spot_img
Thursday, July 9, 2026
Home Blog Page 304

അർജുൻ്റെ അവസാന മടക്കയാത്ര… മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്

0

ഷിരൂർ: ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന യുവാവിൻ്റെ അവസാന മടക്ക യാത്രയാണിത്. ആംബുലൻസിലെ കർണാടക പൊലീസ് അനുഗമിക്കും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുൻ്റെ ആ്മശാന്തിക്കായി പ്രാർത്ഥിക്കുമെന്നും സതീഷ് സെയ്ൽ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.

രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം  വീട്ടിൽ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകൾ കൂടിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തും. വീട്ടുവളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിക്കും.

മൃതദേഹം അർജുന്റേത് തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം

0

കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.

കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

മകൾ പറഞ്ഞത് കുഞ്ഞു മനസ്സിൽ തട്ടിയ സംഭവം; അമൃത സുരേഷ്

0

നടൻ ബാല മകൾക്കെതിരെ ഉന്നയിച്ച കാര്യങ്ങൾ കാര്യങ്ങളിൽ വ്യക്തത വരുത്തി ഗായിക അമൃത സുരേഷ്. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതോടെ ബാലയ്‌ക്കെതിരെ ആദ്യമായി മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛന്‍ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്ന് കുട്ടി വീഡിയോയിൽ പറയുകയുണ്ടായി.

തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. പിന്നാലെ കുട്ടിയുടെ നേരെ സൈബർ ബുള്ളിംങ്ങ് ഉണ്ടായെന്ന പ്രതികരണവുമായി അമൃത സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായാണ് അമൃത തുറന്ന് പറഞ്ഞത്. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണെന്ന് അമൃത പറഞ്ഞു. മകളെ ഇനിയും സൈബര്‍ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും അമൃത അപേക്ഷിച്ചു. വിക്ടിം കാര്‍ഡ് കളിക്കാനല്ല, നിസ്സഹായ അവസ്ഥ കൊണ്ടാണ് ഇതൊക്കെ പറയേണ്ടി വരുന്നതെന്നും അമൃത വീഡിയോയിൽ പറയുന്നു.

അമൃതയുടെ വാക്കുകൾ

”വളരെയധികം വിഷമമുള്ളൊരു കാര്യം സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. വെളുപ്പിനെ അഞ്ചരയാണ് ഇപ്പോള്‍ സമയം. ഞങ്ങളാരും ഉറങ്ങിയിട്ടില്ല. അത്രയും വിഷമത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. എനിക്ക് അഭിനയിച്ച് സംസാരിക്കാനോ ഇമോഷണല്‍ ആയി സംസാരിക്കാനോ സംസാരിച്ച് ഇംപ്രസ് ചെയ്യാനോ അറിയില്ല. നിങ്ങള്‍ എന്നെ പതിനാറ് വയസ് മുതല്‍ കാണുന്നതാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ കാലം മുതല്‍ അമൃത ,സുരേഷ് എന്ന വ്യക്തിയെ നിങ്ങള്‍ക്കറിയാം.

പതിനാല് വര്‍ഷമായി ഞാന്‍ മിണ്ടാതിരിക്കുകയാണ്. എന്റെ നിശബ്ദത എന്നെ വെറുക്കാനുള്ള കാരണമായി മാറിയിട്ടുണ്ട്. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. നിങ്ങള്‍ക്കാര്‍ക്കും സത്യാവസ്ഥ അറിയില്ലായിരുന്നു. ഞാന്‍ മിണ്ടാതിരിക്കുന്നത് കാരണം നിങ്ങളെല്ലാം അത്രത്തോളം എന്നെ വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. അതിനെ മാറ്റാന്‍ ഞാനും ശ്രമിച്ചിട്ടില്ല. അതിന്റെ കാരണം അത്രയും ഭംഗിയായി സംസാരിക്കാന്‍ എനിക്കറിയില്ല. ആ വെറുപ്പ് ഇപ്പോള്‍ പാപ്പുവിലേക്കും വന്നിരിക്കുകയാണ്.

