spot_img
Tuesday, April 28, 2026

മലബാറിനെ കേരളത്തിലെ പ്രധാന ടൂറിസം ‌കേന്ദ്രമാക്കി മാറ്റും: മന്ത്രി മുഹമ്മദ്‌ റിയാസ്



കോഴിക്കോട്: മലബാറിനെ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. ഫറോക്ക് പള്ളിത്തറ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ തീർത്ഥാടന ടൂറിസം പദ്ധതി ഉദ്ഘാടനവും കലംകൊള്ളി-പടന്ന റോഡ് ഉദ്ഘാടനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വളർച്ചയുടെ വലിയൊരു ശതമാനം ടൂറിസം മേഖലയാണ്. കേരളത്തിന്‍റെ ഭാവിയാണ് ടൂറിസം. ആ നിലയില്‍ കേരളത്തിന്‍റെ ടൂറിസത്തെ ഇനിയും ഉയർത്തി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

പൈതൃക സങ്കല്‍പങ്ങള്‍, അടയാളപ്പെടുത്തലുകള്‍ ഇവയൊക്കെ സംരക്ഷിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് വ്യത്യസ്തങ്ങളായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. പൈതൃക സംരക്ഷണ പദ്ധതികളും തീർത്ഥാടന ടൂറിസം പദ്ധതികളും ആവിഷ്കരിച്ചത് ഇതിന്‍റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ‌തീർത്ഥാടന ടൂറിസം വികസനത്തിന്‍റെ ഭാഗമായി പള്ളിത്തറ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തികള്‍ക്കായി വിനോദസഞ്ചാര വകുപ്പ് 99.50 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതി പ്രകാരം ഓപ്പണ്‍ സ്റ്റേജ് നിർമാണം, ഗേറ്റ് വേ, കോമ്പൗണ്ട് വാള്‍, സ്റ്റോണ്‍ പേവിംഗ് വർക്കുകള്‍, സീറ്റിംഗ് നിർമാണം എന്നിവ നടപ്പിലാക്കും.

ഹാർബർ എൻജിനീയറിംഗ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ 42.14 ലക്ഷം രൂപ ചെലവഴിച്ചാണ് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കലംകൊള്ളി-പടന്ന റോഡ് നിർമാണം. ഫറോക്ക് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. നിഷാദ് അധ്യക്ഷത വഹിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles