spot_img
Thursday, July 9, 2026
Home Blog Page 306

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി

0

2025 വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6-ലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 

ഇതിൽ 3768 അപേക്ഷകൾ 65+ വയസ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ  1,32,511  അപേക്ഷകളാണ് ലഭിച്ചത്.  അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

സ്‌പാം മെസേജുകള്‍ ഇനി തലവേദനയാവില്ല; തകര്‍പ്പന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

0

മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുകള്‍ കൊണ്ടുവരുന്നു. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യുന്ന (Block Unknown Account Messages) സംവിധാനമാണ് ഇതിലൊന്ന്. ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ ലഭിച്ചുകഴിഞ്ഞു. 

അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകളില്‍ നിന്ന് യൂസര്‍മാരെ സംരക്ഷിക്കുന്ന ഫീച്ചര്‍ ബീറ്റ വേര്‍ഷനില്‍ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും. എന്നാല്‍ ഇതിനായി സെറ്റിംഗ്‌സില്‍ ചെന്ന് ഫീച്ചര്‍ ഇനാബിള്‍ ചെയ്യേണ്ടതുണ്ട്. വാട്‌സ്ആപ്പ് മെനുവിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ‘പ്രൈവസി-അഡ്വാന്‍സ്‌ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഇനാബിള്‍ ചെയ്യാം. നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിനൊപ്പം, ഡിവൈസിന്‍റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് വാട്‌സ്ആപ്പിന്‍റെ വിശദീകരണം. എന്നാല്‍ വെറുതെയങ്ങ് അപരിചിതമായ നമ്പറില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല എന്നും മനസിലാക്കുക. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ കുമിഞ്ഞുകൂടിയാലേ ഈ ഫീച്ചര്‍ ആക്റ്റീവ് ആവുകയുള്ളൂ എന്നാണ് സൂചന. സ്‌പാം മെസേജുകള്‍ വാട്‌സ്ആപ്പ് ഉപയോഗം ക്ലോശകരമാക്കുന്നതിന് തടയിടാന്‍ പുത്തന്‍ ഫീച്ചറിനായേക്കും എന്ന് മെറ്റ കരുതുന്നു. 

ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ആഗോളവ്യാപകമായി ഈ ഫീച്ചര്‍ വാട്‌സ്ആപ്പിലേക്കെത്താന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ക്കൊപ്പമാണ് അണ്‍നോണ്‍ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്. ഈ മൂന്ന് ഫീച്ചറുകളും സ്‌മാര്‍ട്ട്ഫോണ്‍ ആപ്പില്‍ മാനുവലി ഇനാബിള്‍ ചെയ്‌ത് ഉപയോഗിക്കേണ്ടവയാണ്. 

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

0

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഇത്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസിൽ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണ്.

കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചാൽ മാത്രമേ അത് കുറ്റകരമാകുകയുള്ളു എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെതിരെ ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്.

ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ പോക്‌സോ നിയമ പ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമ പ്രകാരവും, ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന സാഹചര്യമായിരുന്നു മദ്രാസ് ഹൈക്കോടതി വിധിപ്രകാരം ഉണ്ടായത്.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരവും, ഐടി നിയമ പ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാൽ അത് പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി ഇതിനൊപ്പം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റീസ് പദ്ദിവാല എന്നിവർ ഉൾപ്പെടുന്നതാണ് ബെഞ്ച്. ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോയിറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയൽ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അടുത്തിടെ കേരള ഹൈക്കോടതി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓട്ടോമാറ്റിക് ആയി ഡൌൺലോഡ് ആവുന്നത് ഐ ടി ആക്ട് പ്രകാരം കുറ്റകരമാവില്ലെന്ന് വിധിച്ചിരുന്നു. ഇത്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസിൽ അറിയിക്കാതിരിക്കുന്നത് കുറ്റകരമാകുമെന്ന് കൂടിയാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

സില്‍ക്ക് സ്‍മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം

0

ജീവിച്ചിരുന്നപ്പോള്‍ സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നിട്ടും ആഘോഷിക്കപ്പെടാതെ, എന്നാല്‍ മരണശേഷം ആഘോഷിക്കപ്പെട്ട കലാകാരി. സില്‍ക്ക് സ്മിതയെപ്പോലെ ഈ വിശേഷണത്തിന് അനുയോജ്യയായ മറ്റൊരാള്‍ തെന്നിന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായിരിക്കും. ഇന്നും പകരം വെക്കാനില്ലാത്ത സാന്നിധ്യമായ ഈ കലാകാരി ജീവിതത്തിന്‍റെ ബി​ഗ് സ്ക്രീനില്‍ നിന്ന് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 28 വര്‍ഷങ്ങള്‍. 