21ന് അവളുടെ പിറന്നാളായിരുന്നു. ഞങ്ങളുടെ പരിമിധിയില്‍ നിന്നു കൊണ്ടു തന്നെ പരമാവധി സന്തോഷം അവള്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ പിറ്റേന്ന് കാണുന്നത് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞുള്ള ഇന്റര്‍വ്യു ആണ്. പാപ്പു എന്നോട് ചോദിക്കാറുള്ളത് മമ്മി എന്തിനാണ് മിണ്ടാതിരിക്കുന്നത്, മമ്മിയ്ക്ക് മിണ്ടാനറിയില്ലെങ്കില്‍ ഞാന്‍ സംസാരിക്കാമെന്നാണ് പാപ്പു പറയുന്നത്. പാപ്പു പഴയ കുട്ടിയല്ല ഇപ്പോള്‍. പിറന്നാള്‍ ദിവസത്തെ വീഡിയോയ്ക്ക് ശേഷം ഞാന്‍ പറഞ്ഞ അങ്കിള്‍മാരും ആന്റിമാരും വിശ്വസിക്കും എന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ ചെയ്യുന്നത്. അതിലെന്ത് കണ്ടന്റ് ആണ് ഇടുന്നതെന്ന് എനിക്കറിയില്ലായിരുന്നു.

എന്റെ ജീവിതത്തില്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? പതിനെട്ടാം വയസില്‍ ഒരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. പതിനെട്ടാം വയസിലെ പ്രണയം അന്ധമായിരിക്കും. അത്രയൊന്നും ചിന്തിക്കാനുള്ള പ്രായം അന്നില്ല. അവിടെ വച്ച് ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പലതുണ്ട്. ചോര തുപ്പി മൂലയ്ക്ക് കിടന്ന ദിവസങ്ങളുണ്ട്. വീട്ടില്‍ പറയാന്‍ പറ്റില്ലായിരുന്നു. അച്ഛനും അമ്മയും എതിര്‍ത്ത വിവാഹമായിരുന്നു. ഒരുപാട് ചതികളിലൂടെയാണ് കല്യാണത്തിലേക്ക് എത്തിയതു പോലും.

ഇനിയും അവിടെ നിന്നാല്‍ എന്നെ പോലെ കുഞ്ഞും ചോര തുപ്പി കിടക്കേണ്ടി വരും എന്ന സാഹചര്യത്തിലാണ് കിട്ടിയ സാധനങ്ങളുമെടുത്ത് അവിടെ നിന്നും ഇറങ്ങിയോടുന്നത്. അല്ലാതെ കോടികള്‍ എടുത്തിട്ടല്ല. കുപ്പി വച്ച് എറിഞ്ഞപ്പോള്‍ ഞാന്‍ പിടിച്ചുമാറ്റിയ അനുഭവമാണ് വീഡിയോയില്‍ പാപ്പു പറയുന്നത്. ആ കുഞ്ഞ് വയസില്‍ കിട്ടിയ ഷോക്കാണ്.

ഡിവോഴ്‌സിന്റെ പേപ്പറില്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട് കല്യാണത്തിന് പോലും ഒരു പിതാവ് എന്ന നിലയില്‍ പൈസ തരില്ലെന്ന്. അന്ന് മുതല്‍ പാപ്പുവിന്റെ എല്ലാ കാര്യങ്ങളും ഞാന്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്.

ഞങ്ങളുടെ അച്ഛന്‍ ഇപ്പോഴില്ല. 60 വയസുള്ള അമ്മ, ടീനേജര്‍ ആയ മകള്‍, ഞാനും അഭിയും, അങ്ങനെ സ്ത്രീകള്‍ മാത്രമുള്ള കുടുംബമാണ് ഞങ്ങളുടേത്. അമ്മയ്ക്ക് ബിപിയും അസുഖങ്ങളുമൊക്കെയുണ്ട്. അച്ഛന്‍ മരിച്ച ശേഷം ഞങ്ങള്‍ എങ്ങനെയൊക്കയോ തള്ളി നീക്കി കൊണ്ടു പോവുകയാണ്. ഇങ്ങനൊരു സാഹചര്യത്തിലും ആരും കൂടെ നിന്നില്ല എന്നൊരു സങ്കടം എനിക്ക് നിങ്ങളോടെല്ലാവരോടുമായി ഉണ്ട്. അമൃത പറയുന്നു.

