spot_img
Wednesday, July 8, 2026
Home Blog Page 327

‘ഉരുൾ പൊട്ടിയിട്ടുണ്ട്.. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ’; ഹൃദയം നുറുങ്ങുന്ന ഓർമയായി ദുരന്തവിവരം പുറം ലോകത്തെ അറിയിച്ച നീതു

0

ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്. അയൽവാസികളടക്കം നാൽപതോളം പേർക്ക് അഭയം കൊടുത്ത വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയതോടെ ഭർത്താവ് ജോജോയുടെ കൈയ്യിൽ നിന്ന് വഴുതി പോകുകയായിരുന്നു നീതു. നിലമ്പൂരിൽ നിന്ന് കണ്ടെടുത്ത നീതുവിന്റെ മൃതദേഹം ചൂരൽമല സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചു. ഒന്നുമറിയാതെ നാല് വയസുകാരൻ മകൻ അമ്മയേയും കാത്തിരിക്കുന്നു.

ദുരന്ത രാത്രിയുടെ എല്ലാ ഭീകരതയും, മനുഷ്യൻ്റെ ദൈന്യതയും നീതുവിൻ്റെ നിലവിളിയിലുണ്ടായിരന്നു. പ്രാണൻ കയ്യിൽ പിടിച്ചുള്ള കരച്ചിൽ നീതുവിനും കുടുംബത്തിനും വേണ്ടി മാത്രമായിരുന്നില്ല. ചൂരൽമല പുഴയിൽ മലവെള്ളം കുതിച്ചെത്തിയതിന് പിന്നാലെ നാൽപതോളം അയൽവാസികൾ പ്രാണരക്ഷാർത്ഥം ഓടിയെത്തിയത് നീതുവിൻ്റെയും ജോജോയുടെയും വീട്ടിലേക്കായിരുന്നു. വെള്ളാർമല സ്കൂളിന് പുറക് വശത്താണ് നീതുവിൻ്റെയും ജോജോയുടെയും ഈ വീട്. ചുറ്റും നിറയെ വീടുകളുണ്ടായിരുന്നു. എല്ലാം ഉരുൾ എടുത്തു.

വീടിന് ഇരുവശത്തിലൂടെയും രണ്ട് കൈവഴിയായി പുഴ ഗതിമാറി ഒഴുകിയതോടെ വീട് സുരക്ഷിതമാണെന്ന് കരുതിയിട്ടാവണം അയൽവാസികൾ ഇവിടേക്ക് ഓടിയെത്തിയത്. എന്നാൽ രണ്ടാമത്തെ ഉരുൾപൊട്ടലിന് പിന്നാലെ സാഹചര്യം മാറി.തങ്ങളും അപകടത്തിൽ ആണെന്ന് നീതുവിന് ബോധ്യമായി. നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയർ ഫോഴ്സും രക്ഷാവാഹനങ്ങളും പ്രദേശത്തേക്ക് പുറപ്പെട്ടത്.

ചാലിയാറിൽ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും

0

77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8246 പേർ

വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ഞായർ) ലഭിച്ചത് 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 75 ഉം ശരീര ഭാഗങ്ങൾ 142 ഉം ആയി. ആകെ 217 എണ്ണം. 38 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതുവരെ 212 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 203 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു.     ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍  ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസവും തുടർന്നു. ചാലിയാര്‍ പുഴയോട് ചേര്‍ന്ന  വനമേഖലയിലാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടന്നത്. വനം വകുപ്പും സംയുക്ത സംഘവും തിരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്. പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍ നിന്ന് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് കഴിയാവുന്ന ദൂരം തിരച്ചില്‍ നടത്തുന്നുണ്ട്.  മുണ്ടേരി ഫാമില്‍ നിന്നും നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ചാലിയാറിന്റെ മറ്റു ഭാഗങ്ങളില്‍   സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്. 

മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് – 221പുരുഷന്‍ – 97സ്ത്രീ -87കുട്ടികള്‍ -37ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം – 172 കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം – 166പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളുടെ എണ്ണം – 220പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീര ഭാഗങ്ങളുടെ എണ്ണം-160ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -71ജില്ലാ ഭരണകൂടത്തിന് കൈമാറിയ ശരീരഭാഗങ്ങളുടെ എണ്ണം – 132നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 37ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 135ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം- 568വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ – 91ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 253

വയനാട് ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8246 പേർ ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 2399 കുടുംബങ്ങളിലെ 8246 പേരെ മാറ്റി താമസിപ്പിച്ചു. ക്യാമ്പുകളില്‍ 3004 പുരുഷന്‍മാരും 3325 സ്ത്രീകളും 1917 കുട്ടികളുമാണ് ഉള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 17 ക്യാമ്പുകളിലായി 701 കുടുംബങ്ങളിലെ 2551 പേരാണുള്ളത്. ഇതില്‍ 943 പുരുഷന്‍മാരും 981 സ്ത്രികളും 627 കുട്ടികളും ഉണ്ട്.

കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ:വ്യാജ പ്രചരണം

0

വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്നും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി നായര്‍ ഐഎസിനോട് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

ദുരിതാശ്വാസ നിധിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അഖിൽ മാരാർക്കെതിരെ കേസ്

0

വയനാട് ദുരന്തത്തിൽപ്പെട്ടവർ‌ക്ക് വ്യാപകമായി സഹായങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട അഖിൽ മാരാർക്കെതിരെ നടപടി. കൊച്ചി ഇൻഫോപാർക്ക് പൊലീസ് ആണ് നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് താൻ പണം നൽകില്ലെന്നും ദുരന്തബാധിതർക്കായി അഞ്ചുസെന്റ് സ്ഥലത്തിൽ മൂന്ന് വീടുകൾ നിർമിച്ച് നൽകുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ അഖിൽ മാരാരുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്ന് അഖിൽ മാരാർ ആരോപിച്ചിരുന്നു. തന്റെ പാർട്ടിക്കാരെ മാത്രമാണ് മുഖ്യമന്ത്രി മനുഷ്യരായി കാണുന്നതെന്നും അവർക്ക് മാത്രം അദ്ദേഹം ദൈവമാണെന്നും സോഷ്യൽ മീഡിയയിലൂടെ അഖിൽ മാരാർ പറഞ്ഞു. പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ മാരാർ പരിഹസിച്ചിരുന്നു.

താൻ വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു. തനിക്ക് സിപിഐഎം അനുഭാവികളിൽ നിന്നും നിരവധി മോശം കമന്റുകൾ നേരിടേണ്ടി വന്നതായി അദ്ദേഹം സൂചിപ്പിച്ചു. കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാൾ വാഴട്ടെയെന്നായിരുന്നു ഫേസ്ബുക്കിലൂടെ തന്നെ അഖിൽ മാരാരുടെ പ്രതികരണം.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദുരന്തഭൂമിയിൽ

0

കല്‍പ്പറ്റ:കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു

രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഷിരൂരിൽ അർജുനായി നാളെ തിരച്ചിൽ

0

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഞായറാഴ്‌ച തിരച്ചിൽ നടത്തും. ഗംഗാവലി പുഴയിൽ വെള്ളം കുറയുന്നത്‌ പരിഗണിച്ചാണ്‌ തിരച്ചിൽ. ഞായറാഴ്‌ച പുഴയിലിറങ്ങുമെന്ന്‌ ഉഡുപ്പിയിലെ മുങ്ങൽ വിദഗ്‌ദൻ ഈശ്വർ മാൽപെ പറഞ്ഞു. ട്രക്ക്‌ മണ്ണിലുണ്ടെന്ന്‌ കരുതുന്ന പോയന്റിലാകും തിരച്ചിൽ. കനത്ത മഴയും കാലാവസ്ഥയും കാരണം അർജുനായുള്ള തിരച്ചിൽ നിർത്തിവച്ചിരുന്നു. 14 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും അർജുനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മുതൽ ഷിരൂർ ദേശീയ പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ​ഗതാ​ഗതം ആരംഭിച്ചിരുന്നു.

ജൂലായ് 16-ന് രാവിലെയാണ് ഉത്തര കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനെ കാണാതായത്. അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസം എത്തിയപ്പോഴാണ് ട്രക്ക് പുഴയിലുള്ള മൺകൂനയിലുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ കനത്ത അടിയൊഴുക്ക് കാരണം രക്ഷാസംഘത്തിന് പുഴയ്ക്കടിയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

ചാലിയാറിൽ നിന്ന് ഇന്ന് ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും

0

വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ശനി) ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും. ഇതോടെ ചാലിയാറിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 73 ഉം ശരീര ഭാഗങ്ങൾ 132 ഉ മായി. ആകെ 205 എണ്ണം. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതുവരെ 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു.

ദുരന്ത ബാധിത പ്രദേശത്ത് രാത്രിയിൽ പോലീസ് നിരീക്ഷണം

0

മേപ്പാടി:ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല , മുണ്ടക്കൈ പ്രദേശത്ത് പോലീസിൻ്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിൻ്റെ പേരിലോ അല്ലാതയോ പോലീസിൻ്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല.

ആഭരണങ്ങളും വിലപിടിപ്പുള്ളവയും കൺട്രോൾ റൂമിൽ ഏൽപ്പിക്കാൻ നിര്‍ദേശം; സന്നദ്ധ സേവകര്‍ രജിസ്റ്റര്‍ ചെയ്യണം

0

കൽപ്പറ്റ: വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ  റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു.  ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക്  നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ ലഭിച്ച വസ്തുക്കൾ പൊലീസിന് കൈമാറി രസീത് കൈപറ്റണം  ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണം.

മുണ്ടക്കൈ ചൂരൽമല സന്നദ്ധ സേവനം; പ്രവേശനം രജിസ്റ്റർ ചെയ്തവർക്ക് മാത്രം

ഉരുൾപൊട്ടൽ ദുരന്ത മേഖലയായ മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഞായറാഴ്ച രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യു വകുപ്പിൻ്റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. ഇവിടെയുള്ള കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്തമേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റർ ചെയ്താൽ മതിയാകും.

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ  ആഗസ്റ്റ് ആറു മുതൽ

0

    പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് 6, 7, 8  തീയതികളിൽ നടക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ജൂലൈ 31 ന് വൈകിട്ട് 4 മണി വരെ നൽകിയിരുന്നു. ഇത്തരത്തിൽ ആകെ ലഭ്യമായ 23908 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 23507 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് 6 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിലെ ‘ട്രാൻസ്ഫർ അലോട്ട് റിസൾട്ട്സ്’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് ഔട്ട് എടുത്ത് നൽകേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂൾ / കോഴ്സിൽ ആഗസ് 6 ന് രാവിലെ 10 നും ആഗസ്ത് 8 ന് വൈകിട്ട് 4 മണിക്കും ഉള്ളിൽ പ്രവേശനം നേടേണ്ടതാണ്. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ആഗസ്റ്റ് 6 ന് പ്രസിദ്ധികരിക്കുന്നതാണെന്നും അറിയിച്ചു.