spot_img
Tuesday, July 7, 2026
Home Blog Page 344

‘ട്രെയിനിൽ ബെർത്ത് തകർന്നിട്ടില്ല; അപകടകാരണം ചങ്ങല ശരിയായി ഇടാതിരുന്നത്’; യാത്രക്കാരന്റെ മരണത്തിൽ റെയിൽവേ

0

ന്യൂഡൽഹി: തെലങ്കാനയിലെ വാറങ്കലിൽ വച്ച് ട്രെയിനിൽ വച്ച് അപകടത്തില്‍ മാറഞ്ചേരി സ്വദേശി അലിഖാന്‍ (62) മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. മധ്യഭാഗത്തെ ബെർത്തിന്റെ ചങ്ങല ശരിയായി ഇടാതെ ഇരുന്നതാണ് അപകടകാരണമെന്നും ബെർത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളില്ലായിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി.

നിസാമുദീൻ മില്ലേനിയം എക്സ്പ്രസിലെ എസ് 6 കോച്ചിലെ 57-ാം നമ്പർ ലോവർ ബെർത്തിലായിരുന്നു അലിഖാൻ യാത്ര ചെയ്തത്. മുകളിലെ യാത്രക്കാരൻ ബെർത്തിന്റെ ചങ്ങല ശരിയായ രീതിയിൽ ഇട്ടിരുന്നില്ല. ഇതോടെ മധ്യഭാഗത്തെ ബെർത്ത് താഴേയ്ക്ക് പതിക്കുകയായിരുന്നു എന്നാണ് റെയിൽവേ പറയുന്നത്. സീറ്റ് നിസ്സാമുദ്ദീൻ സ്റ്റേഷനിൽ വച്ച് പരിശോധിച്ചതായും റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അലിഖാന് അപകടമുണ്ടായത്. 5-ാം തീയതി മില്ലേനിയം എക്‌സ്പ്രസില്‍ തൃശ്ശൂരില്‍നിന്നാണ് അലിഖാന്‍ യാത്ര തുടങ്ങിയത്. ബെര്‍ത്ത് പൊട്ടി താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു.

നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് നിര്യാതനായി

0

കൊച്ചി:നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് (37) നിര്യാതനായി. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്.സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീൻ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് ഖബറടക്കം നടക്കും

കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

0

സംസ്ഥാനത്ത് പലയിടത്തും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

അതേസമയം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീരുമാനം. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്.

പത്തനംതിട്ട ജില്ലയില്‍ സ്കൂളുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ
മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലർട്ട്) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ രണ്ട് ദിവസമായി ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് അവധി പ്രഖ്യാപിച്ചത്.

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജൂൺ 27 ന് പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല.

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അനുവദിച്ചതായി കളക്ടർ അറിയിച്ചു.
മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച  ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജൂൺ 27ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അങ്കണവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഇടുക്കിയിലും പത്തനംതിട്ടയിലും യാത്രാ നിയന്ത്രണം

ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് കുട്ടവഞ്ചി സവാരി ഉൾപ്പെടെ എല്ലാ ജലവിനോദങ്ങളും മലയോര മേഖലകളിലെ ട്രക്കിങ്ങും നിരോധിച്ചതായി കളക്ടർ ഷീബാ ജോർജ് അറിയിച്ചു.

നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെ രണ്ട് ട്രെയിനുകളുടെ യാത്രാക്രമത്തിൽ ഒരു മാസത്തേക്ക് മാറ്റം

0

ലോക്മാന്യ തിലക് ടെർമിനസ് റെയിൽവെ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെ രണ്ട് ട്രെയിനുകളുടെ യാത്രാക്രമത്തിൽ മാറ്റം വരുത്തി റെയിൽവെയുടെ അറിയിപ്പ്.  ജൂൺ 30 മുതൽ ജൂലൈ 30 വരെയാണ് പുനഃക്രമീകരണമെന്ന് സെൻട്രൽ റെയിൽവെ അറിയിച്ചു. മാറ്റങ്ങൾ ഇങ്ങനെ

1. തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16346 –  നേത്രാവതി എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേലിൽ യാത്ര അവസാനിപ്പിക്കും. പൻവേൽ മുതൽ  ലോക്മാന്യ തിലക് ടെർമിനസ് വരെയുള്ള യാത്ര റദ്ദാക്കും.

2. മംഗലാപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന മത്സ്യഗന്ധ എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേലിൽ യാത്ര അവസാനിപ്പിക്കും. പൻവേൽ മുതൽ  ലോക്മാന്യ തിലക് ടെർമിനസ് വരെയുള്ള യാത്ര റദ്ദാക്കും.

3. ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് 11.40ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 16345 – നേത്രാവതി എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേലിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. രാവിലെ 12.50ന് ആയിരിക്കും ട്രെയിൻ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെർമിനസ് മുതൽ പൻവേൽ വരെയുള്ള യാത്ര റദ്ദാക്കും.

4. ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് വൈകുന്നേരം 03.50ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 12619 – മത്സ്യഗന്ധ എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേലിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. വൈകുന്നേരം 04.25ന് ആയിരിക്കും ട്രെയിൻ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെർമിനസ് മുതൽ പൻവേൽ വരെയുള്ള യാത്ര റദ്ദാക്കും.