ബാലയുടെ ആരോപണത്തില്‍ മകളുടെ മറുപടി ഇങ്ങനെ

‘എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിക്കാന്‍ പോലും സത്യത്തില്‍ എനിക്ക് താത്പര്യമില്ല. പക്ഷേ എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാന്‍ മടുത്തു. അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പോകുമ്പോള്‍ കൂട്ടുകാര്‍ ഇത് സത്യമാണോ ശരിക്കും ഇതൊക്കെ നടന്നതാണോ എന്നൊക്കെ ചോദിക്കും. എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാല്‍ അതല്ല സത്യം.

ഞാന്‍ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു. എന്റെ അമ്മ തടുത്തില്ല എങ്കില്‍ അത് എന്റെ തലയില്‍ വന്ന് ഇടിച്ചേനെ. ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ

0

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു.

പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

‘എന്നെയും ഉപദ്രവിച്ചിട്ടുണ്ട്, ചില്ലുകുപ്പി എന്റെ മുഖത്തേക്ക് എറിഞ്ഞു, കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു’: ബാലയ്‌ക്കെതിരെ മകള്‍

0

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് മകള്‍ അച്ഛനായ ബാലയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അച്ഛന്‍ കുടിച്ചിട്ട് വന്ന് അമ്മയായ അമൃതയെ ഒരുപാട് തല്ലുമായിരുന്നുവെന്നും എന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്നും ബാലയുടെ മകള്‍ വീഡിയോയില്‍ പറയുന്നു.

അച്ഛന്‍ എന്റെ മുഖത്ത് ചില്ലുകുപ്പി എറിഞ്ഞിട്ടുണ്ട്. എന്നെയേയും അമ്മയേയുമെല്ലാം അച്ഛന്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും അച്ഛനെ സ്‌നേഹിക്കാന്‍ എനിക്ക് കാരണങ്ങള്‍ ഒന്നുമില്ലെന്നും മകള്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ബാലയുടെ മകളുടെ വാക്കുകള്‍:

