spot_img
Tuesday, July 7, 2026
Home Blog Page 342

സിനിമ മേഖലയിലെ ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ നീക്കം; അക്രഡിറ്റേഷൻ നിർബന്ധം

കൊച്ചി∙ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ നിർമാതാക്കൾ. പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കെടുക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ ഉള്‍പ്പെടെയുള്ളവ നിർബന്ധമാക്കുന്നു എന്നറിയിച്ചു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്തു നൽകി. നിർമാതാക്കളുടെ അസോസിയേഷനാകും അക്രഡിറ്റേഷൻ നൽകുക.

ഈ അക്രഡിറ്റേഷൻ ലഭിക്കണമെങ്കിൽ ഓൺലൈൻ–സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ജിഎസ്ടി റജിസ്ട്രേഷൻ നമ്പറും ടാൻ (TAN) നമ്പരും ഉണ്ടായിരിക്കണം. ഓൺലൈൻ മാധ്യമത്തിന്റെ ലോഗോ, ട്രേഡ് മാർക്ക് റജിസ്റ്റർ ചെയ്തിരിക്കണം, ഇതിനു ആറു മാസം വരെ സാവകാശം അനുവദിക്കും. സ്ഥാപനത്തിന്റെ വെബ്സൈറ്റിനെ കുറിച്ചുള്ള വിശദവിവരം നൽകണമെന്നും കത്തില്‍ പറയുന്നു.

സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായ വിവരങ്ങളും നൽകണം. ഇതിൽ കമ്പനിയുടെ സ്വഭാവം, നടത്തിപ്പുകാരെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ വേണം. സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പിആർഒയുടെ കവറിങ് ലെറ്ററോടു കൂടി വേണം അക്രഡിറ്റേഷന് അപേക്ഷിക്കാൻ. ഒന്നിൽ കൂടുതൽ ചാനലുകൾ ഒരു സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു എങ്കിൽ അതിന്റെ വിശദാംശങ്ങളും അറിയിക്കണം. ജൂലൈ 24 വരെയാണ് അക്രഡിറ്റേഷനുള്ള അപേക്ഷ അസോസിയേഷൻ സ്വീകരിക്കുക. സിനിമയിലെ പിആർഒമാരുടെ സംഘടന ഫെഫ്കയ്ക്കു കീഴിലാണ് പ്രവർത്തിക്കുന്നത്.

സ്വർണവിലയിൽ മാറ്റമില്ല; അറിയാം കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിലയില്‍ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു .തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നത്തിനു ശേഷം പവന് ഇന്നലെ 80 രൂപ ഉയർന്നു. ഇതോടെ പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില 53000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,080 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6635 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5515 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ ഉയർന്നിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കൂടിയത്. വിപണി വില  95 രൂപയാണ്.
 
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 22 -ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,080 രൂപ
ജൂൺ 23-  സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,080 രൂപ
ജൂൺ 24 -ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,000 രൂപ
ജൂൺ 25 -. സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,000 രൂപ
ജൂൺ 26 -. ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു

ജൂൺ 27 -.ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു  വിപണി വില 52,600 രൂപ
ജൂൺ 28 -. ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 52,920 രൂപ
ജൂൺ 29 -. ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,000 രൂപ
ജൂൺ 30 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 1 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 -. ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ

റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര : കർശന നടപടിക്ക്‌ റെയിൽവേ

0

ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതികൾ ഏറുന്നു. രണ്ടാഴ്ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 30വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധന നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണസേന, സംസ്ഥാനങ്ങളിലെ റെയിൽവേ പൊലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തരനിർദേശം നൽകി.

ദീർഘദൂര ട്രെയിനുകളിൽ, പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻവരെ കൊമേഴ്സ്യൽ സ്റ്റാഫിന്റെ സാന്നിധ്യം ഉറപ്പാക്കി ലേഡീസ് കോച്ചിൽ ആർപിഎഫ് പരിശോധന നടത്തണം. റിസർവേഷൻ കോച്ചിലും സമാനമായ ആർപിഎഫ് പരിശോധന ദിവസവും വേണം. പിടി കൂടുന്നവർക്കെതിരെ പരമാവധി ശിക്ഷാ നടപടികളും സ്വീകരിക്കണമെന്നാണ്‌ നിർദേശം.

ദീർഘദൂര ട്രെയിനുകളിലെ വനിതാ കമ്പാർട്ട്മെന്റുകളിലും അംഗപരിമിതരുടെ കോച്ചുകളിലും ആർപിഎഫ് പരിശോധന നടത്തി ഫോട്ടോയും വീഡിയോയും രേഖകളായി സൂക്ഷിക്കണം. നിയമലംഘനങ്ങളും ഇതര കുറ്റകൃത്യങ്ങളും സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൃത്യമായി പരിശോധിച്ച് നിശ്ചിതസമയ പരിധിക്കുള്ളിൽ തന്നെ പരിഹാരം കാണണം. പരിശോധനകളും അതിന്മേൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച പ്രതിദിന റിപ്പോർട്ട് അടുത്ത ദിവസം വൈകിട്ട്‌ അഞ്ചിനു മുമ്പ് റെയിൽവേ ബോർഡ് സെക്യൂരിറ്റി കൺട്രോൾ വിഭാഗത്തിന് ലഭിക്കണമെന്നും നിർദേശമുണ്ട്‌.

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ മാറ്റം വരുന്നു; സെറ്റിങ്‌സിനായി ചെയ്യേണ്ടത്…

0

വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ചാറ്റിൽ മാത്രം മുമ്പ് ലഭ്യമായിരുന്ന ക്രിയേറ്റ് ഇവന്‍റ് ഫീച്ചർ ഇനി സാധാരണ ഗ്രൂപ്പ് ചാറ്റിലും ലഭ്യമാകും. ഇവന്‍റ് വിവരങ്ങളായ പേര്, വിശദാംശങ്ങൾ, തിയതി, ഓപ്ഷണൽ ലൊക്കേഷൻ, വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ തുടങ്ങിയവയുടെ സേവനങ്ങളും ഈ ഫീച്ചറിലെത്തുന്നതോടെ പ്രയോജനപ്പെടുത്താം. ഇമേജ്, ഡോക്യുമെന്‍റ്, ഓഡിയോ, കോൺടാക്ട്, ലൊക്കേഷൻ എന്നിവ ചേർക്കാനുള്ള പേപ്പർ ക്ലിപ്പ് ഓപ്ഷനിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിലേക്ക് ഇവന്‍റ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ടാകും. ഇവന്‍റ് ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അത് കാണാനും അക്സപ്റ്റ് ചെയ്യാനുമാകുമെന്ന പ്രത്യേകതയുമുണ്ട്. വൈകാതെ ഫീച്ചർ എല്ലാവർക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നേരത്തെ വാട്‌സ്ആപ്പ് ട്രാൻസ്ക്രൈബ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. റെക്കോർഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തർജ്ജമ ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചറാണിത്.  ഹിന്ദി, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷകളിലാവും തുടക്കത്തിൽ ഈ സൗകര്യം ലഭിക്കുക. വാട്‌സ്ആപ്പിന്‍റെ 2.24.7.8 ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇതുവഴി ആപ്പിലെത്തും. പിന്നെ ആപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാൻസ്‌ക്രൈബ് ചെയ്യാനാവും. ഫോണിൽ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക. ശബ്ദ സന്ദേശങ്ങളുടെ എന്‍ഡ് ടു എന്‍ഡ് എൻക്രിപ്ഷൻ സുരക്ഷ ഉറപ്പുവരുത്താൻ ഇത് സഹായിക്കും എന്നാണ് സൂചനകൾ.

ചിത്രങ്ങളും വീഡിയോകളും സ്ഥിരമായി അയക്കുന്നവർക്ക് സഹായകമാകുന്ന അപ്‌ഡേഷനും ആപ്പ് അവതരിപ്പിച്ചിരുന്നു. അയക്കുന്ന ഫയലിന്റെ മീഡിയ ക്വാളിറ്റി മുൻകൂറായി സെറ്റ് ചെയ്‌തുവയ്‌ക്കാനുള്ള ഓപ്ഷനാണിത്. ഇതോടെ ഓരോ ഫയലിനുമായി എച്ച്‌ഡി മോഡ് സെലക്‌ട് ചെയ്യുക എന്ന കടമ്പ  ഒഴിവാക്കാനാകും. ഇതിനായി മീഡിയ അപ്‌ലോഡ് ക്വാളിറ്റി ഓപ്‌ഷനിൽ ചെന്ന് എച്ച്‌ഡി ഓപ്‌‌ഷൻ തെരഞ്ഞെടുത്ത് സെറ്റ് ചെയ്‌താൽ മതി. ആപ്പ് തുറന്ന് സെറ്റിങ്സിലെ സ്റ്റോറേജ് ആന്റ് ഡാറ്റ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ എന്നൊരു ഓപ്ഷൻ കാണാം. സ്റ്റാൻഡേർഡ് ക്വാളിറ്റി, എച്ച്‌ഡി ക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകൾ ഇതിനുള്ളിലുണ്ട്. ഇവയിൽ നിന്ന് എച്ച്‌ഡി ക്വാളിറ്റി സെലക്ട് ചെയ്താൽ സംഗതി സിമ്പിളായി സെറ്റ് ചെയ്യാം.

ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം: മേഘശ്രീ വയനാട് കള‌ക്ടര്‍, രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറാക്കി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. ഡോക്ടർ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുൽ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടർ. രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറായി ചുമതലയേൽക്കും. മാനന്തവാടി എംഎൽഎ ഒആര്‍ കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റമുണ്ടായത്. കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വയനാട്ടിൽ നിയമിച്ചിരിക്കുന്നത്. 

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി;

0

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി. കോടതിയിലെ വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്.

കോടതിയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി.റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

0

മലപ്പുറം: പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്ന് വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. 

ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 D എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐ ആർ തയ്യാറാക്കിയത്. 
അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി ഷാഫി (24)ക്ക് എതിരെയാണ് കേസ്.

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങൾ ചരിത്രമായി മാറിക്കഴിഞ്ഞു. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സി ആർ പി സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി എൻ എസ് എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി എസ് എ ) ആണ് നിലവിൽ വന്നത്. 

ഇന്ന് മുതലുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. അതിന് മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമ പ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. 

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

0

*വീട്ടിൽ ഡയാലിസിസ് ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാലിസിസ് എല്ലാ ജില്ലകളിലും ലഭ്യമാക്കി

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വാഹനങ്ങളിൽ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികൾക്ക് എത്തപ്പെടാൻ സാധിക്കുന്ന കേന്ദ്രങ്ങളിൽ വച്ച് ഡയാലിസിസ് നൽകുക എന്നതാണ് മൊബൈൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയിൽ മാത്രം ചെയ്യാൻ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികൾക്ക് സ്വന്തമായി വീട്ടിൽ ചെയ്യാൻ സാധിക്കുന്നതുമായ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയൽ ഡയാലിസിസ് നിലവിൽ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. നാളിതുവരെ 640 രോഗികൾ പെരിറ്റോണിയൽ ഡയാലിസിസിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചുകൊണ്ട് ഷിഫ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സൃഷ്ടിക്കുന്നതാണ്. ഇതിനായി വേണ്ടി വരുന്ന അധിക മാനവശേഷി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വഹിക്കാവുന്നതാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി എംപാനൽ ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്. കാസ്പിൽ അംഗത്വമില്ലാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് (കെ.ബി.എഫ്) മുഖാന്തിരവും എംപാനൽ ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് നൽകി വരുന്നുണ്ട്. ആരോഗ്യ കേരളം ‘പാലിയേറ്റീവ് കെയർ പ്രോജക്ട്’ പദ്ധതി പ്രകാരം വൃക്ക രോഗികൾക്ക് വേണ്ട എറിത്രോപോയിറ്റിൻ ഇൻജെക്ഷൻ സൗജന്യമായി നൽകുന്നുണ്ട്.

ജനങ്ങളുടെ ജീവിത ശൈലിയിൽ വന്ന കാതലായ മാറ്റങ്ങൾക്കനുസൃതമായി ജീവിതശൈലീ രോഗങ്ങളും വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജുകൾക്ക് പുറമേ 36 ജില്ലാ, ജനറൽ ആശുപത്രികളിൽ 31 ഇടങ്ങളിലും 88 താലൂക്ക് തല ആശുപത്രികളിൽ 57 ഇടങ്ങളിലും ആയി ആകെ 88 സ്ഥാപനങ്ങളിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ വിവിധ ജില്ലകളിലെ ചില സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 12 സ്ഥലങ്ങളിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിന് കീഴിലുള്ള ആശുപത്രികളിലായി ആകെ 100 ആരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസിസ് യൂണിറ്റുകൾ നിലവിലുണ്ട്.