കുന്ദമംഗലത്ത് വൻ ലഹരി വേട്ട

0

കുന്ദമംഗലം പടനിലം ഭാഗത്തു പോലീസ് നടത്തിയ വാഹന പരിശോധനയിൽ 141 ഓളം ഗ്രാം ന്യൂജൻ മയക്കുമരുന്നുമായി യുവതി അടക്കം നാല് പേർ എസ് ഐ സനീത് സി യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസ് പിടികൂടി.അബിൻ പാറമ്മൽ( 29) അർജുൻ ഒളവണ്ണ (24) അരുൺ മണക്കടവ് (19) പാലക്കാട് സ്വദേശി പ്രസീദ (27) എന്നിവരാണ് പോലീസ് പിടിയിലായത്. ലോറി ഡ്രൈവർ ആയ അബിൻ പന്തീരങ്കാവ് ഒളവണ്ണ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു . ഇവർ ലഹരിമരുന്ന് വാങ്ങിക്കുവാൻ പോയ വാഹനം കർണാടകയിൽ വെച്ച് അപകടത്തിൽ പെടുകയും വാഹനം അവിടെ നിർത്തി പകരം നാട്ടിലുള്ള സുഹൃത്തിന്റെ ഇന്നോവ കാർ വരുത്തി ബാംഗ്ലൂരിൽ പോയി ലഹരി മരുന്ന് വാങ്ങി വരുന്ന വഴി അപകടത്തിൽപ്പെട്ട കാർ കെട്ടിവലിച്ച് കൊണ്ടുവരുന്ന വഴി പടനിലം ഭാഗത്ത് നിന്നാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നത് ആദ്യ ഘട്ടം, പിന്നെ കൃത്യമായ പ്ലാനിം​ഗ്; മുന്നറിയിപ്പുമായി പൊലീസ്

0

സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്ന് കേരള പൊലീസ്. ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. 

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. 

ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. 

ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക.
തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് പിറന്നാള്‍

0

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ എത്തുന്നത്. ക്ഷോഭിക്കുന്ന യൗവനത്തിന്റേയും തീപ്പൊരി ഡയലോഗുകളുടേയും പുരുഷരൂപമായി മലയാളി പതിറ്റാണ്ടുകളായി കണ്ടത് സുരേഷ് ഗോപിയെന്ന സൂപ്പര്‍ സ്റ്റാറിനെയായിരുന്നു. സിനിമയ്ക്കും രാഷ്ട്രീയത്തിലുമൊപ്പം ആതുരസേവനരംഗത്തും തന്റെ സാന്നിധ്യമറിയിച്ച് രാഷ്ട്രീയത്തിലെ നന്മമുഖമായി സുരേഷ് ഗോപി മാറി. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച് അദ്ദേഹം മൂന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയുമായി.

1965ല്‍ കെ എസ് സേതുമാധവന്റെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായാണ് സുരേഷ് ഗോപി സ്‌ക്രീനിലെത്തുന്നത്. ചെറു വേഷങ്ങളിലൂടെ ചുവടുവച്ച് പ്രശസ്തിയിലേക്ക് പടിപടിയായി ഉയര്‍ന്നു. ഷാജി കൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ നായകനെന്ന നിലയില്‍ സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയര്‍ത്തി. ഷാജി കൈലാസിന്റെ തലസ്ഥാനത്തിലൂടെ നായകവേഷത്തില്‍ ശ്രദ്ധേയനായത്. മണിച്ചിത്രത്താഴും കമ്മീഷണറും ലേലവും പത്രവുമൊക്കെ പണം വാരിയതില്‍പ്പിന്നെ സുരേഷ് ഗോപിക്ക് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. കളിയാട്ടത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സുരേഷ് ഗോപിയെ തേടിയെത്തി. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളെജ് പഠനകാലത്ത് എസ് എഫ് ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി. സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായും യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായും സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങി. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനായും പൊന്നാനിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം പി ഗംഗാധരനായിട്ടുമായിരുന്നു പ്രചാരണം. 2016 ഏപ്രിലില്‍ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചു.. 2016 ഒക്ടോബറില്‍ ബി ജെ പിയില്‍ ചേര്‍ന്ന സുരേഷ് ഗോപി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്.

എന്നാല്‍ ഈ വര്‍ഷം എഴുപതിനായിരത്തില്‍പരം സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്ര വിതരണ കമ്പനി നടത്തിയിരുന്ന ഗോപിനാഥന്‍ പിള്ളയുടേയും ജ്ഞാന ലക്ഷ്മിയുടേയും മകനാണ് സുരേഷ് ഗോപി. രാധിക നായരാണ് ഭാര്യ. നടന്‍ ഗോകുല്‍ സുരേഷും അന്തരിച്ച മകള്‍ ലക്ഷ്മി സുരേഷുമടക്കം അഞ്ചു മക്കളുണ്ട്.

ട്രെയിനിലെ ബർത്ത് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

0

മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. റയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. മൃതദേഹം മാറാഞ്ചേരിയിലെ വീട്ടിലെത്തിച്ചിരിക്കുകയാണ്. കബറടക്കം അൽപസമയത്തിനകം നടക്കും.

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

0

തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിൻ്റെ മൃതേദഹം കണ്ടെത്തിയത്. പൊലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാർക്ക് ചെയ്തതായി അറിഞ്ഞു. പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവർ സീറ്റിലുള്ള ദീപു ബെൽറ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയും സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. 

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ:എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

0

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട് .കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് തീരങ്ങൾക്ക്  ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 27 ആം തീയതി  ഉച്ചക്ക് 02.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചത്.  

കേരള തീരത്തും, തമിഴ്‌നാട് തീരത്തും 27ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.  ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.