എന്നെയും എന്റെ മുഴുവന്‍ കുടുംബത്തേയും ബന്ധപ്പെടുന്ന വളരെ ഗുരുതരമായ പ്രശ്‌നത്തേക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ശരിക്ക് എനിക്ക് ഇതേക്കുറിച്ച് പറയാന്‍ ഇഷ്ടമില്ല. പക്ഷേ എനിക്ക് മടുത്തു. എന്റെ അമ്മയും കുടുംബവും ദുഃഖിച്ചിരിക്കുന്നതു കണ്ട് മടുത്തു. എന്നെയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നെയും എന്റെ അമ്മയേയും പറ്റി തെറ്റായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ എന്റെ ഫ്രണ്ട് ചോദിക്കാറുണ്ട് ഇതെല്ലാം സത്യമാണോ എന്ന്. എനിക്ക് അതിന് ഉത്തരം പറയാന്‍ കിട്ടുന്നില്ല. ഞാനും എന്റെ അമ്മയും വളരെ മോശമാണ് എന്നാണ് പലരും കരുതുന്നത്. ഞാന്‍ പറയാന്‍ പോകുന്നത് എന്റെ അച്ഛനെപ്പറ്റിയാണ്.
എന്റെ അച്ഛന്‍ ഒരുപാട് അഭിമുഖങ്ങളും വിഡിയോയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ് മിസ് ചെയ്തിട്ടുണ്ട് എനിക്ക് ഒരുപാട് ഗിഫ്റ്റ് അയച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്. പക്ഷേ ഈ പറഞ്ഞതില്‍ ഒന്നും സത്യമില്ല. സത്യം പറഞ്ഞാല്‍ അച്ഛനെ ഇഷ്ടപ്പെടാന്‍ പോലും എനിക്കൊരു കാര്യം ഇല്ല. എന്നെയും എന്റെ അമ്മയേയും അമ്മാമ്മയേയും ആന്റിയേയുമെല്ലാം മാനസികമായും ശാരീരികമായുമെല്ലാം ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ ചെറുതായിരുന്ന സമയത്ത് വീട്ടില്‍ മദ്യപിച്ചെത്തി എന്റെ അമ്മയെ തല്ലുമായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ ഞാന്‍ കുഞ്ഞല്ലേ. എനിക്ക് നല്ല വിഷമമാകും. എന്റെ കുടുംബം വളരെ കഷ്ടപ്പെട്ടാണ് എന്നെ നല്ല രീതിയില്‍ വളര്‍ത്തുന്നത്. ഒരു കാര്യത്തിനു പോലും എന്നെ തല്ലിയിട്ടില്ല. എന്നെ വളരെ അധികം സ്‌നേഹിക്കുന്ന കുടുംബമാണ്.
എന്റെ അച്ഛന്‍ ഒരുപാട് അഭിമുഖങ്ങളിലാണ് എന്റെ അമ്മയെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അതെല്ലാം തെറ്റാണ്. എന്റെ അമ്മയെ കുറേ തല്ലിയിട്ടുണ്ട്. എന്നെയും അമ്മയേയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ മദ്യപിച്ചെത്തി ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ നോക്കി. എന്റെ അമ്മ കൈ വെച്ച് തടുത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല. അല്ലായിരുന്നെങ്കില്‍ എന്റെ തലയില്‍ ഇടിക്കുമായിരുന്നു. ഒരു പ്രാവശ്യം കോടതിയില്‍ വച്ച് എന്റെ വലിച്ചിഴച്ച് ചെന്നൈയില്‍ കൊണ്ടുപോയി മുറിയിലിട്ട് പൂട്ടി. ഭക്ഷണമോ ഒന്നും എനിക്ക് തന്നില്ല. ഇങ്ങനെയുള്ളവരെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. അദ്ദേഹം പറയുന്നതെല്ലാം കള്ളമാണ്.
ഒരു അഭിമുഖത്തില്‍ പറയുന്നുണ്ടായിരുന്നു അച്ഛന്‍ എന്ന നിലയില്‍ കാണാന്‍ അവകാശമില്ലേ എന്ന്. എനിക്ക് കാണണ്ട. എനിക്ക് നിങ്ങളുടെ മുഖം കാണണം എന്നില്ല. എനിക്ക് സംസാരിക്കണമെന്നില്ല. മിസ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ ഫോണ്‍ വിളിച്ചിട്ടുണ്ടോ. എനിക്ക് ഒരു കത്തെങ്കിലും അയച്ചിട്ടുണ്ടോ? അസുഖ ബാധിതനായപ്പോള്‍ ഞാന്‍ ലാപ്‌ടോപ്പും പാവയും ചോദിച്ചെന്നു പറഞ്ഞില്ലേ. ഞാന്‍ എന്തിനാണ് ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനം വേണ്ട. എന്റെ അമ്മ പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോയത്, എനിക്ക് അവിടെ പോകാന്‍ ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നെയും എന്റെ കുടുംബത്തേയും വെറുതെ വിടണം. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിലാണ്. നിങ്ങളുടെ സ്‌നേഹമോ ഒന്നും എനിക്ക് വേണ്ട. നിങ്ങള്‍ വിചാരിക്കും എന്റെ അമ്മ നിര്‍ബന്ധിച്ചാണ് ഈ വിഡിയോ ഇടുന്നതെന്ന്. ഇവിടെ എന്റെ അമ്മ ഇല്ല. എന്റെ അമ്മ ജോലിക്ക് പോയേക്കുവാ. ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍. പക്ഷേ ഇതിലേക്ക് എന്നെ വലിച്ചിഴയ്ക്കാന്‍ അമ്മയ്ക്ക് താല്‍പ്പര്യമില്ല ഇത് സ്‌ക്രിപ്റ്റഡ് ഒന്നുമല്ല. ഞാന്‍ എന്റെ ഇഷ്ടത്തിന് ഇടുന്നതാണ്. എന്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്. അമ്മയും കുടുംബവും വിഷമിക്കുന്നതുകണ്ടാണ് ഞാന്‍ ഇത് പറയുന്നത്.

‘എന്റെ അച്ഛന്‍ എന്ന് പറഞ്ഞതില്‍ സന്തോഷം, മൂന്ന് വയസിലാണ് നീ എന്നെ വിട്ടുപോയത്, തര്‍ക്കിക്കാന്‍ അപ്പ ഇല്ല, നീ ജയിച്ചോളൂ’: മകള്‍ക്ക് മറുപടിയുമായി ബാല

0

കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മകള്‍ രംഗത്തെത്തിയത്. ഇപ്പോഴിതാ അതിന് പിന്നാലെ മകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല മകള്‍ക്ക് മറുപടി നല്‍കിയത്.

മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു എന്നാണ് അവന്തിക പറഞ്ഞത്. ഒരിക്കല്‍ തന്നെ ചില്ലുകൊപ്പി കൊണ്ട് എറിയാന്‍ നോക്കിയെന്നും ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്കാണ് ബാല ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

മൂന്ന് വയസിലാണ് പാപ്പു തന്നെ വിട്ട് പോയത് എന്നാണ് ബാല പറഞ്ഞത്. മകളോട് തര്‍ക്കിക്കാന്‍ താന്‍ ഇല്ലെന്ന് പറഞ്ഞ താരം ഇനി മകളുടെ ജീവിതത്തിലേക്ക് വരില്ലെന്നും പറഞ്ഞു.

ബാലയുടെ വാക്കുകള്‍

പാപ്പു സംസാരിച്ച വിഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യം ഒരു പോസിറ്റീവ് കാര്യം പറയാം, എന്റെ അച്ഛന്‍ എന്ന് പറഞ്ഞു. താങ്ക്യു. നിന്നോട് തര്‍ക്കിക്കാന്‍ അപ്പ ഇല്ല. മകളോട് തര്‍ക്കിക്കുകയാണെങ്കില്‍ അവന്‍ ആണല്ല. രണ്ടര മൂന്ന് വയസിലാണ് എന്നെ വിട്ട് പാപ്പു പോയത്. ഗ്ലാസ് എടുത്ത് അടിച്ചു എന്ന കാര്യമൊക്കെ പറഞ്ഞിരുന്നു. അഞ്ച് ദിവസം വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം തന്നില്ല എന്നു പറഞ്ഞു. ജയിക്കാന്‍ പറ്റും. ഇന്ന് ഞാന്‍ തോറ്റുകൊടുക്കുകയാണ്. നീ ജയിക്കണം. നിന്റെ വിഡിയോ മുഴുവന്‍ ഞാന്‍ കേട്ടു. എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഞാനും നിന്റെ കുടുംബവുമായി ബന്ധപ്പെടരുതെന്ന് നീ പറഞ്ഞു. ഞാന്‍ വിചാരിച്ചത് ഞാനും നിന്റെ കുടുംബം ആണെന്നാണ്. ഞാന്‍ നിനക്ക് അന്യനായിപ്പോയി. ഇനി തൊട്ട് ഞാന്‍ വരില്ല. ഞാന്‍ ആശുപത്രിയില്‍ മരിക്കാന്‍ കിടന്നപ്പോള്‍ നീ വന്നതുകൊണ്ടാണ് ഞാന്‍ തിരിച്ചുവന്നതെന്ന് ഞാന്‍ വിചാരിച്ചിരുന്നു. നിര്‍ബന്ധിച്ചതുകൊണ്ടാണ് നീ വന്നത് എന്ന് പറഞ്ഞു. അത് അന്ന് നീ എന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കില്‍, ഈ അച്ഛന്‍ ഇപ്പോള്‍ നിന്നോട് സംസാരിക്കില്ല. നീ കാരണമാണ് അപ്പ ഇവിടെ ഇരിക്കുന്നത്. പാപ്പുവിന് എല്ലാ ഐശ്വര്യവുമുണ്ടാകണം. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ച് ജയിക്കാന്‍ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാണ്. ഇനി തൊട്ട് അപ്പ വരില്ല.

അഞ്ഞൂറ് വിദ്യാർത്ഥികൾക്ക് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പരിശീലനം നൽകും: വി അബ്ദുറഹിമാൻ

0

സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിൽ ആരംഭിച്ച ഗോൾ പദ്ധതിയിലൂടെ അഞ്ചു ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുമെന്നും അതിൽ മികവു പുലർത്തുന്ന അഞ്ഞൂറ് വിദ്യാർത്ഥികൾക്ക് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ പരിശീലനം ലഭ്യമാക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. ഇതിനായുള്ള സന്നദ്ധത അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി പറഞ്ഞു.  പൊതുവിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഒരു സ്‌കൂൾ ഒരു ഗെയിം’ പദ്ധതിയുടെ സ്പോർട്സ് കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തൈക്കാട് ഗവ. എച്ച്എസ്എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