സംസ്ഥാനത്ത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലായി ആകെ 1250 ഓളം ഡയാലിസിസ് മെഷീനുകൾ പ്രവർത്തന സജ്ജമാണ്. നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കാത്ത താലൂക്ക്, ജില്ലാതല ആശുപത്രികളിൽ 13 സ്ഥലങ്ങളിൽ കൂടി ഈ സാമ്പത്തിക വർഷം തന്നെ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തനമാരംഭിക്കും വിധം പ്രവർത്തി പുരോഗമിക്കുന്നു. അതിനു പുറമെ ബാക്കിയുള്ള മുഴുവൻ ആശുപത്രികളിൽ കൂടി 2025ഓടു കൂടി ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തിലെ എല്ലാ പ്രധാന ഗവ. മെഡിക്കൽ കോളേജുകളിലും നെഫ്രോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

മമ്മൂട്ടി പകര്‍ത്തിയ ആ പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു, വൻ തുകയ്‍ക്ക്

0

നടൻ മമ്മൂട്ടി എടുത്ത പക്ഷിയുടെ ഫോട്ടോ ലേലത്തില്‍ വിറ്റു. മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍റെ സ്‍മരണാര്‍ഥമുള്ള സംഘടനയുടെ ധനസമാഹരണത്തിന് വേണ്ടി ലേലത്തില്‍ വച്ച ചിത്രം ഉളളാട്ടില്‍ അച്ചുവാണ് നേടിയത്. പ്രവാസി വ്യവസായിയാണ് ഉള്ളാട്ടില്‍ അച്ചു.മമ്മൂട്ടി പകര്‍ത്തിയ നാട്ടുബുള്‍ബുളിന്‍റെ ചിത്രം വാങ്ങാൻ ലേലത്തില്‍ രണ്ടാളുണ്ടായിരുന്നു. മമ്മൂട്ടിയുടെ പരിചയക്കാരന്‍ ഫയാസ് മുഹമ്മദും, പ്രവാസി വ്യവസായി അച്ചു ഉളളാട്ടിലും. ഫയാസ് നേരിട്ടെത്തി. ആശുപത്രി കിടക്കയില്‍ നിന്ന് അച്ചു കൂട്ടുകാരന്‍ രാമചന്ദ്രന്‍ വഴിയും ലേലത്തില്‍ പങ്കെടുത്തു. ഒരു ലക്ഷത്തില്‍ നിന്ന് ലേലം വിളി രണ്ടു ലക്ഷവും രണ്ടര ലക്ഷവും കടന്ന് മൂന്നിലെത്തിയപ്പോള്‍ ഫയാസ് പിന്‍വാങ്ങി. മമ്മൂട്ടി എടുത്ത ആ പക്ഷി ചിത്രം അച്ചുവിന് ലഭിച്ചു. നല്ല കാശെറിഞ്ഞ് നേടിയ ആ ചിത്രം കോഴിക്കോട് ആരംഭിക്കാൻ പോകുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ സ്വീകരണമുറിയില്‍ വയ്ക്കാനാണ് അച്ചുവിന്‍റെ തീരുമാനം.

മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത്

0

മൊബൈല്‍ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം അവതരിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇത് പ്രകാരം നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

കൂടാതെ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലൈ ഒന്ന്  മുതൽ നിലവിൽ വരും. സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായാണ് ഭേദഗതി കൊണ്ടുവന്നത്. 2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവിൽ വരുന്നതെന്ന് ട്രായ് അറിയിച്ചു. 

ട്രായ്‍യുടെ നിയമം അനുസരിച്ച് നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടിട്ടുള്ള സിമ്മിന് പകരം പുതിയ സിം കാർഡ് നല്കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കിൽ സിം റീപ്ലേസ്‌മെന്റ് എന്ന് പറയുന്നത്. കൂടാതെ മൊബൈൽ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ മറ്റൊരു സേവനദാതാവിലേക്ക് മാറാനായുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും ലഭിക്കും. പ്രക്രിയ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനായാണ് 2009 ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ നേരത്തെയും ഭേദഗതി കൊണ്ടുവന്നത്. 

നിലവിൽ പോർട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം നഷ്ടപ്പെട്ട സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മാറ്റുന്നതിന് ഏഴ് ദിവസം വരെ കാത്തിരിക്കണം. സിം നഷ്ടപ്പെട്ടാൽ മറ്റൊരു സിമ്മിലേക്ക് നമ്പർ മാറ്റാനും ഉപഭോക്താവിന് കഴിയും. ഉപഭോക്താവ് അറിയാതെ ഫോൺ നമ്പർ മറ്റൊരു സിമ്മിലേക്കുമാറ്റി സാമ്പത്തികത്തട്ടിപ്പുകൾ നടത്തുന്നതും വ്യാപകമായി വരുന്നുണ്ട്. സിം പ്രവർത്തനരഹിതമായാലും കാരണം എന്താണെന്ന് ഉപഭോക്താവിന്  മനസ്സിലാകണമെന്നില്ല. നമ്പർ പോർട്ട് ചെയ്ത കാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടിൽനിന്ന് പണവും നഷ്ടമാകും.