വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ജൂൺ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറഞ്ഞത്. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.
സംസ്ഥാനത്ത് മഴ തുടരുന്നു; രണ്ടു ജില്ലകളിൽ യെലോ അലർട്ട്
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് രണ്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്കു സാധ്യതുണ്ട്. കോട്ടയം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും രാവിലെ മുതൽ പരക്കെ മഴയുണ്ട്
അടുത്ത മണിക്കൂറുകളില്‍ തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 4 വരെ മഴ തുടരുമെന്നാണ് പ്രവചനം
കെഎസ്ആർടിസി ബോർഡും വച്ച് റോഡിലിറങ്ങി ‘സ്വകാര്യ ബസ്’; തടഞ്ഞ് പൊലീസ്
പത്തനാപുരം: കെഎസ്ആർടിസിയുടെ ബോർഡും വച്ച് ഓടുന്ന ഒരു സ്വകാര്യ ബസ്. ആദ്യം കണ്ട യാത്രക്കാർ ഒന്നടങ്കം ചോദിച്ചു ഇത് എന്ത് പുകിൽ, ബസ് ചീറിപ്പായുന്നത് കണ്ട ട്രാഫിക് പൊലീസ് ബസ് തടഞ്ഞ് പരിശോധിക്കുന്നു. ഡിപ്പോയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ബസ് തടയുന്നു. ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ പത്തനാപുരത്തേക്ക് ഒരു ബസ് ഓടിയപ്പോൾ സംഭവിച്ച കാര്യങ്ങളാണിത്. പൊലീസുകാരോടും യാത്രക്കാരോടും ബസിലെ ജീവനക്കാർ കാര്യം പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.
വാഹനനിർമ്മാതാക്കളായ ഐഷർ തങ്ങളുടെ വാഹനം കെഎസ്ആർടിസിക്ക് ടെസ്റ്റ് ഡ്രൈവിംഗിന് നൽകിയിരുന്നു. ഈ ബസാണ് എല്ലാവരെയും കുഴക്കിയത്. നേരത്തെ കോഴിക്കോട് സർവീസ് നടത്തിയിരുന്ന ഈ ബസ് കമ്പനി തന്നെ ഏറ്റെടുത്ത് കെഎസ്ആർടിസിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച ടെസ്റ്റ് ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മലയോര പാതകളിൽ അടക്കം സർവീസ് നടത്തുന്ന ഈ ബസിന്റെ ടെസ്റ്റിംഗ് വിജയം കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങാൻ കരാറിൽ ഏർപ്പെടും. നിലവിൽ മൂന്ന് കമ്പനികളുടെ ബസാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. നേരത്തെ മറ്റൊരു ബസും പരീക്ഷണ ഓട്ടം നടത്താൻ പത്തനാപുരം ഡിപ്പോയിൽ എത്തിച്ചിരുന്നു.വാഹനത്തിന്റെ മൈലേജ്, യാത്രക്കാരുടെ പ്രതികരണം തുടങ്ങിയവയാണ് പരീക്ഷണ ഓട്ടത്തിൽ പരിശോധിക്കുകയെന്ന് അധികൃതർ അറിയിച്ചു. ബസ് കണ്ട യാത്രക്കാർ ആദ്യം ചോദിച്ചത് പ്രൈവറ്റ് ബസ് കെഎസ്ആർടിസി ഏറ്റെടുത്തോ എന്നായിരുന്നു. പാപ്പനംകോട് നിന്നും വാഹനം പത്തനാപുരത്തേക്ക് എത്തിച്ച ഡ്രൈവറുടെ വാക്കുകളിലേക്ക്…’പാപ്പനംകോട് നിന്നായിരുന്നു ഞങ്ങൾ ഈ വണ്ടിയെടുത്തത്. അവിടെ നിന്ന് പത്തനാപുരം ബോർഡ് വച്ചാണ് ഞങ്ങൾ വരുന്നത്. തമ്പാനൂർ എത്തി ബസ് സ്റ്റാൻഡിൽ കയറാൻ ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസ് കൈകാട്ടി. അദ്ദേഹം ആദ്യം കരുതിയത്, ഇത് സ്വകാര്യ ബസാണെന്നാണ്. പിന്നീടാണ് ഞങ്ങൾ ഇത് കെഎസ്ആർടിസിയുടെ ബസാണെന്ന് പറഞ്ഞ് മനസിലാക്കിയത്. വഴിയിൽ കാത്തുനിന്ന യാത്രക്കാരും ബസിൽ കയറാൻ മടിച്ചു. പിന്നീട് കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണെന്ന് പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് യാത്രക്കാർ കയറിയത്
ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു , ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ഉറച്ച പിന്തുണ നൽകിയ അക്ഷർ പട്ടേലും ശിവം ദുബെയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി.ക്യാപ്റ്റൻ രോഹിത് ശർമയും (അഞ്ച് പന്തിൽ ഒൻപത്) ഋഷഭ് പന്തും, സൂര്യകുമാർ യാദവും (അഞ്ച് പന്തിൽ മൂന്ന്) പവർപ്ലേ അവസാനിക്കും മുൻപേ പുറത്തായിരുന്നു.