          ജനുവരിയിൽ നടന്ന കായിക ഉച്ചകോടിയിലൂടെയാണ്  ഒരു സ്‌കൂൾ ഒരു ഗെയിം എന്ന ആശയം ലഭിച്ചത്. പ്രമുഖ ബ്രാൻഡായ ഡക്കാത്തലോണുമായി സഹകരിച്ചാണ് സംസ്ഥാനമൊട്ടാകെ പദ്ധതി നടപ്പിലാക്കുന്നത്.  പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കായിക ഇനങ്ങൾ പരിചയപ്പെടുത്തുന്നതിനായി 55 സ്‌കൂളുകളിൽ ആരംഭിച്ച ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ രണ്ടായിരത്തി അഞ്ഞൂറു കോടി രൂപ ചെലവിട്ടു. വിദ്യാലയങ്ങളിലെ ഗ്രൗണ്ടുകളുടെ സൗകര്യം വിപുലൂകരിക്കുന്നതിനാണ് കൂടുതൽ തുക വിനിയോഗിച്ചത്.  സ്പോർട്സ് പൂർണമായും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് വിഭ്യാഭ്യാസ വകുപ്പുമായി ചർച്ചകൾ നടത്തിവരികയാണ്.

          ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിലൂടെ 465 കളിക്കളങ്ങളാണ് ഒരുക്കുന്നത്. ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതികളിലൂടെ രാജ്യത്ത് കായിക പ്രവർത്തങ്ങൾക്കുള്ള മികച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

          പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് അദ്ധ്യക്ഷനായിരുന്നു. കായിക, യുവജനകാര്യ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ് സ്വാഗതം ആശംസിച്ചു. പൊതു വിഭ്യാഭ്യാസ വകുപ്പ് സ്പോർട്സ് ഓർഗനൈസർ ഡോ. പ്രദീപ് സിഎസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, നഗരസഭ കൗൺസിലർ  മാധവദാസ് ജി, സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് കെവി, ഹെഡ്മിസ്ട്രസ് ഫ്രീഡാമേരി, പിടിഎ പ്രസിഡന്റ് സുരേഷ് കുമാർ ആർ എന്നിവർ പങ്കെടുത്തു.

കൂടുതൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും: മന്ത്രി കെ.ബി ഗണേഷ്കുമാർ

0

സംസ്ഥാനത്ത് വ്യാപകമായി ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടി കെഎസ്ആർടിസി സ്വീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി ലൈസൻസ് കരസ്ഥമാക്കിയ ആദ്യ ബാച്ചിന്റെ ലൈസൻസ് വിതരണവും കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ ആരംഭിക്കുന്ന മെഡിക്കൽ കെയർ സംവിധാനത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം ആനയറയിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ശാസ്ത്രീയമായി ഡ്രൈവിംഗ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള ഡ്രൈവിംഗ് പരിശീലനം നല്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ വർഷം ജൂൺ 26 ന് മുഖ്യമന്ത്രി ഓൺലൈനായി  നിർവഹിച്ചിരുന്നു.

          വനിതകൾക്ക് ട്രെയിനിംഗ് നല്കുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇൻസ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഫീസ് നിരക്കിൽ   ഇളവ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

          മിതമായ നിരക്കിൽ ഏറ്റവും മികച്ച പ്രായോഗിക പരിശീലനമാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകളിൽ നൽകുന്നത്. തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി (HMV, LMV, Two Wheeler) ഇതുവരെ 182 പേർക്ക് പ്രവേശനം നൽകിയിട്ടുണ്ട്. 

          കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂൾ സംരംഭത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലന ഗ്രൗണ്ട്  സജ്ജമാക്കുന്നതിനായി എംഎൽഎ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

          കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളിനായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള അംഗീകാരം മോട്ടോർ വാഹനവകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്‌കൂളിന് 30 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനായി  കെ.എസ്.ആർ.ടി.സി 11 യൂണിറ്റുകളിൽ  ഡ്രൈവിങ് സ്‌കൂൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നല്കിയിട്ടുണ്ട്.

          അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് എസി സൂപ്പർഫാസ്റ്റ് സർവീസുകൾ നിരത്തിലിറങ്ങും. നിലവിൽ കെ.എസ്.ആർ.ടി.സി ബസപകടങ്ങൾ ശക്തമായ നിയന്ത്രണത്തിലൂടെയും കർശനമായ നടപടികളിലൂടെയും ഗണ്യമായി കുറച്ചു. ഓണക്കാലത്തുൾപ്പെടെ പരമാവധി സർവീസുകൾ നിരത്തിലിറക്കിയതിലൂടെ ഭൂരിഭാഗം ഡിപ്പോകളും പ്രവർത്തന ലാഭത്തിലെത്തി. ഇതിൽ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും തൊഴിലാളികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നു എന്നത് അഭിമാനകരമാണ്. ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റലാക്കി മാറ്റുമെന്നും ക്യുആർ കോഡിലൂടെ വെരിഫൈ ചെയ്യുന്ന സൗകര്യം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

          സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ, കേരള കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് 14 ഡിപ്പോകളെ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും സഹായകരമായ രീതിയിൽ ജെറിയാട്രിക്‌സ് ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ രീതിയിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുന്നതാണ്. ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതാണ്.