ദാരിദ്യം കൊണ്ട് നാലാം ക്ലാസില്‍ പഠനം നിർത്തേണ്ടിവന്നയാളാണ് സ്മിത. വിജയലക്ഷ്മി എന്നായിരുന്നു ശരിക്കുള്ള പേര്. ആന്ധ്ര പ്രദേശിലെ എല്ലൂര്‍ സ്വദേശിയായ വിജയലക്ഷ്മി പിന്നീട് അക്കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ തന്നെ കേന്ദ്രമായിരുന്ന മദ്രാസിലെ കോടമ്പാക്കത്തേക്ക് എത്തി. 1978 ൽ കന്നഡ ചിത്രമായ ബെഡിയിൽ മുഖം കാണിച്ചാണ് സിനിമയിലെ അരങ്ങേറ്റം.1979 ല്‍ വണ്ടിചക്രമെന്ന തമിഴ് ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് കരിയര്‍ ബ്രേക്ക് ആയത്. സ്മിതയുടെ സാന്നിധ്യം സിനിമകള്‍ക്ക് മിനിമം ​ഗ്യാരന്‍റി കൊടുക്കുന്ന ഒരു കാലമാണ് പിന്നീട് ഉണ്ടായത്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍പ്പോലും സില്‍ക്ക് സ്മിത ഒരു അഭിവാജ്യ ഘടകമായി. ഒരു ​ഗാനരം​ഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോലും സില്‍ക്ക് സ്മിത അന്ന് വാങ്ങിയത് അതത് ചിത്രങ്ങളിലെ നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ്. ഒന്നര പതിറ്റാണ്ട് കാലം സില്‍ക്ക് ഇന്ത്യന്‍ സിനിമയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ടവളായി. മാദകത്വമുള്ള ശരീരം കൊണ്ടുള്ള അനായാസ ചുവടുകളും കണ്ണിലെ കനൽ കൊണ്ടും തിരശ്ശീലയിൽ  തീ പൊഴിച്ച സ്മിത 17 വർഷം കൊണ്ട് അഭിനയിച്ചത് 450 ലേറെ സിനിമകളിലാണ്.

കടിച്ച ആപ്പിളിന് പോലും പൊന്നും വിലയിട്ട, തരത്തിലുള്ള ഒരു ആരാധകക്കൂട്ടം അന്ന് മറ്റൊരു താരത്തിനും ഉണ്ടായിരുന്നില്ല. ഒടുവില്‍ സ്വയം മരണം തെരഞ്ഞെടുത്തപ്പോള്‍ അവരുടെ മൃതദേഹത്തിന് ചുറ്റും തടിച്ച്കൂടാന്‍ പക്ഷേ ആരും ഉണ്ടായില്ല. മുപ്പത്തി ആറാം വയസ്സിലായിരുന്നു അത്. 1996 സെപ്റ്റംബർ 23 ന് കോടമ്പാക്കത്തെ വസതിയിലാണ് സ്മിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന്  വിവിധ പരിശോധനകൾ സ്ഥിരീകരിച്ചു. പക്ഷേ എന്തിന് എന്ന വലിയ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ഉണ്ടായിരുന്നില്ല. അന്നും ഇന്നും.

സില്‍ക്ക് സ്മിതയുടെ ഡേറ്റിനായി ക്യൂ നിന്നവരും ചിത്രങ്ങള്‍ കാണാന്‍ ആദ്യദിനം തിയറ്ററില്‍ ഇരച്ചെത്തിയവരും അവരെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല. ഒരു അനാഥശവം പോലെ അവ‍ർ മദിരാശി നഗരത്തില്‍ എവിടെയോ അലിഞ്ഞുചേർന്നു. ഒരു വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും സില്‍ക്ക് സ്മിത പരി​ഗണിക്കപ്പെട്ടുതുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഹിന്ദിയിലും കന്നടയിലും മലയാളത്തിലും സ്മിതയുടെ ജീവിതം പ്രചോദനമായ സിനിമകൾ വന്നു. ഒരു പാടു സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ആ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാൻ ഉണ്ടായ കാരണം മാത്രം പ്രേക്ഷകർക്ക് ഇപ്പോഴും അജ്ഞാതം. 

