spot_img
Saturday, June 13, 2026

കോഴിക്കോട്ടെ ഭക്ഷണത്തെരുവിന് നാളെ തറക്കല്ലിടും: ചെലവ് മൂന്നുകോടി



കോഴിക്കോട്: മൂന്ന് കോടിയോളം ചെലവിട്ട് നിര്‍മിക്കുന്ന കോഴിക്കോട്ടെ ഭക്ഷണത്തെരുവിന് നാളെ തറക്കല്ലിടും. കോഴിക്കോട് കടപ്പുറത്ത് ആധുനിക ഭക്ഷണത്തെരുവിന്‍റെ തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവും വൈകുന്നേരം ആറിന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.

90 കച്ചവടക്കാർക്ക് ശുദ്ധജലം, മലിനജലം സംസ്കരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഉറപ്പാക്കി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. കോർപറേഷൻ ഓഫിസിന് മുന്നിലുള്ള കടലോരമാണ് ഇതിനായി ഉപയോഗിക്കുക. മെയ് മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

കോർപറേഷന്‍റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെയും ഫുഡ്സേഫ്റ്റി വകുപ്പിന്‍റെയും സംയുക്ത പദ്ധതിയായി ബീച്ചില്‍ വെന്‍റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റാണ് ഉയരുക. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെയും കോർപറേഷന്‍റെയും പദ്ധതികള്‍ ഒന്നിച്ചുചേർത്താണ് ബീച്ചില്‍ പ്രത്യേക ഇടമൊരുക്കുന്നത്. വൃത്തിയോടെ ഗുണമേന്മയുള്ള തെരുവുഭക്ഷണം നല്‍കുകയെന്നതാണ് ലക്ഷ്യം.

രാജ്യത്തൊട്ടാകെ 100 സ്ട്രീറ്റ് ഫുഡ് ഹബുകള്‍ ഒരുക്കുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ പരിഗണിച്ചിരുന്നു. സംസ്ഥാനത്തെ മറ്റ് മൂന്നിടങ്ങളിലും പദ്ധതി നടപ്പാക്കിയെങ്കിലും സ്ഥലം നല്‍കാൻ താമസിച്ചതിനാല്‍ കോഴിക്കോട്ട് ഒന്നും നടന്നില്ല. തുടർന്നാണ് കോർപറേഷൻ നേരത്തെ ദേശീയ നഗര ഉപജീവന ദൗത്യ പ്രകാരം ബീച്ചിലൊരുക്കുന്ന വെന്‍റിങ് സോണ്‍ പദ്ധതിക്കൊപ്പം ചേർത്ത് ഫുഡ്സ്ട്രീറ്റുമാക്കാമെന്ന് ധാരണയായത്. കേന്ദ്രത്തിന്‍റെ ഫുഡ് ഹബ് പദ്ധതി പ്രകാരം ഒരു കോടിയും വെന്‍റിംഗ് സോണ്‍ പദ്ധതി പ്രകാരം 2.5 കോടിയിലേറെയും ചെലവഴിച്ചാണ് ഫുഡ് സ്ട്രീറ്റ് ഒരുക്കുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles