spot_img
Thursday, July 9, 2026
Home Blog Page 305

പൊന്നടയില്‍ ഇന്ന് തറക്കല്ലിടും, കുടുംബത്തെയും ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് തണലൊരുങ്ങുന്നു

0

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വയനാട് പൊന്നടയിൽ വീട് ഒരുങ്ങുന്നു. തൃശൂർ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും.

നേരത്തെ, വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറിയിരുന്നു. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം എത്തുന്നത്. വീട് വെച്ചു നല്‍കുമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ ശ്രുതിയുടെ താല്‍പ്പര്യം അനുസരിച്ച് കല്‍പ്പറ്റയില്‍ തന്നെ വീട് വെക്കാനുള്ള തുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കിയത്.

ഭൂമി തരം മാറ്റം  അദാലത്ത് ഒക്ടോബർ 25 മുതൽ നവംബർ 15 വരെ

0

ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബർ 25 ന് സംസ്ഥാന തല ഉദ്ഘാടനം നടക്കും. ഓരോ താലൂക്കിലേയു സമയ ക്രമം നിശ്ചയിക്കുന്നതിന് ലാൻറ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. 25 സെൻറിൽ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള ഫോം5, ഫോം 6   അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഇപ്രകാരം അപേക്ഷകൾ പോർട്ടലിൽ സജ്ജീകരിക്കുന്നതിനായി സംസ്ഥാന ഐടി സെല്ലിന് നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് അദാലത്തുകൾ സംഘടിപ്പിക്കുക. അദാലത്തിന് മുൻപായി സംസ്ഥാനാടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണർ, അഗ്രികൾച്ചറൽ സെക്രട്ടറി, പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, ജില്ലാ കളക്ടർമാർ എന്നിവരുടെ സംയുക്ത യോഗം ചേരും.  അദാലത്തിൽ പരിഗണിക്കുന്ന അപേക്ഷകർക്കുള്ള അറിയിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് പ്രത്യേക സന്ദേശം അയക്കുവാൻ നിർദ്ദേശം നൽകിയാതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു.

തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി 2023 ൽ നടത്തിയ ഒന്നാം ഘട്ട അദാലത്തുകൾ ആർഡിഒ ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു. അതിൽ വലിയ തോതിൽ അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞിരുന്നു. 2024 സെപ്തംബറോടെ സംസ്ഥാനത്തെ 27 ആർഡിഒ മാർക്കൊപ്പം ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി തരം മാറ്റ അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം നൽകി നിയമസഭ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ആർഡിഒ മാരും ഡെപ്യൂട്ടി കളക്ടർമാരുമാണ് ഇപ്പോൾ തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ തീർപ്പാക്കാനുള്ള രണ്ടര ലക്ഷം അപേക്ഷകളിൽ വലിയൊരു ശതമാനം അദാലത്തിലൂടെ തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, ഒരു വയസുകാരന് ദാരുണാന്ത്യം

0

ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേണ് മരണം.

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

0

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്.ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാര്‍ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്രഡ്ജറിലുണ്ട്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍‌ പങ്കാളികളായിരുന്നു.

അര്‍ജുന്‍റെ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും കഴിഞ്ഞ ദിവസം ഷിരൂരിൽ തെരച്ചിൽ നടത്തുന്ന സ്ഥലത്തെത്തിയിരുന്നു. പിന്നീട് അവർ തിരികെ പോയി. തെരച്ചിലിൽ പങ്കാളികളായിരുന്ന നാവിക സേനയും ഇന്നലെയാണ് മടങ്ങിപ്പോയത്. തുടര്‍ന്ന് ഇന്നും തെരച്ചില്‍ നടത്തിയിരുന്നു. ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഫോറന്‍സിക് ഉദ്യോഗസ്ഥരുള്‍പ്പടെ സ്ഥലത്തുണ്ട്.

ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

0

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

0

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്‍റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. വിധി പകർപ്പ് വന്ന ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖിന്‍റെ അഭിഭാഷകൻ അറിയിച്ചു.

ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായുള്ള തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘം വേഗത്തിൽ നീങ്ങിയേക്കും. അതേസമയം, ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷമയായിരിക്കും തുടര്‍ നടപടിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി വരെ സിദിഖ് കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നുവെന്നും ഇന്ന് അവിടെ നിന്ന് മാറി നില്‍ക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സിദ്ദിഖിന്‍റെ ഫോണും സ്വിച്ച് ഓഫ് ആണ്. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. അടിസ്ഥാനനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം, സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിനെതിരായ തെളിവുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. യുവനടിയാണ് പരാതി സിദ്ദീഖിനെതിരെ നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. മാതാപിതാകൾക്കും ഒരു സുഹൃത്തിനും ഒപ്പമാണ് പരാതിക്കാരി ഹോട്ടലിൽ എത്തിയത്. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

വീണ്ടും ഉജ്ജ്വല പ്ലാന്‍! ദിവസം 2 ജിബി ഡാറ്റ, ഫ്രീ കോള്‍, മറ്റാനുകൂല്യങ്ങള്‍

0

ആകര്‍ഷകമായ ഡാറ്റ പ്ലാനുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ബിഎസ്എന്‍എല്ലിന്‍റെ മറ്റൊരു കിടിലന്‍ പാക്കേജ് കൂടി. 160 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും പ്രദാനം ചെയ്യുന്ന പ്ലാനാണിത്. മറ്റ് ചില മേന്‍മകളും ഈ റീച്ചാര്‍ജ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു. 

ദിവസവും രണ്ട് ജിബി ഡാറ്റയാണോ നിങ്ങളുടെ ലക്ഷ്യം. ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 160 ദിവസത്തെ വാലിഡിറ്റിയില്‍ എത്തുന്ന ഈ പാക്കേജിന് 997 രൂപയാണ് വില. ആകെ 320 ജിബി ഡാറ്റ ഇക്കാലയളവില്‍ ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമെ മറ്റ് ചില ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പമുണ്ട്. ദിനംപ്രതി രണ്ട് ജിബി ഡാറ്റ ലഭിക്കുന്നതിന് പുറമെ ദിവസവും 100 സൗജന്യ എസ്എംഎസുകള്‍ വീതവുമുണ്ട്. അണ്‍ലിമിറ്റഡ് വോയിസ് കോളാണ് 997 രൂപ റീച്ചാര്‍ജിന്‍റെ മറ്റൊരു ആകര്‍ഷണം. ഇതിനെല്ലാം പുറമെ ആകര്‍ഷകമായ ഗെയിംസ്, മ്യൂസിക് സേവനങ്ങളും 997 രൂപ പാക്കേജില്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് നല്‍കുന്നു. ബിഎസ്എന്‍എല്ലിന്‍റെ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി ഈ പാക്കേജ് റീച്ചാര്‍ജ് ചെയ്യാം. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഎസ്എന്‍എല്ലിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പുതുതായി എത്തുന്നത്. സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ സാമ്പത്തികമായി മെച്ചമുള്ളത് ബിഎസ്എന്‍എല്‍ ആണെന്നതായിരുന്നു ഇതിന് ആദ്യ കാരണം. പിന്നാലെ ബിഎസ്എന്‍എല്‍ 4ജി വ്യാപനവും വേഗത്തിലാക്കിയതോടെ പൊതുമേഖല ടെലികോം നെറ്റ്‌വര്‍ക്കിന്‍റെ സേവനങ്ങള്‍ നേടി ഉപഭോക്താക്കള്‍ ഇരച്ചെത്തി. ഈ തക്കം മുതലാക്കി ആകര്‍ഷകമായ ഡാറ്റ പ്ലാനുകളുമായി പോയ കളം തിരിച്ചുപിടിക്കുകയാണ് ബിഎസ്എന്‍എല്‍. 

ഇതാ വീണ്ടും സ്റ്റൈലിഷ് മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രം

0

ഫാഷന്‍ സെന്‍സില്‍ മമ്മൂട്ടിയെ മറികടക്കാന്‍ മലയാള സിനിമയിലെ ചെറുപ്പക്കാര്‍ക്കുപോലും കഴിയാറില്ലെന്ന് പറയാറുണ്ട്. ഫിറ്റ്നസില്‍ എക്കാലവും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള മമ്മൂട്ടി ഈ 73-ാം വയസിലും ശരീര സംരക്ഷണത്തില്‍ ഗൗരവം കൊടുക്കുന്നുണ്ട്. സിനിമയിലെ ഏത് തരം റോളിലും തന്നിലെ അഭിനേതാവിനെ പൂര്‍ണ്ണമായും വിട്ടുനല്‍കാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കുന്ന ഒരു ഘടകവും ഇത് തന്നെ. സ്ക്രീനിന് വെളിയില്‍ അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ട്രെന്‍ഡ് സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മമ്മൂട്ടിയുടെ പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്.

