spot_img
Wednesday, July 8, 2026
Home Blog Page 285

പണം കൊടുത്ത് പണി വാങ്ങണോ;പോലീസ്

0

സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്.

സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വൻ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് .

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

www.cybercrime.gov. in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം

0

പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. വില്ലുപുരം സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. 

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകിട്ട്  3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. നാലുപേരും കരാര്‍ തൊഴിലാളികളാണ്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെയാണ് ഇവരെ ട്രെയിൻ തട്ടിയത്.  ട്രെയിനിടിച്ചശേഷം ഒരാള്‍ പുഴയിലേക്ക് വീണെന്നാണ്  ദൃക്സാക്ഷികള്‍ പറയുന്നത്.

ഒരു പുരുഷന്‍റെ മൃതദേഹമാണ് കിട്ടാനുള്ളത്. മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ വരുമ്പോള്‍ രണ്ടു പുരുഷന്മാരും പാലത്തിന്‍റെ നടുഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ഇവരെ ട്രെയിൻ ഇടിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിൻ പാലമുള്ളത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ നാലുപേരും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പാലത്തിൽ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നു. ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ട്രെയിൻ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. പത്തു പേരടങ്ങുന്ന ശുചീകരണ തൊഴിലാളികളാണ് പാളത്തിൽ നിന്ന് മാലിന്യം ശേഖരിച്ചിരുന്നത്.  ഇതിൽ ആറു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം.

മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വെ പുറം  കരാര്‍ നൽകിയ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. 

സിനിമ നാടക നടന്‍ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു

0

കാസർഗോഡ്: സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമന്‍റെ വേഷം ശ്രദ്ധേയമാണ്.

ട്രെയിന്‍ റിസര്‍വേഷൻ; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍

0

ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ 60 ദിവസം മുന്‍പ് വരെ മാത്രമേ ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ.

120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. ടിക്കറ്റ് ബുക്കിങ് മുതല്‍ യാത്രാ ആസൂത്രണം വരെയുള്ള നിരവധി സേവനങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഒരു റെയില്‍വേ സൂപ്പര്‍ ആപ്പ് പുറത്തിറക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് സീറ്റ് ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ എഐ അധിഷ്ഠിത കാമറ ഉപയോഗിച്ച് നടപ്പാക്കാനും ആലോചനയുണ്ട്. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഡാറ്റ വിശകലനം ചെയ്ത് സീറ്റ് ലഭ്യത പ്രവചിച്ചാണ് ഇത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

അതേസമയം യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.

അനുവദിച്ചിട്ടുള്ള ലഗേജ് പരിധികള്‍ പാലിക്കാനും ട്രെയിന്‍ ഷെഡ്യൂളുകള്‍ അനുസരിച്ച്, ആവശ്യത്തിനനുസരിച്ച് മാത്രം സ്റ്റേഷന്‍ പരിസരത്ത് പ്രവേശിക്കാനും എല്ലാ യാത്രക്കാരെ അറിയിച്ചു. യാത്രക്കാര്‍ക്ക് ഒരു നിശ്ചിത ലഗേജ് ചാര്‍ജില്ലാതെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്.

“നിന്റേലൊരു എക്സ്ട്രാ ലഡു എടുക്കാനുണ്ടോ?”; ട്രെൻഡിങ്ങായി ഗൂഗിൾ പേ ദീപാവലി ഓഫർ

0


ദീപാവലി സ്പെഷ്യൽ ലഡു കിട്ടിയോ? ഇല്ലെങ്കിൽ നമ്മുടെ ഗൂഗിൾ പേ തരും പല വെറൈറ്റി ലഡു . എല്ലാ ഫെസ്റ്റിവൽ സീസണിലും നമ്മുടെ സോഷ്യൽ മീഡിയ ആപ്പുകളും സൈറ്റുകളും വ്യത്യസ്ത ഓഫറുകളുമായി എത്താറുണ്ട്. അത്തരത്തിൽ അൽപ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ പേ. ദീപാവലി സ്പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.

മർച്ചന്റ് പേയ്മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താൽ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ , ഡിസ്കോ, ട്വിങ്കിൾ , ട്രെൻഡി,ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകൾ. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതൽ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാൽ തന്നെ ചാറ്റ് ബോക്സുകളിൽ എല്ലാം ഇപ്പോൾ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബർ 21 മുതൽ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിൾ പേയിൽ ഉണ്ടാകുകയുള്ളൂ.

എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

0

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണുമായി ബന്ധപെട്ട് റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ആദ്യ ദിവസം അറസ്റ്റിലായപ്പോൾ തന്നെ ചോദ്യം ചെയ്തതിനാൽ ഇനിയും കൂടുതൽ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ജിവ്യയുടെ ജാമ്യ ഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹർജിയിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.

വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിച്ചു, യന്ത്രത്തിൽ കുരുങ്ങി വീട്ടുടമ മരിച്ചു

0

പാല: കോട്ടയത്ത് വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. മണ്ണുമാന്തി യന്ത്രത്തിന്‍റെ ഒപ്പറേറ്റർ പുറത്തേക്ക് പോയപ്പോൾ പോൾ ജോസഫ് സ്വയം യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അപകടം. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോൾ ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

വയനാട് ദുരന്തത്തിന് മൂന്നു മാസം; കാണാമറയത്ത് ഇപ്പോഴും 47 പേർ

0

മുണ്ടക്കൈ: പുഞ്ചിരിമട്ടത്തെ മലനിരകളിൽ ഇപ്പോഴും കോട പെയ്തിറങ്ങുന്നുണ്ട്; പ്രകൃതിക്കലി നൂറു കണക്കിനാളുകളുടെ ജീവനും ആയുഷ് കാലത്തെ സമ്പാദ്യങ്ങളും കശക്കി എറിഞ്ഞതിന്റെ കാഴ്ചകളെ മറയ്ക്കാനെന്നപോലെ. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലേക്ക് കയറുമ്പോൾ എത്തുന്ന മുണ്ടക്കൈയിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോ മീറ്ററാണ് പുഞ്ചിരിമട്ടത്തേക്കുള്ള ദൂരം. കുന്നും മലകളും തേയിലത്തോട്ടങ്ങളും മാടിവിളിച്ചിരുന്ന ഇവിടം ഇന്ന് അവശേഷിക്കുന്നത് മനുഷ്യനേക്കാൾ ഉയരമുള്ള പാറകളും തരിപ്പണമായ കെട്ടിടങ്ങളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതിൽ കുന്നു കൂടിക്കിടക്കുന്ന മരത്തടികളുമൊക്കെയാണ്. ഇന്നേക്ക് മൂന്നുമാസം തികയുന്ന, രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുളിൽ ആണ്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഔദ്യോഗിക കണക്ക് പ്രകാരം 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍ നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്നുമായി കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതിൽ 208 എണ്ണത്തിന്റെ പരിശോധനഫലം പോലും ഇനിയും ലഭിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയുന്നതിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡി.എൻ.എ സാമ്പിളുകൾ അയച്ചതായും ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൽപറ്റ ഡിവൈ.എസ്.പി സുരേഷ് പറഞ്ഞു.മൂന്നു മാസം പിന്നിടുമ്പോഴും ദുരന്തത്തിൽ ബാക്കിയായവരെ ചേർത്തു നിർത്തുന്ന കാര്യത്തിൽ സർക്കാർ നിസ്സംഗതയിലാണെന്ന പരാതിയും വ്യാപകമാണ്. അടിയന്തര സഹായം ഇപ്പോഴും കിട്ടാത്തവർ നൂറിലധികം. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാൻ ഭരണ കൂടത്തിനായിട്ടില്ല. പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് വേണ്ട സ്ഥലമെടുപ്പും നിയമക്കുരുക്കിൽ അനിശ്ചിതത്വത്തിലായി.കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനോ കാണാതായവരെ മരണപ്പെട്ടവരുടെ ഗണത്തിൽ പെടുത്തി സഹായം ലഭ്യമാക്കാനോ അധികൃതർ തയാറായിട്ടില്ല.

ഉറ്റവരും ജോലിയും വീടുമെല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളാനോ സർക്കാർ ഏറ്റെടുക്കാനോ ഇപ്പോഴും വിമുഖത. പ്രധാനമന്ത്രി ലക്ഷങ്ങൾ മുടക്കി ദുരന്ത പ്രദേശങ്ങളും ഇരകളെയും സന്ദർശിച്ചതല്ലാതെ കേന്ദ്ര സഹായവും ലഭ്യമായിട്ടില്ല. പുതിയ റിപ്പോർട്ട് അനുസരിച്ച് നൂറുകണക്കിന് കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽ നിന്ന് പുറത്താവാനുള്ള സാധ്യത ഏറെയാണ്

കരിപ്പൂരിൽ വിമാനത്തിന് ബോംബ് ഭീഷണി; പ്രതി പൊലീസ് പിടിയിൽ

0

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനാടി കോതകുറിശ്ശി ഓവിങ്ങൽ വീട്ടിൽ ഇജാസി (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 05.10നാണ് പ്രതിയുടെ ഇമെയിൽ അക്കൗണ്ടിൽ നിന്നും എയർപോർട്ട് ഡയറക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് എയർപോർട്ട് അധികൃതർ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വായിച്ചും സംസാരിച്ചും ജയിലിൽ ദിവ്യയുടെ ആദ്യദിവസം

0

കണ്ണൂർ: ജയിൽ ജീവനക്കാരോട് സംസാരിച്ചും വായനയിൽ മുഴുകിയും ജയിലിൽ പി.പി. ദിവ്യയുടെ ആദ്യദിനം. കണ്ണൂർ സെൻട്രൽ ജയിലിനോടുചേർന്ന വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. മറ്റ് തടവുകാരിൽനിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാൻ ജയിൽ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്

രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാൽ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് പാർപ്പിച്ചിരിക്കുന്നത്. ശിക്ഷാ തടവുകാർക്കുള്ള നിയന്ത്രണങ്ങളോ തടവുകാർക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാൻഡ് തടവുകാർക്കില്ല. വീട്ടിൽനിന്ന് എത്തിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനുള്ള അനുവാദം ജയിൽ ചട്ടങ്ങളിലുണ്ട്.ബുധനാഴ്ച ദിവ്യക്ക് സന്ദർശകർ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ ജയിൽ അധികൃതർ മറുപടി നൽകിയില്ല. രാവിലെ 6.30 ഓടെ സെല്ലുകൾ തുറക്കും. 7.30-ന് പ്രഭാത ഭക്ഷണം നൽകും.ജയിൽ ജീവിതത്തിന്റെ ആദ്യദിനത്തിൽ ആറോടെ ദിവ്യ ഉറക്കമുണർന്നിരുന്നു.മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പി.പി. ദിവ്യ പോലീസിൽ കീഴടങ്ങിയത്. പോലീസ് അറസ്റ്റുചെയ്ത് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്