spot_img
Sunday, July 5, 2026
Home Blog Page 391

ഷാര്‍ജയിലെ തീപിടിത്തം; അഞ്ച് പേർ മരിച്ചു, 44 പേർക്ക് പരിക്ക്

ഷാര്‍ജ: യുഎഇയിലെ ഷാർജ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചെന്ന് പൊലീസ്. 44 പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.

സാരമായി പരിക്കേറ്റത് 17 പേർക്കാണ്. 27 പേർക്ക് നിസാര പരിക്കുണ്ട്. തീപിടിത്തം മൂലമുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് അഞ്ച് പേര്‍ മരിച്ചതെന്നാണ് കരുതുന്നത്. രാത്രി 10.50 മണിയോടെ വിവരം അറിഞ്ഞ ഉടൻ  എമര്‍ജന്‍സി സംഘങ്ങൾ സ്ഥലത്തെതതിയതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അൽ ഷംസി പറഞ്ഞു. 

താമസക്കാരെ അതിവേഗം കെട്ടിടത്തിൽ നിന്നൊഴിപ്പിചച് താത്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രസന്‍റിൻറെ സഹായത്തോടെയായിരുന്നു ഇത്. കുട്ടികളടക്കം 156  പേരെ ഒരു ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു.

അതേസമയം തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി  ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയയാള്‍ മരണപ്പെട്ടിരുന്നു. 18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.  

റെക്കോർഡുകൾ തകർത്ത് സ്വർണവില

0

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52280 രൂപയാണ്. യുഎസ് മാർക്കറ്റ് ഓപ്പൺ ചെയ്തപ്പോൾ വില 35 ഡോളർ വർദ്ധിച്ച് സ്വർണ്ണവില 2325 ഡോളറിലേക്ക് കുതിച്ചിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.30 ആണ്. 24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയായി.സ്വർണവില വർധിക്കാനുള്ള കാരണങ്ങൾ പരിശോധിക്കുമ്പോൾ, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, ഈ വർഷം 50%ൽ അധികം ജനസംഖ്യ വരുന്ന രാഷ്ട്രങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും സ്വർണ്ണത്തിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നു. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് 1982 ഡോളറിൽ നിന്നും ഉയരാൻ ആരംഭിച്ചത്. സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഇന്നത്തെ വില അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും

ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ

ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; 43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്

0

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ്(24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

4 വര്‍ഷം മുമ്പാണ് ജോ ആന്റണിയില്‍ ട്യൂമര്‍ കണ്ടുതുടങ്ങിയത്. പിന്നീടത് കാന്‍സറെന്ന് കണ്ടെത്തി. കീമോതെറാപ്പി നല്‍കി വന്നു. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായതിനാല്‍ എടുത്ത് കളയാന്‍ കഴിയാതെ വന്നു. ട്യൂമര്‍ പെട്ടെന്ന് വളര്‍ന്നതോടെ യുവാവിന് ബുദ്ധിമുട്ടായി. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായി. നടക്കാന്‍ പ്രയാസമായി. കൈ അനക്കാന്‍ വയ്യ. ഇടയ്ക്കിടയ്ക്ക് ട്യൂമറില്‍ നിന്നും വെള്ളം കുത്തിയെടുക്കുമ്പോള്‍ ആശ്വാസം ലഭിച്ചിരുന്നു.

വെല്ലൂര്‍, മണിപ്പാല്‍ തുടങ്ങിയ ആശുപത്രികളില്‍ പോയെങ്കിലും ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അവരാരും ഏറ്റെടുത്തില്ല. അങ്ങനെയാണ് അവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്നത്. ഡോ. ജയകുമാറിനെ കണ്ട് തങ്ങളുടെ മകന്റെ ദയനീയവസ്ഥ രക്ഷകര്‍ത്താക്കള്‍ വിവരിച്ചു. വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം 25ന് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. 20 ലിറ്റര്‍ ഫ്ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. തീവ്രപരിചരണത്തിന് ശേഷം രോഗിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.

‘ആ ലൈനുകൾ വെറുതെ വച്ചതല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം’; ഓവർടേക്കിംഗിനെ കുറിച്ച് എംവിഡി

0

ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അത്തരം സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളും രേഖപ്പെടുത്തിയ ലൈനുകളും നോക്കി അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നാണ് എംവിഡി മുന്നറിയിപ്പ്. നിയമങ്ങള്‍ ലംഘിച്ചാല്‍ കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു. കുറ്റസമ്മതം നടത്തി ചെറിയ പിഴ തുക പോകാന്‍ സാധിക്കില്ലെന്നും എംവിഡി അറിയിച്ചു. 

എംവിഡി കുറിപ്പ്: ഇടുങ്ങിയ റോഡുകളിലും പാലങ്ങളിലും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാന്‍ (ഓവര്‍ടേക്ക് ചെയ്യാന്‍) ശ്രമിക്കുന്നത് അപകടകരമാണ്. ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിരിക്കുന്നു. 

