസമാപ്തിയാകും. ഉദ്ഘാടന സമ്മേളനത്തിനുശേഷം അതേ വേദിയിലും മടപ്പള്ളി കോളേജ് ഗ്രൗണ്ടിലും കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.
ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ നയിക്കുന്ന മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെ ‘നെയ്ത്ത്’ എന്ന നൃത്തവിസ്മയത്തോടെ വൈകിട്ട് 6ന് കലാസന്ധ്യയ്ക്കു തുടക്കമാകും. തുടർന്ന് അതേ വേദിയില്‍ ഏഴുമണിക്കു നടക്കുന്ന ‘മെലഡി നൈറ്റ്’ സംഗീതനിശയില്‍ ജി. വേണുഗോപാല്‍, അഫ്‌സർ, മഞ്ജരി, സയനോര, നിഷാദ്, രേഷ്മ രാഘവേന്ദ്ര, ശ്രീദേവി കൃഷ്ണ, അരവിന്ദ് വേണുഗോപാല്‍ എന്നിവർ പങ്കെടുക്കും. മടപ്പള്ളി കോളേജ് ഗ്രൗണ്ടിലെ വേദിയില്‍ രാത്രി 8 മുതല്‍ ശിവമണി, സ്റ്റീഫൻ ദേവസി, ആട്ടം കലാസമിതി എന്നിവർ ചേർന്ന് മ്യൂസിക് ഫ്യൂഷൻ ഒരുക്കും.