ഡാറ്റ പ്ലാനുകളില്‍ മത്സരം; മൂന്ന് പുതിയ റീച്ചാര്‍ജുകളുമായി എയര്‍ടെല്‍

0

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ മൂന്ന് പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഈ മൂന്ന് റീച്ചാര്‍ജുകളും ഡാറ്റ വൗച്ചറുകളാണ്. 161, 181, 351 രൂപയുടെ റീച്ചാര്‍ജ് ഓപ്ഷനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 181 രൂപയുടെ പ്ലാന്‍ നേരത്തെയുണ്ടായിരുന്നതാണെങ്കിലും ബെനഫിറ്റുകളില്‍ മാറ്റം വന്നു. 

161 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന് 30 ദിവസമാണ് വാലിഡിറ്റി. ഇത് സര്‍വീസ് വാലിഡിറ്റിയല്ല, ഡാറ്റ വൗച്ചറിന്‍റെ വാലിഡിറ്റിയാണ്. 30 ദിവസത്തേക്ക് 12 ജിബി ഡാറ്റയാണ് 161 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ നല്‍കുന്നത്. അതേസമയം 181 രൂപയുടെ പ്ലാനും 30 ദിവസ വാലിഡിറ്റിയിലാണ് വരുന്നത്. 15 ജിബി ഡാറ്റയാണ് ലഭ്യമാവുക. 20+ ഒടിടികളിലേക്കുള്ള പ്രവേശനം ഈ റീച്ചാര്‍ജ് പ്ലാന്‍ ഉറപ്പുനല്‍കുന്നു. എയര്‍ടെല്‍ എക്‌സ്‌സ്ട്രീം അടക്കമാണ് ഒടിടി. മുമ്പ് 181 രൂപയുടെ റീച്ചാര്‍ജില്‍ 30 ദിവസത്തേക്ക് ദിനംപ്രതി ഓരോ ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കിയിരുന്നത്. എന്നാല്‍ ദിവസവും ഓരോ ജിബി ഡാറ്റ ലഭിക്കണമെങ്കില്‍ ഇപ്പോള്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ 211 രൂപ നല്‍കണം. 

361 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 50 ജിബി ഡാറ്റയാണ് ഭാരതി എയര്‍ടെല്‍ നല്‍കുന്നത്. 30 ദിവസമാണ് ഈ പ്ലാനിന്‍റെയും വാലിഡിറ്റി. ദിവസം 1.5 ജിബി ഡാറ്റ നല്‍കുന്ന 26 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഏഴ് ദിവസത്തെ വാലിഡിറ്റിയില്‍ 5 ജിബി ഡാറ്റ നല്‍കുന്ന 77 രൂപയുടെ പാക്കേജും എയര്‍ടെല്ലിനുണ്ട്. 121 രൂപയുടെ പാക്കേജില്‍ 30 ദിവസത്തേക്ക് 6 ജിബി ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നു. 

ഷിരൂരിൽ  ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും.

0

കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും.നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. 

കാലാവസ്ഥ വെല്ലുവിളിയാകുന്നു. ഉത്തര കന്നഡ ജില്ലയിൽ അടുത്ത മൂന്നു ദിവസം കനത്ത മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഉത്തരകന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്നു ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.

ഡ്രഡ്ജര്‍ കമ്പനിയുട ഡൈവര്‍മാരും നാവികേസനയുടെ ഡൈവര്‍മാരും പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുന്നതും മഴയെ തുടര്‍ന്ന് തടസപ്പെടാൻ സാധ്യതയുണ്ട്. നിലവില്‍ ഡ്രഡ്ജിങ് കമ്പനിക്ക് പുറമെ നാവിക സേനയുടം സ്ഥലത്തെത്തിയിട്ടുണ്ട്. നാവിക സേന നടത്തിയ തെരച്ചിലിൽ ടവറിന്‍റെ ഭാഗം പുഴയിൽ നിന്ന് എടുത്തു. മണ്ണിടിച്ചിലിൽ ഇലക്ട്രിക് ടവര്‍ പൊട്ടി വീണിരുന്നു. ഇതിന്‍റെ ഭാഗമാണ് ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തത്. നിലവില്‍ നാവിക സേനയും ഡ്രഡ്ജിങ് കമ്പനിയും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്. 

അതേസമയം, ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. 

