കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ പരിഷ്‌കാരമല്ല കാലാനുസൃതമായ ഉടച്ചുവാര്‍ക്കലാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത വർഷം നാല് വര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുന്നതോടെ സംസ്‌ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ മുഖച്‌ഛായ മാറും. കലാ-കായിക രംഗത്തെ നേട്ടങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് ലഭിക്കും വിധമാണ് കോഴ്‌സ് പരിഷ്‌കാരം. ഈ നേട്ടങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും ലഭിക്കും. പൂര്‍ണമായും വിദ്യാര്‍ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്.
നവകേരള സദസിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‌ത് കോഴിക്കോട് മലബാര്‍ ക്രിസ്‌ത്യന്‍ കോളജില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയ തുകയാണ് സംസ്‌ഥാന സര്‍ക്കാര്‍ ഗവേഷണ മേഖലയില്‍ ചെലവഴിക്കുന്നത്. 176 പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്‌റ്റ് ഡോക്‌ടറല്‍ ഫെല്ലോഷിപ്പ് ലഭിച്ചത്. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമേയാണിത്. ഗവേഷണ മേഖലയില്‍ മുടക്കുന്ന പണം ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്. എന്നാല്‍ ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണം.
വരാനിരിക്കുന്ന കാലത്തേക്ക് കേരളത്തെ സജ്‌ജമാക്കുക എന്ന ഉദ്ദേശ്യത്തിലൂന്നിയുള്ള ഇടപെടല്‍ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടര വര്‍ഷം കൊണ്ട് ബിരുദം നേടാന്‍ കഴിയുന്ന ഏണ്‍ എ സെമസ്‌റ്റര്‍, താല്‌പര്യമുള്ളവര്‍ക്ക് ഒരു സെമസ്‌റ്റര്‍ മുഴുവന്‍ ഇന്റേണ്‍ഷിപ്, പഠനത്തിനിടയില്‍ ഇടവേള, കോഴ്‌സിനിടെ കോളേജോ സര്‍വകലാശാലയോ മാറാനുള്ള അവസരം എന്നിവയെല്ലാം സാധ്യമാക്കുന്ന കെ-റീപ് (കേരള റിസോഴസ് ഫോര്‍ എജ്യുക്കേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ് പ്ലാനിങ്) സംവിധാനം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പുതിയ സംവിധാനം വന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും ഇതിനായി നിയമവും ചട്ടവും പരിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖാമുഖത്തില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തികച്ചും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.






