കോഴിക്കോട്: മാവൂർ റോഡ് ശ്മശാനത്തില്‍ നവീകരണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. കെട്ടിടനിർമാണം ഏറെക്കുറെ പൂർത്തിയായി. വൈദ്യുതിവത്കരണ ജോലികളാണ് ആരംഭിക്കാനുള്ളത്. നഗരസഭയുടെ ആഭിമുഖ്യത്തില്‍ 4.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. 2020 സെപ്റ്റംബറിലാണ് നവീകരണം ആരംഭിച്ചത്.
2019 മാർച്ചില്‍ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം മേയർ നിർവഹിച്ചെങ്കിലും പണി തുടങ്ങാനായില്ല. കരാർ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പുമായുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ ഒരു കൊല്ലം പണി മുടങ്ങാൻ കാരണമായി. ശ്മശാനത്തില്‍ പരമ്പരാഗത സംസ്കരണം നിർത്തിയപ്പോഴുള്ള പ്രതിഷേധങ്ങളും കോവിഡ് നിയന്ത്രണങ്ങളും വെള്ളപ്പൊക്കവുമെല്ലാം പ്രവൃത്തി നീണ്ടുപോകാൻ കാരണമായി. ഇലക്ട്രിക് ശ്മശാനം മാത്രം നിലനിർത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ് പണി നടക്കുന്നത്. പ്രധാന പ്രശ്നമായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ തറ ഒരു മീറ്ററിലധികം ഉയർത്തിയാണ് പണിയുന്നത്. നൂതന സാങ്കേതിക വിദ്യയില്‍ സംസ്കാരം നടത്താൻ മൂന്ന് ഗ്യാസ് ചൂളകളോട് കൂടിയ ശ്മശാനമാണ് പണിയുന്നത്.
നവീകരണ പ്രവൃത്തിയുടെ ഭാഗമായി അടച്ചതോടെ മാവൂർ റോഡ് ശ്മശാനത്തിലെ ശവസംസ്കാരം പൂർണ്ണമായി നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് ഇപ്പോള്‍ നഗരത്തില്‍ സംസ്കാരം പ്രധാനമായി നടക്കുന്നത്. മാവൂർ റോഡ്, വെസ്റ്റ്ഹില്‍ ശ്മശാനങ്ങളിൽ ഗ്യാസില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്തോടെയുള്ള അമൃത് 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൊത്തം അഞ്ചുകോടിയാണ് ഇതിനായി വകയിരുത്തിയത്.