പ്രിന്‍റുകള്‍ ഉള്ള പ്ലസ് സൈസ് ഹാഫ് സ്ലീവ് ഷര്‍ട്ടും അതേ നിറത്തിലുള്ള പാന്‍റ്സും മാച്ച് ചെയ്യുന്ന ഷൂസും തൊപ്പിയുമൊക്കെയാണ് വൈറല്‍ ചിത്രത്തില്‍ മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ഒപ്പം സണ്‍ ഗ്ലാസും ധരിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. ഫേസ്ബുക്കില്‍ 68,000, എക്സില്‍ 6800, ഇന്‍സ്റ്റയില്‍ 6.14 ലക്ഷം എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച ലൈക്കുകള്‍. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ കമന്‍റുകളാണ് ആരാധകരില്‍ അധികവും നല്‍കിയിരിക്കുന്നത്.

അതേസമയം സിനിമകളുടെ തെരഞ്ഞെടുപ്പിലും നടത്തിയ പ്രകടനത്തിലും ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് ഏറ്റവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ ടര്‍ബോ ആണ് മമ്മൂട്ടിയുടേതായി അവസാനം എത്തിയ റിലീസ്.  നവാഗതനായ ഡീനൊ ഡെന്നിസിന്‍റെ സംവിധാനത്തിലെത്തുന്ന ബസൂക്ക, ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് ഗൗതം മേനോന്‍റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റമാണ്.

മങ്കിപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

0

സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

എലിപ്പനി പ്രതിരോധത്തില്‍ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. ഇടവിട്ട മഴ തുടരുന്നതിനാല്‍ പലതരം പകര്‍ച്ച പനികള്‍ തുടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കാണുന്നുണ്ട്. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടി ഏത് പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണം.

വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവയെ പ്രതിരോധിക്കാന്‍ തിളിപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പ്രാദേശികമായി ഒരു പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്താല്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ കമ്മിറ്റികളിലെ ചര്‍ച്ചകളിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎസ്എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

യുവതിയെ പീഡിപ്പിച്ച് മുങ്ങി, ഒളിവിലിരിക്കെ കോഴിക്കോട്ടെ യൂട്യൂബർ 13 തവണ നമ്പര്‍ മാറ്റി; ബസ് തടഞ്ഞ് പൊക്കി

0

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യൂട്യൂബറെ പൊലീസ് ബസ് തടഞ്ഞ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് കക്കോടി മോരിക്കര സ്വദേശിയും യൂട്യൂബറുമായ ഫായിസ് മൊറൂലി(35)നെ പൊലീസ് സംഘം വിദഗ്ധമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

മൂന്ന് മാസം മുന്‍പാണ് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിന് ശേഷം ഒളിവില്‍ പോയ ഫായിസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ പതിമൂന്നിലേറെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചതായാണ് ലഭിക്കുന്ന സൂചന. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പ്രതി ഇത്രയും നാള്‍ താമസിച്ചത്. 

ഫായിസ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ മനസ്സിലാക്കിയ അന്വേഷണ സംഘം ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കോഴിക്കോട് എത്തിയതായി സ്ഥിരീകരിച്ചു.  എന്നാല്‍ പോലീസിന്റെ സാനിധ്യം മനസ്സിലാക്കിയ ഫായിസ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തേക്കുള്ള ബസ്സില്‍ കയറുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന പൊലീസ് മലപ്പുറം വളാഞ്ചേരിയില്‍ വച്ച് ബസ് തടഞ്ഞ് ഫായിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്‍റെ നേതൃത്വത്തില്‍ എഎസ്‌ഐ ബിന്ദു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാകേഷ്, വിജ്‌നേഷ്, റോഷ്‌നി എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ ഫായിസിനെ റിമാന്റ് ചെയ്തു.