spot_img
Monday, September 21, 2026
Home Blog Page 738

യമൻ കൊലപാതകം: വധശിക്ഷയിൽ ഇളവ് വേണമെന്ന് അപേക്ഷ; നിമിഷ പ്രിയയുടെ അപ്പീലിൽ ഇന്ന് ഉത്തരവ്

0

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലിൽ ഇന്ന് ഉത്തരവ് പറയും. വധശിക്ഷയിൽ ഇളവ് വേണമെന്ന അപേക്ഷ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്ന് കരുതുന്നതായി അഭിഭാഷകൻ പറഞ്ഞു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് നിർണായകമായ കേസിൽ വിധി പ്രസ്താവം. 2017 ൽ യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം

വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാം. എന്നാൽ, അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുൻപിൽ തടിച്ചു കൂടിയിരുന്നു

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു, ഇന്ന് 520 രൂപയുടെ വർധന

0

സംസ്ഥാനത്തു സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് 22 കാരറ്റ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ സ്വർണ്ണവില.

കഴിഞ്ഞദിവസം 22 കാരറ്റ് സ്വർണ്ണത്തിന് 4635 രൂപയായിരുന്നു  ഗ്രാമിന് വില ഉണ്ടായിരുന്നത്. യുക്രൈൻ ഏതാ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ ക്കെതിരെ ലോകരാഷ്ട്രങ്ങൾ പലവിധത്തിലുള്ള ഉപരോധങ്ങളും ഏർപ്പെടുത്തുമെന്ന വാർത്തകളാണ് ഈ നിലയിൽ സ്വർണ്ണവില ഉയരാനുള്ള കാരണം.

18 ക്യാരറ്റ് സ്വർണത്തിന് 3885 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വർണ വിലയിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ. ബാങ്കുകളിൽ നിന്ന് വ്യാപാരികൾ വാങ്ങുന്ന സ്വർണ നിരക്ക് ഉയർന്നേക്കും. 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 49500 രൂപ മുതൽ 57000 രൂപയിലേക്ക് ഉയരാനും സാധ്യതയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അബ്ദുൾ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായതോടെയാണ് സ്വർണവിലയും ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. അങ്ങിനെ വരുമ്പോൾ സ്വർണമായിരിക്കും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള റഷ്യയിലെ പുതിയ കറൻസിയാവുകയെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനം.

അടുത്ത 12 മുതൽ 15 വരെ ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയ്ക്ക് വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വർണ്ണത്തിന്റെ വില ഏറ്റവും കുറഞ്ഞത് 1856 ഡോളറിനും ഉയർന്നത് 2150 ഡോളർ വരെയും ആയിരിക്കാമെന്നാണ് വിപണിയിലെ വിലയിരുത്തൽ..

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം, പൊതുപരിപാടികൾക്ക് 1500 പേർ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

0

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചു.

തിയറ്ററുകളിലെ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ എന്നിവടങ്ങളിലും 100 ശതമാനം പ്രവേശനമുണ്ടാകും.

ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി.

എല്ലാ പൊതുപരിപാടികൾക്കും 25 സ്ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ല കലക്ടർമാർക്ക് അനുവാദം നൽകാമെന്നും ഉത്തരവിലുണ്ട്.

സർക്കാർ പരിപാടികൾ ഓൺലൈനായി നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി.സംസ്ഥാനത്ത് കോവിഡ് നിരക്ക് വലിയരീതിയിൽ കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച 2524 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

പഞ്ചസാരയ്ക്ക് പകരക്കാരൻ, സ്റ്റീവിയ ഇങ്ങനെ കൃഷി ചെയ്യാം

0

പഞ്ചസാര സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമര്‍ദ്ദം, ചീത്ത കൊളസ്‌ട്രോള്‍, അനാരോഗ്യകരമായ ശരീരഭാരം എന്നിവയ്‌ക്കെല്ലാം കാരണക്കാരനാണ് പഞ്ചസാര.

അതിന് പകരമായി പലരും ഇന്ന് സ്റ്റീവിയ ഉപയോ​ഗിക്കുന്നുണ്ട്. സ്റ്റീവിയ യുടെ കൃഷി വര്‍ധിപ്പിക്കാനുള്ള പലവിധ ശ്രമങ്ങളും ഇന്ന് നടക്കുന്നുണ്ട്. പൂജ്യം കലോറി ഊര്‍ജമാണ് സ്റ്റീവിയയിലുള്ളത്.