അതിനായി റോഡിന് നടുവിലായി Double Yellow Ladder Hatching ലൈന്‍ വരച്ചിട്ടുണ്ടാകും. വാഹനമോടിക്കുമ്പോള്‍ ഈ മഞ്ഞ വരകള്‍ മുറിച്ചു കടക്കാനോ അതിനു മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല. അതിനൊപ്പം റോഡിന് ഇരു വശങ്ങളിലും പാര്‍ക്കിംഗ് നിരോധിച്ചു കൊണ്ട് റോഡിന്റെ Border Line കളോട് ചേര്‍ന്ന് Striped Lines വരച്ചിട്ടുണ്ടാകും, ഈ ഭാഗത്ത് No Parking ബോര്‍ഡും Restriction അവസാനിക്കുന്ന ഭാഗത്ത് Restriction Ends സൈന്‍ ബോര്‍ഡും ഉണ്ടാകും. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് ഇരു വശത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇവിടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളത്. അതിനാല്‍ ഈ റോഡ് മാര്‍ക്കിങ്ങുകള്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങളില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം. 

ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ചല്ലാനുകള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു. കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല.

അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട് 5.3 ലക്ഷം, ഒഴിവാക്കിയത് 2 ലക്ഷം പേരെ

0

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്.

അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി.പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068. കൂടുതൽ വോട്ടർമാർ ഉള്ള ജില്ല – മലപ്പുറം (33,93,884), കുറവ് വോട്ടർമാർ ഉള്ള ജില്ല – വയനാട് (6,35,930), കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള ജില്ല – മലപ്പുറം(16,97,132), കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല – തിരുവനന്തപുരം(94), ആകെ പ്രവാസി വോട്ടർമാർ -89,839, പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,793). 80 വയസ്സിന് മുകളിൽ പ്രായമുള്ള 6,27,045 വോട്ടർമാരുണ്ട്.അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകിയിരുന്നു. വോട്ടർ പട്ടിക ശുദ്ധീകരണത്തിനുള്ള നടപടികളും നിരന്തരം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്പെഷ്യൽ സമ്മറി റിവിഷൻ കാലയളവിൽ സോഫ്റ്റ് വെയർ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എൻട്രികൾ, ഫോട്ടോ സമാനമായ എൻട്രികൾ എന്നിവ ബിഎൽഒ മാർ വഴി പരിശോധിച്ച് അധികമായി പട്ടികയിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി.

ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാക്കിയിരുന്നു. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. അന്തിമ വോട്ടർപട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാർച്ച് 25 വരെ ലഭിച്ച വിവിധ അപേക്ഷകൾ പരിഗണിച്ചുമാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജില്ലകളിൽ അസി. റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവൽ ഓഫീസർമാർ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരെയും സ്ഥിരതാമസം മാറിയവരെയും ഉൾപ്പെടെ കണ്ടെത്തി ഒഴിവാക്കിയിരുന്നു. കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുന്നതിനായി വിപുലമായ ശുദ്ധീകരണ പ്രക്രിയയും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി നടത്തിയിരുന്നു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ വിവരം: തിരുവനന്തപുരം- 14,30,531, ആറ്റിങ്ങൽ- 13,96,807, കൊല്ലം- 13,26,648, പത്തനംതിട്ട-14,29,700, മാവേലിക്കര-13,31,880, ആലപ്പുഴ-14,00,083, കോട്ടയം-12,54,823, ഇടുക്കി-12,50,157, എറണാകുളം-13,24,047, ചാലക്കുടി-13,10,529, തൃശൂർ-14,83,055, ആലത്തൂർ-13,37,496, പാലക്കാട്-13,98,143 പൊന്നാനി-14,70,804 മലപ്പുറം-14,79,921 കോഴിക്കോട്-14,29,631 വയനാട്-14,62,423, വടകര-14,21,883, കണ്ണൂർ-13,58,368, കാസർകോഡ്-14,52,230.

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: ഒരാൾ മരിച്ചു

0

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.

പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരിച്ചു.

രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്

0

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോ‍ട് എന്നീ ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ഏഴിനും എട്ടിനും മഴ ലഭിക്കും. ഒൻപതിന് കേരളത്തിലുടനീളം മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. 

അതിനിടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ഞ അലർട്ടാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് മുതൽ 9 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40ഡി​ഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38ഡി​ഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37ഡി​ഗ്രി വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36ഡി​ഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പുണ്ട്. 

ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ അപഹരിച്ച് മുങ്ങിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

0

അബുദാബി: അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ  അപഹരിച്ച് മുങ്ങിയ ജീവനക്കാരനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയപുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. 