മാർകോ ജാൻസന്റെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോലി തുടങ്ങിയത്. ആദ്യ ഓവറിൽ ഇന്ത്യ നേടിയത് 15 റൺസ്. രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്ക സ്പിന്നര്‍ കേശവ് മഹാരാജിനെ ഇറക്കിയപ്പോൾ ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയായിരുന്നു രോഹിത് ശർമയുടെ മറുപടി.എന്നാൽ നാലാം പന്തിൽ രോഹിത്തിന് അടി പതറി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു. പിന്നാലെയെത്തിയ ഋഷഭ് പന്ത് ഒരു റൺ കൂട്ടിച്ചേർക്കും മുൻപേ പോയി. കേശവ് മഹാരാജിന്റെ പന്ത് ഋഷഭിന്റെ ബാറ്റിൽ തട്ടി ഉയർന്നപ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ പിടിച്ചെടുക്കുകയായിരുന്നു.കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിൽ സൂര്യകുമാർ യാദവും പുറത്തായി. മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ അക്ഷർ പട്ടേലിനെ നേരത്തേയിറക്കി. എയ്ഡന്‍ മാർക്രത്തെയും കേശവ് മഹാരാജിനെയും സിക്സർ പറത്തിയ അക്ഷര്‍ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. സ്പിന്നർമാരെ ഇറക്കി റണ്ണൊഴുക്കു തടയുകയെന്നതായിരുന്നു മധ്യഓവറുകളിലെ ദക്ഷിണാഫ്രിക്കൻ തന്ത്രം. 10 ഓവറിൽ 75 റൺസാണ് ഇന്ത്യ നേടിയത്.സ്കോര്‍ 100 പിന്നിട്ടതിനു പിന്നാലെ അക്ഷർ പട്ടേല്‍ വീണു. 14–ാം ഓവറിൽ റണ്ണിനായി ഓടുന്നതിലുണ്ടായ ആശയക്കുഴപ്പത്തിനിടെ ക്വിന്റൻ ഡികോക്ക് താരത്തെ റൺഔട്ടാക്കി. കോലിക്കു പിന്തുണയേകി ശിവം ദുബെ നിലയുറപ്പിച്ചതോടെ അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ ഉയർന്നു.
18 ഓവറിൽ ഇന്ത്യ 150ൽ എത്തി. 19–ാം ഓവറിൽ മാർകോ ജാൻസനെ ബൗണ്ടറി കടത്താൻ ശ്രമിച്ച കോലിയെ കഗിസോ റബാദ ക്യാച്ചെടുത്തു പുറത്താക്കി. ആൻറിച് നോർട്യ എറിഞ്ഞ അവസാന ഓവറിൽ ശിവം ദുബെയും പുറത്തായി.ടോസ് വിജയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിലും മാറ്റങ്ങളില്ല.
ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു
പ്രശസ്ത യൂട്യൂബ് വ്ലോഗേഴ്സ് ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തിൽപ്പെട്ടു. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റൂട്ടിൽ ആലി കുളത്തിൽ വച്ചാണ് അപകടം. ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും കാർ, എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്ലോഗ്ർമാർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേർക്കാണ് പരിക്കേറ്റത്
ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. ശക്തമായ മഴയിൽ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. അതേസമയം, മത്സബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ജൂലായ് രണ്ടാംവാരം മഴ വീണ്ടും സജീവമായേക്കും.
ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
ഓമശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സ തേടി. പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ പോയി. ഓമശേരി നടമ്മല്‍ പൊയിലിലാണ് സംഭവം.
യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിര്‍ഷാദ് എന്ന യുവാവിനെതിരെയാണ് പരാതി. ഇന്‍സ്റ്റാഗ്രാം ഐഡിയിലേക്ക് നിരന്തരം യുവാവ് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതിന് യുവതി ഇന്‍സ്റ്റാഗ്രാം വഴി യുവതി മറുപടി നല്‍കി. എന്നിട്ടും ആവര്‍ത്തിച്ചപ്പോള്‍ യുവാവിന്‍റെ വീട്ടില്‍ പോയി യുവതി പരാതിപ്പെട്ടു.അതിന്‍റെ വൈരാഗ്യത്തിന് മിര്‍ഷാദ് വഴിയില്‍ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി.. ആക്രമണത്തില്‍ യുവതിയുടെ കണ്ണിനും തലക്കും പരിക്കുണ്ട്. യുവതിയുടെ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസ്സെടുത്തു. കേസെടുത്തതോടെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മിര്‍ഷാദ് ഒളിവിൽ പോയെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.
റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന.ജൂലൈ എട്ട്, ഒൻപത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും.കേന്ദ്ര, കേരള സർക്കാറുകള്‍ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികള്‍ക്കും നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.
ജിയോയ്‌ക്ക് പിന്നാലെ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാന്‍ മറ്റ് കമ്പനികളും
റിലയൻസ് ജിയോ, അതിന്‍റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ കമ്പനികളും നിരക്കുയര്‍ത്തിയത്. അന്ന് 20 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. 2019ലായിരുന്നു അതിന് മുമ്പ് മൊബൈല്‍ സേവനദാതാക്കള്‍ നിരക്കുയര്‍ത്തിയത്. അന്ന് 20-40 ശതമാനത്തിന്‍റെ വര്‍ധവുണ്ടായി. (Mobile companies increase tariffs)
ഇത്തവണ താരിഫ് നിരക്ക് വര്‍ധനയ്ക്ക് റിലയന്‍സ് ജിയോയാണ് തുടക്കമിട്ടിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ താരിഫ് ഉയർന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും.
ജിയോ വിവിധ പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപ ഇനിമുതല്‍ നല്‍കണം. അതേ കാലയളവിൽ പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 209 രൂപയ്‌ക്ക് പകരം 249 രൂപ നല്‍കേണ്ടിവരും. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന്‍റെ വില 239 രൂപയിൽ നിന്ന് 299 രൂപയായി ഉയരുന്നതും 2 ജിബി പ്രതിദിന പ്ലാനിന് 299 രൂപയ്ക്ക് പകരം 349 രൂപ നല്‍കേണ്ടിവരുന്നതും പുതിയ മാറ്റത്തിലുണ്ട്. പ്രതിദിനം 2.5 ജിബി ഡാറ്റ പ്ലാനിന് 349 രൂപയ്ക്ക് പകരം 399 രൂപയും 3 ജിബി പ്രതിദിന പ്ലാനിന് 399 രൂപയ്ക്ക് പകരം 449 രൂപയും ഇനിമുതല്‍ നല്‍കണം.
ദൈർഘ്യമേറിയ പ്ലാനുകളിലും ജിയോ വില വർധനവ് വരുത്തിയിട്ടുണ്ട്. രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന് പുതുക്കിയ നിരക്കുകള്‍ പ്രകാരം 579 രൂപയാകും. പ്രതിദിനം 2 ജിബി ഉപയോഗിക്കാനാവുന്ന പ്ലാനിന്‍റെ തുക 533 രൂപയിൽ നിന്ന് 629 രൂപയായി ഉയർത്തും. മൂന്ന് മാസത്തേക്കുള്ള 6 ജിബി ഡാറ്റ പ്ലാന്‍ 395 രൂപയിൽ നിന്ന് 479 രൂപയിലെത്തുന്നതും പുതിയ നിരക്ക് വര്‍ധനവില്‍ പ്രകടമാകുന്ന വലിയ മാറ്റമാണ്.