സ്റ്റീവിയ കൃഷി ചെയ്യുന്ന വിധം

ഗ്രോബാഗിലോ ചട്ടിയിലോ വളര്‍ത്താവുന്നതാണ് സ്റ്റീവിയ. ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്‌റ്റോ ചേര്‍ത്ത് ചട്ടി നിറയ്ക്കണം.ഇളം ചൂടുള്ള കാലാവസ്ഥയാണ് വളരാന്‍ നല്ലത്. അത്യാവശ്യം ഈര്‍പ്പമുള്ള കാലാവസ്ഥ വേണം.ജൈവവളങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതി. അരയടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. ചാണകപ്പൊടിയും മണലും കലര്‍ത്തി ചെടി നടാം.മൂന്ന് മാസം ആയാലേ ഇലകള്‍ പറിച്ചെടുക്കാവൂ. ഇലകള്‍ 8 മണിക്കൂര്‍ നന്നായി ഉണക്കി പൊടിച്ചാണ് മധുരത്തിന് പകരമായി ഉപയോഗിക്കുന്നത്.ചായയുണ്ടാക്കുമ്പോള്‍ ചൂടുവെള്ളത്തില്‍ രണ്ടോ നാലോ സ്റ്റീവിയയുടെ ഇലകള്‍ ഇട്ടുനോക്കൂ. നല്ല മധുരത്തുളസി ചായ കുടിക്കാം.വെള്ളപ്പൂക്കള്‍ വിരിഞ്ഞാല്‍ ഇലകള്‍ പറിച്ചെടുക്കാന്‍ സമയമായി എന്നു മനസിലാക്കാം.കേരളത്തില്‍ തൃശൂരിലും എറണാകുളത്തും നഴ്‌സറികളില്‍ സ്റ്റീവിയയുടെ തൈകള്‍ ലഭ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലും ലഭിച്ചേക്കാം

യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനം മുംബൈയിലെത്തി

0

യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനം മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റിൽ നിന്നുള്ള ആദ്യ രക്ഷാ ദൗത്യവിമാനമാണ് ഇന്ത്യയിലെത്തിയത്. 27 മലയാളികൾ ഉൾപ്പെടെ 219 യാത്രക്കാരെ വഹിച്ചാണ് എയർ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള മന്ത്രിമാർ യുക്രൈനിൽ നിന്നെത്തുന്നവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കൊവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയർപോർട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്.

ഇത് കൂടാതെ ഇന്ന് ഉച്ചയ്ക്ക് 11.45 ന് ഡൽഹിയിൽ നിന്നും ബുക്കാറെസ്റ്റിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഈ വിമാനം ഇന്ന് രാത്രിയോടു കൂടി തന്നെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈനിലെ സ്ഥിതി ഗതികൾ രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കിൽ മറ്റു വിമാനത്താവളങ്ങളിലേക്കു കൂടി വിമാനങ്ങൾ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.

അതേസമയം യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി

കിണറ്റിൽ വീണ മൂന്നു വയസ്സുകാരിയുടെ പിന്നാലെ ചാടി; രക്ഷകയായി അമ്മൂമ്മ

0

കാസർകോട്/രാജപുരം : കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ അമ്മൂമ്മ പിന്നാലെ ചാടി പിടിച്ചു നിന്നു. അഗ്നിരക്ഷാസേനയെത്തി രണ്ടുപേരെയും റെസ്ക്യൂ നെറ്റ് വഴി പുറത്തെത്തിച്ചു. അമ്മൂമ്മയുടെ മനോധൈര്യമാണ് പിഞ്ചു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.

കള്ളാർ ആടകത്ത് ഇന്നലെ രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്മിയുടെ മകൾ 3 വയസ്സുകാരി അയൽപക്കത്തെ 30 അടി താഴ്ചയുള്ള ചതുര കിണറ്റില്‍ വീണത്.

കിണറ്റിൽ 8 അടിയോളം വെള്ളമുണ്ടായിരുന്നു. 3 വയസ്സുകാരിയേയും കൂട്ടി അയൽപക്കത്തെ മേരിയുടെ വീട്ടിൽ പോയതായിരുന്നു അമ്മൂമ്മ ലീലാമ്മ. വീട്ടുകാരുമായി സംസാരിച്ച് നിൽക്കുന്നതിനിടെ‍ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തിൽ വീഴുകയുമായിരുന്നു. ഉടൻ ലീലാമ്മ പിറകെ ചാടി കുട്ടിയെ എടുത്ത് അഗ്നിരക്ഷാസേന എത്തുന്നതുവരെ മോട്ടറിന്റ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു.

വെള്ളമുണ്ടായിരുന്നതിനാല്‍ പരുക്കേറ്റില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിഒ സി.പി.ബെന്നി, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സണ്ണി ഇമ്മാനുവൽ, നന്ദകുമാർ, പ്രസീത്, റോയി, കെ.ഗോപാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

സ്‌പോർട്‌സ് ഹോസ്റ്റൽ സെലക്ഷൻ മാർച്ച് 2 മുതൽ

0

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് രണ്ടു മുതൽ 15 വരെ നടക്കും.
2022-23 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.


ബാസ്‌കറ്റ് ബോൾ, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്ലിങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), ഹാൻഡ് ബോൾ (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലാണ് സോണൽ സെലക്ഷൻ നടക്കുക.

സെലക്ഷൻ സമയക്രമം:
മാർച്ച് 2, 3 തീയതികളിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ കുട്ടികൾക്കായി കണ്ണൂർ പോലീസ് സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികൾക്കായി 4, 5 തീയതികളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടക്കും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുട്ടികൾക്കായി 7, 8 തീയതികളിൽ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തും.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്കായി 9, 10 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടത്തും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്ക് 11, 12 തീയതികളിൽ കോട്ടയം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികൾക്ക് 14, 15 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും.അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളീബോൾ എന്നീ കായികയിനങ്ങളിൽ ജില്ലാതല സെലക്ഷൻ നടത്തും.

സെലക്ഷൻ സമയക്രമം:
മാർച്ച് 2 ന് തിരുവനന്തപുരം ജില്ലയിലെ കുട്ടികൾക്കായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്കായി 3 ന് കൊല്ലം എസ്.എൻ കോളേജിലും എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്ക് 4 ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും നടത്തും. കോട്ടയം, ഇടുക്കി ജില്ലകളിലെ കുട്ടികൾക്ക് 5 ന് കോട്ടയം പാല മുൻസിപ്പൽ സ്റ്റേഡിയത്തിലും പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുട്ടികൾക്ക് 7 ന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് 8 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടത്തും.

കോഴിക്കോട് ജില്ലയിലെ കുട്ടികൾക്ക് 9 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും വയനാട് ജില്ലകളിലെ കുട്ടികൾക്ക് 11 ന് വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിലും കണ്ണൂർ ജില്ലയിലെ കുട്ടികൾക്ക് 12 ന് കണ്ണൂർ പോലീസ് സ്റ്റേഡിയത്തിലും കാസർഗോഡ് ജില്ലയിലെ കുട്ടികൾക്ക് 14 ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലും നടത്തും.

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

0

ഏഴു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി.

അതേസമയം സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. പ്രൊബേഷന്‍ കാലത്ത് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസ് നല്‍കേണ്ടതില്ല.

സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം അബ്‍ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചിട്ടുണ്ട്. ഇത് ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ വിദേശികള്‍ക്ക് എളുപ്പത്തില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴിലുടമകളെ സഹായിക്കുന്നു. സ്വകാര്യ മേഖലാ തൊഴിലുടമകള്‍ക്കു മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക.

മാര്‍ച്ച് 1 മുതല്‍ പൊതുവിടങ്ങളില്‍ മാസ്ക് വേണ്ട; ക്വാറന്‍റൈന്‍ അടക്കം നിയന്ത്രണങ്ങളില്‍ മാറ്റവുമായി യുഎഇ

0

പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

പൊതുഇടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്‍റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും.

വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; യുവതി പിടിയില്‍

0

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന്റെ വാഹനത്തില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടിയ കേസില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കേസില്‍ കുടുക്കിയ ശേഷം കാമുകനൊപ്പം ജീവിക്കുന്നതിനാണ് പഞ്ചായത്തംഗമായ സൗമ്യ അറസ്റ്റിലായത്.

ഫെബ്രുവരി 22ന് സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. കാമുകന്‍ വിനോദിന്റെ നിര്‍ദേശപ്രകാരം അയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്റെ വാഹനത്തില്‍ ഒളിപ്പിക്കാനായി എംഡിഎംഎ സൗമ്യക്ക് എത്തിച്ചുകൊടുത്തത്.

വണ്ടന്‍മേട് പോലീസും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ടീം അംഗങ്ങളും ചേര്‍ന്ന് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയായ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തി.സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസ് മറ്റും ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം പൊളിഞ്ഞത്.

സുനിലിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ഇവര്‍ തീരുമാനിച്ചത്. കൊച്ചിയിലെ ക്വ്‌ട്ടേഷന്‍ ടീമുകളെ ഇതിനായി സമീപിക്കാനായിരുന്നു നീക്കമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.ഫെബ്രുവരി 18ാം തീയതി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്‍മേട് ആമയറ്റില്‍ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു.

പോലീസിനും മറ്റിതര ഏജന്‍സികള്‍ക്കും സൗമ്യ വിദേശത്ത് ജോലി ചെയ്യുന്ന കാമുകന്‍ മുഖേന സൂചന കൊടുപ്പിച്ചു. സൂചന പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎ ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു.ഒരു വര്‍ഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നല്‍കി കെലപ്പെടുത്താനോ ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടു പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്‍മാറി.

വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി വന്നു പോകുന്ന കാമുകന്‍ വിനോദും സൗമ്യയും ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് സുനിലിനെ ഒഴിവാക്കുന്നതിനായി ഗൂഡാലോചന നടത്തിയത്.

മയക്കുമരുന്ന് എത്തിച്ചുകൊടുത്തശേഷം വിദേശത്തേയ്ക്ക് കടന്ന കാമുകനേ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ സൗമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിന്‍ഷാ യും അറസ്റ്റിലായി.

ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും അന്വേഷണത്തില്‍ വെളിവായി