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്  ക്യാഷ് ഓഫിസ് ഇൻ ചാർജായിരുന്ന നിയാസ്. ജോലി ചെയ്തു വരെവെയാണ് ഇയാൾ ആറ് ലക്ഷം ദിർഹം  അപഹരിച്ച് മുങ്ങിയത്. ഉടൻ തന്നെ ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകി. തുടർന്ന് എത്രയും വേ​ഗത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് ജോലിക്ക് വന്നില്ല, സഹപ്രവർത്തകരും ലുലു അധികൃതരും ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫുമായിരുന്നു. തുടർന്ന് കൗണ്ടറിൽ നടത്തിയ പരിശോധനയിൽ ആറ് ലക്ഷം ദിർഹത്തിന്റെ കുറവ് കണ്ടെത്തി. 

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നതിനാൽ നിയാസിന്റെ പാസ്പോർട്ട് കമ്പനിയായിരുന്നു സൂക്ഷിച്ചത്. അതുകൊണ്ട്  നിയാസ്  യുഎഇയിൽ നിന്ന് പോകാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ റെക്കോർഡ് വേ​ഗത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയിൽ കുടുംബത്തോടൊപ്പമാണ് താമസം. 

എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് മക്കളും അബുദാബിയിൽ നിയാസിന് ഒപ്പമാണ് താമസിച്ചിരുന്നത്. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മുങ്ങുകയും ചെയ്തു. തുടര്‍ന്ന് എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.  പ്രതിയെ വേ​ഗത്തിൽ അറസ്റ്റ് ചെയ്ത അബുദാബി പൊലീസിന്റെ ജനറൽ കമാൻഡിന് ലുലു അധികൃതർ നന്ദി അറിയിച്ചു. 

ട്രെയിനുകൾ റദ്ദാക്കി; ഇന്ന് ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ

0

ചാലക്കുടിയിൽ ട്രാക്ക് നന്നാക്കുന്ന ജോലിയുള്ളതിനാൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം പാസഞ്ചറുകളും ഷൊർണൂർ-എറണാകുളം, എറണാകുളം-ഷൊർണൂർ മെമു സർവിസുകളും റദ്ദാക്കി.ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്​പ്രസ്, ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി, ഗുരുവായൂർ-മധുര എക്സ്​പ്രസ് എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. മടക്ക സർവിസും എറണാകുളത്തു നിന്നായിരിക്കും. കാരയ്ക്കൽ-എറണാകുളം എക്സ്​പ്രസ് പാലക്കാട് യാത്ര അവസാനിപ്പിച്ച് അവിടെനിന്ന് തന്നെ മടക്ക സർവിസും നടത്തും.

കൂടാതെ പുണെ-കന്യാകുമാരി എക്സ്​പ്രസ് കാൽമണിക്കൂറും മൈസൂർ-കൊച്ചുവേളി എക്സ്​പ്രസ് മൂന്ന് മണിക്കൂറും, ബാംഗളൂരു- കന്യാകുമാരി ഐലന്‍റ്​ എക്സ്​പ്രസ് ഒരുമണിക്കൂറും നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്​പ്രസ് ഒരുമണിക്കൂറും, ചണ്ടീഗഢ്​- കൊച്ചുവേളി സമ്പർക്കക്രാന്തി എക്സ്​പ്രസ് അരമണിക്കൂറും, ചെന്നൈ- തിരുവനന്തപുരം എക്സ്​പ്രസ് രണ്ടുമണിക്കൂറും എറണാകുളം-പുണെ പൂർണ എക്സ്​പ്രസ് ഒരുമണിക്കൂറും, ബാംഗളൂരു-എറണാകുളം എക്സ്​പ്രസ് രണ്ടേകാൽ മണിക്കൂറും വൈകും

കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു

0

കൽപ്പറ്റ: ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദേ ശപത്രിക സമർപ്പിച്ചു . പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ റോഡ് ഷോ നടത്തി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സി കെ ജാനു, സന്ദീപ് വാര്യർ, പള്ളിയറയിൽ രാമൻ എന്നിവർ റോഡ് ഷോയിൽ പങ്കെടുത്തു റോഡ് ഷോ അവസാനിപ്പിച്ച ശേഷം വരണാധികാരി കൂടിയായ ജില്ലാകളക്ടർ രേണുരാജിന് കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

ആയിരക്കണക്കിന് കൊടികളുമായി റോഡ് ഷോ; രാഹുലിനെ വീഴ്ത്തിയ സ്മൃതി ഇറാനിക്കൊപ്പം കെ.സുരേന്ദ്രൻ പത്രിക സമർപ്പിച്ചു.നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് വയനാട് കളക്ടർ ഡോ. രേണുരാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിയും അമേഠിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ എം പിയുമായ സ്മൃതി ഇറാനിയും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.

ആയിരക്കണക്കിന് കൊടികളുമായി റോഡ് ഷോ; രാഹുലിനെ വീഴ്ത്തിയ സ്മൃതി ഇറാനിക്കൊപ്പം കെ.സുരേന്ദ്രൻ പത്രിക സമർപ്പിച്ചു.നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് വയനാട് കളക്ടർ ഡോ. രേണുരാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിയും അമേഠിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ എം പിയുമായ സ്മൃതി ഇറാനിയും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.