ഈശ്വർ മാൽപെ മടങ്ങി 

ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ തന്നെ തെരച്ചിലിൽ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് ഇത് ഒരു തർക്കമായി. പിന്നീട് ഈശ്വർ മാൽപെ ഇന്നലെ ടാങ്കർ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്. അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അർജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കെഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പോലിസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മാൽപെ പിണങ്ങി ഇറങ്ങിപ്പോയത്. 

മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ

0

മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില്‍ ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്ക്രീനില്‍ മധു നിറഞ്ഞുനിന്നു. 

നാടകാഭിനയം തലയ്ക്ക് പിടിച്ച് കോളെജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മാധവൻ നായർ എന്ന മധുവിന്‍റെ കലാജീവിതത്തിന്‍റെ തുടക്കം. പിന്നീട് സിനിമയിലേക്കുള്ള രംഗപ്രവേശം. നസീറും സത്യനും കത്തി നിന്ന കാലത്താണ് വേറിട്ട അഭിനയശൈലിയുമായി മധുവിന്‍റെ വരവ്. ജോണ്‍ എബ്രഹാമും അടൂരും പി എൻ മേനോനും അടക്കമുള്ള നവസിനിമാക്കാരുടെയും പരീക്ഷണ നായകനായി മധു. ചെമ്മീൻ, ഭാർഗ്ഗിവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം ഇങ്ങനെ മലയാള സിനിമയില്‍ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളില്‍ മധു പ്രൗഢ സാന്നിധ്യമായി. ഒരുപക്ഷേ മലയാള സിനിമയുടെ തന്നെ ചരിത്രവുമാണ് ആ യാത്ര.  അമിതാബ് ബച്ചന്‍റെ അരങ്ങേറ്റ ചിത്രം സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ബോളിവുഡിലുമെത്തി മധു. 

ഈ നീണ്ട അഭിനയകാലത്ത് തേടിയെത്തിയ ബഹുമതികൾ അനേകം. പിറന്നാൾ ദിനത്തിൽ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്ന് മധുവിന്‍റെ സിനിമാ ജീവിതത്തെകുറിച്ച് ഒരു വെബ് സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. അര്‍ഥപൂര്‍ണ്ണമായ ആ കലാജീവിതത്തെക്കുറിച്ച് അറിയാനുള്ള കാര്യങ്ങളെല്ലാം ഉള്‍പ്പെട്ട വെബ് സൈറ്റ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. 

ഇടവേളക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0

ഇടവേളക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകുന്നു. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം23/09/2024: എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്24/09/2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്. ഉയർന്ന ലെവലിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളിൽ സ്ഥിതി ചെയ്യുന്നു. രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ സെപ്റ്റംബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ നേരിയ / ഇടത്തരം മഴ അടുത്ത 7 ദിവസം തുടരാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 23 & 24 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

അർജുനായുള്ള മൂന്നാം ഘട്ട തെരച്ചില്‍; നാവികസേന മാർക്ക് ചെയ്ത് 4-ാം പോയന്‍റില്‍ ഇന്ന് പരിശോധന

0

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ നടത്തുക. ഡ്രഡ്ജർ ഈ പോയന്‍റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക. സ്വമേധയാ പുഴയിൽ തെരച്ചിലിന് ഇറങ്ങുന്ന പ്രാദേശിക മുങ്ങൽ വിദഗ്‍ധൻ ഈശ്വർ മാൽപെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകൾ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്‍റിൽ തന്നെ തെരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്‍റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ച് നേപ്പാൾ സ്വദേശികളായ പ്രതികൾ

0


കൽപ്പറ്റ: വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ച് നേപ്പാൾ സ്വദേശികളായ പ്രതികൾ. പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ കുറ്റം സമ്മതിച്ചത്. റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. 

ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്ന് നൽകിയെന്നാണ് പാർവതിയുടെ പരാതി. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുഞ്ഞിനെ കൊല്ലാൻ മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭർത്താവും മകനുമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കുഞ്ഞിൻ്റെ മൃതദേഹം എവിടെ ഉപേക്ഷിച്ചുവെന്ന് കണ്ടെത്താനായില്ല. പാര്‍വതിയുടെ പരാതിയിൽ കല്‍പ്പറ്റയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പൊലീസിനോട് യുവതി പറഞ്ഞു. പരാതിയില്‍ പൊലീസ് കേസെടുക്കുകയും തുടർന്ന് ഭർത്താവിനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.