കോഴിക്കോട് : മംഗളൂരു സെൻട്രൽ – ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടണമെന്ന ആവശ്യം വീണ്ടും ചർച്ചയിലേക്ക്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചതോടെയാണ് ആവശ്യം വീണ്ടും ചർച്ചയായത്. നിലവിൽ, ശേഷിയുടെ 30% യാത്രക്കാർ മാത്രമാണു മിക്ക ദിവസങ്ങളിലും ഈ ട്രെയിനിൽ യാത്ര ചെയ്യുന്നത്.
വ്യാഴം ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8.30നു മംഗളൂരു സെൻട്രലിൽനിന്നു പുറപ്പെടുന്ന വന്ദേഭാരത്, രാത്രി 10.45ന് ആണു തിരിച്ചെത്തുന്നത്. അതായത്, രാത്രി 10.45 മുതൽ രാവിലെ 8.30 വരെ ട്രെയിൻ മംഗളൂരുവിൽ വെറുതെ കിടക്കുകയാണ്. ഈ സമയം തന്നെ പാലിക്കണം എന്നുണ്ടെങ്കിൽ മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ, ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടാവുന്നതാണ്.ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടാവുന്നതാണെന്നു റെയിൽവേ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. കോഴിക്കോട്ടേക്കു നീട്ടിയാൽ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നു ചൂണ്ടിക്കാട്ടി യാത്രക്കാരുടെ സംഘടനകളും എംപിമാരും അടക്കമുള്ള ജനപ്രതിനിധികളും റെയിൽവേക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണു റെയിൽവേ ബോർഡ് റിപ്പോർട്ട് തേടിയത്.
യാത്രക്കാർക്കും റെയിൽവേയ്ക്കും പ്രയോജനപ്പെടുമെന്നതിനാലും രാത്രി നിർത്തിയിടാൻ കോഴിക്കോട്ട് പ്ലാറ്റ്ഫോം ഒഴിവുണ്ടെന്നതിനാലും കൂടുതൽ ട്രെയിൻ ഓടിക്കുന്നതിനു ട്രാക്കുകൾക്കു ശേഷിയുണ്ടെന്നതിനാലും അനുകൂലമായാണു കോഴിക്കോട്ടെ റെയിൽവേ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. റെയിൽവേ ബോർഡ് അനുമതി നൽകുന്ന ഘട്ടത്തിലെത്തിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തുന്ന ഒട്ടേറെ മലയാളികൾക്ക് ഗോവ വന്ദേഭാരത് അനുഗ്രഹമാകും. മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും യാത്ര സുഗമമാകും.






