കോഴിക്കോട്: കൃഷിയ്ക്കും പുതുതലമുറ സംരംഭങ്ങള്‍ക്കും കൂടുതല്‍ ധനവിനിയോഗം എന്ന ലക്ഷ്യത്തിലൂന്നി ജില്ലാ പഞ്ചായത്തിന്റെ 2024-25 ബഡ്ജറ്റ്. ജില്ലയുടെ സർവതല സ്പർശിയായ വളർച്ചയ്ക്ക് പ്രോത്സാഹം നല്‍കുന്ന പ്രഖ്യാപനങ്ങളും ബഡ്ജറ്റില്‍ നിറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജില്ലയുടെ വികസന മുന്നേറ്റങ്ങള്‍ സാദ്ധ്യമാക്കാനുള്ള നിർദ്ദേശങ്ങള്‍ അടങ്ങിയ ബഡ്ജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ ഭരണഘടനയെയും ഫെഡറല്‍ സംവിധാനത്തെയും ഓർമ്മിപ്പിച്ചായിരുന്നു തുടക്കം. നീക്കിയിരിപ്പായ 13, 63, 29,804 രൂപ ഉള്‍പ്പെടെ 115,35,36,004 വരവില്‍ 110,31,21,318 ചെലവും 5, 04,14,686 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
കാർഷിക മേഖലയുടെ വളർച്ചയ്ക്ക് 3.91 കോടിയുടെ പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. സമഗ്ര നാളികേര വികസന പദ്ധതിയാണ് ഒന്നാമത്. പ്രാദേശിക കാർഷിക കർമ്മ സേനകളെ സജീവമാക്കാനും കേര കർഷകർക്ക് നേരിട്ട് ഗുണം ലഭ്യമാക്കുക, തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിന്റെ മാന്യത ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തുകളില്‍ കാർഷിക കർമ സേനകളില്‍ രജിസ്റ്റർ ചെയ്യുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ഇൻസെന്റീവ് ലഭിക്കുന്ന രീതിയിലാണ് പദ്ധതി.
തരിശുരഹിത കോഴിക്കോട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന കതിരണി പദ്ധതി ശക്തിപ്പെടുത്തും. കൂടുതല്‍ തരിശു വയലുകളില്‍ കൃഷി ഇറക്കും. ഔഷധ സസ്യ കൃഷി വ്യാപമാക്കുമെന്ന നിർദ്ദേശവുമുണ്ട്. ഇതിനായി പത്ത് ലക്ഷം വകയിരുത്തി. ആദ്യഘട്ടത്തില്‍ ഫാമുകള്‍ക്കായിരിക്കും മുൻഗണന. മലയോര മേഖലയിലെ വന്യമൃഗ ശല്യം നേരിടാൻ ആരംഭിച്ച സോളാർ ഫെൻസിംഗ് പദ്ധതി തുടരും. മൃഗ സംരക്ഷണ – ക്ഷീര വികസന മേഖലയില്‍ പാലിനുള്ള ഇൻസെന്റീവ്, കാലിത്തീറ്റ ഇൻസെന്റീവ് എന്നിവയ്ക്കു മാത്രമായി രണ്ട് കോടിയാണ് നീക്കിവച്ചത്.
എ.ബി.സി സെന്റർ ശക്തിപ്പെടുത്താനും പുതിയ സെന്ററുകള്‍ സ്ഥാപിക്കാനും 1.5 കോടി വകയിരുത്തി. 4.19 കോടിയാണ് ആകെ വകയിരുത്തിയത്. കൂള്‍ ലാബുകള്‍ ആധുനികവത്ക്കരിക്കുന്നതുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയ്ക്ക് അഞ്ച് കോടി വകയിരുത്തി. മത്സ്യ മേഖലയുടെ വളർച്ചയ്ക്കായി 47 ലക്ഷവും പ്രാദേശിക സംരംഭകത്വ പ്രവർത്തനങ്ങള്‍ക്ക് ഒരു കോടിയുമാണ് നീക്കിവെച്ചത്.
യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി സ്റ്റാർട്ടപ്പുകള്‍ ആരംഭിക്കും. മിനി ഐ.ടി പാർക്ക് സ്ഥാപിക്കുന്നതിനായി 3.97 കോടി വകയിരുത്തി. ലൈഫ് പദ്ധതിയ്ക്കും ദാരിദ്ര ലഘൂകരണത്തിനും കൂടുല്‍ പ്രാധാന്യം നല്‍കി. സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാർ, ട്രാൻജെൻഡേഴ്സ്, പട്ടികജാതി- വർഗ ജനവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ മേഖലയില്‍ പ്രവർത്തിക്കുന്നവർ ഉള്‍പ്പെടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നുവരേണ്ട എല്ലാവിഭാഗം ആളുകളെയും സൂക്ഷ്മതയോടെ പരിഗണിച്ചിട്ടുണ്ട്.
പ്രധാന പ്രഖ്യാപനങ്ങള്‍
ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ഭരണഘടന ചത്വരം. യൂട്യൂബ് ചാനല്‍ ആരംഭിക്കും. ജില്ലയുടെ ഔദ്യോഗിക വൃക്ഷം, പക്ഷി, പുഷ്പം, മത്സ്യം എന്നിവ പ്രഖ്യാപിക്കും. ഡിപി ആപ്പ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ, ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലൈബ്രറി കം മ്യൂസിയംജില്ലാ പഞ്ചായത്ത് കാമ്പസിൽ കഫ്റ്റീരിയ, കൂത്താളിയില്‍ ഫാം ടൂറിസം, വടകര, പേരാമ്പ്ര ബ്ലോക്കുകളില്‍ എ.ബി.സി സെന്ററുകള്‍, മത്സ്യവർഷിണി പദ്ധതി, മിനി ഐ.ടി പാർക്ക്, ഭിന്നശേഷിക്കാർ നേതൃത്വം നല്‍കുന്ന സ്പന്ദനം കഫേകള്‍, കായണ്ണ സ്വപ്ന നഗരിയില്‍ ഹാപ്പിനസ് പാർക്ക്, പനങ്ങാട് സാംസ്‌കാരിക കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡെബിള്‍ ചേംബർ ഇൻസിനേറ്റർ, ബയോഡൈവേഴ്സിറ്റി ഡിജിറ്റല്‍ രജിസ്റ്റർ, കടലുണ്ടി, കീഴ്‌ക്കോട് പുഴയോരത്ത് മിനി പാർക്ക് വനിതാ വ്യവസായ കേന്ദ്രം, വനിതകള്‍ക്ക് കൗണ്‍സലിംഗ് സെന്റർ, സ്കൂളുകളില്‍ ജെൻഡർ ഹെല്‍പ്പ് ഡസ്ക്, പട്ടികജാതി കോളനികളില്‍ കരിയർ ഗൈഡൻസ്, എസ്.ടി കോളനികളില്‍ സാംസ്കാരിക നിലയം, വരള്‍ച്ചാ രഹിത ജില്ലയാക്കും, കാൻസർ കെയർ സൊസൈറ്റി നടപ്പാക്കും, ലൈഫ് വീട്, 12 കോടി ദാരിദ്ര്യ ലഘൂകരണം 11.52 കോടി