 കെ.എസ്..ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനുള്ള പരിശീലനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

          ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർകോട്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ എന്നീ 14 കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലാണ് എമർജൻസ് മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

          കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി പി എസ് പ്രമോജ് ശങ്കർ സ്വാഗതമാശംസിച്ചു. കെ എസ് ആർടി സി ബോർഡംഗങ്ങളായ ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി വിജയശ്രീ കെ എസ് ധനവകുപ്പ് അഡീഷണൽ സെക്രട്ടറി അജയകുമാർ കെ എസ് നാറ്റ്പാക് ഡയറക്ടർ ഡോ:സാംസൺ മാത്യു, വാർഡ് കൗൺസിലർ ഡി ജി കുമാരൻ, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ കേരള പ്രസിഡന്റ് ഡോ: ഷിജു സ്റ്റാൻലി, എസ് ടി സി പ്രിൻസിപ്പൽ സലിംകുമാർ ആർ എസ് എന്നിവർ സംബന്ധിച്ചു.

പൊന്നടയില്‍ ഇന്ന് തറക്കല്ലിടും, കുടുംബത്തെയും ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് തണലൊരുങ്ങുന്നു

0

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വയനാട് പൊന്നടയിൽ വീട് ഒരുങ്ങുന്നു. തൃശൂർ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും.

നേരത്തെ, വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറിയിരുന്നു. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം എത്തുന്നത്. വീട് വെച്ചു നല്‍കുമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ ശ്രുതിയുടെ താല്‍പ്പര്യം അനുസരിച്ച് കല്‍പ്പറ്റയില്‍ തന്നെ വീട് വെക്കാനുള്ള തുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കിയത്.

ഭൂമി തരം മാറ്റം  അദാലത്ത് ഒക്ടോബർ 25 മുതൽ നവംബർ 15 വരെ

0

ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബർ 25 ന് സംസ്ഥാന തല ഉദ്ഘാടനം നടക്കും. ഓരോ താലൂക്കിലേയു സമയ ക്രമം നിശ്ചയിക്കുന്നതിന് ലാൻറ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. 25 സെൻറിൽ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള ഫോം5, ഫോം 6   അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഇപ്രകാരം അപേക്ഷകൾ പോർട്ടലിൽ സജ്ജീകരിക്കുന്നതിനായി സംസ്ഥാന ഐടി സെല്ലിന് നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് അദാലത്തുകൾ സംഘടിപ്പിക്കുക. അദാലത്തിന് മുൻപായി സംസ്ഥാനാടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണർ, അഗ്രികൾച്ചറൽ സെക്രട്ടറി, പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, ജില്ലാ കളക്ടർമാർ എന്നിവരുടെ സംയുക്ത യോഗം ചേരും.  അദാലത്തിൽ പരിഗണിക്കുന്ന അപേക്ഷകർക്കുള്ള അറിയിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് പ്രത്യേക സന്ദേശം അയക്കുവാൻ നിർദ്ദേശം നൽകിയാതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു.

തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി 2023 ൽ നടത്തിയ ഒന്നാം ഘട്ട അദാലത്തുകൾ ആർഡിഒ ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു. അതിൽ വലിയ തോതിൽ അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞിരുന്നു. 2024 സെപ്തംബറോടെ സംസ്ഥാനത്തെ 27 ആർഡിഒ മാർക്കൊപ്പം ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി തരം മാറ്റ അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം നൽകി നിയമസഭ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ആർഡിഒ മാരും ഡെപ്യൂട്ടി കളക്ടർമാരുമാണ് ഇപ്പോൾ തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ തീർപ്പാക്കാനുള്ള രണ്ടര ലക്ഷം അപേക്ഷകളിൽ വലിയൊരു ശതമാനം അദാലത്തിലൂടെ തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.