spot_img
Wednesday, July 29, 2026

മള്‍ട്ടി ലെവല്‍ മോഡുലര്‍ കാര്‍ പാര്‍ക്കിംഗില്‍ “കുരുങ്ങി’ നഗരത്തിലെ ആദ്യ പാര്‍ക്കിംഗ് പ്ലാസ



കോഴിക്കോട്: ഗതാഗതക്കുരുക്കഴിക്കാൻ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡില്‍ എട്ടുവര്‍ഷം മുന്‍പ് നിര്‍മാണ പ്രവൃത്തി ആരംഭിച്ച ആദ്യ പാര്‍ക്കിംഗ് പ്ലാസയുടെ പ്രവൃത്തി പാതി വഴിയില്‍. ഏറ്റവുമൊടുവില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീർക്കാത്തതിന് കരാറുകാർക്ക് പിഴയിട്ടിരിക്കുകയാണ് കോർപറേഷനിപ്പോള്‍.

ബിഒടി അടിസ്ഥാനത്തില്‍ പത്തുനില പാർക്കിംഗ് സമുച്ചയം പണിയാണ് അനിശ്ചിതമായി നീളുന്നത്. സ്വന്തമായി പാര്‍ക്കിംഗ് നയരേഖയുള്ള സംസ്ഥാനത്തെ ആദ്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട്ടെ ആദ്യ പാര്‍ക്കിംഗ് പ്ലാസയാണ് പാതിവഴിയില്‍ തുടരുന്നത്. നഗരസഭയുടെ കുട്ടികള്‍ക്കുള്ള പാർക്ക് സ്ഥാപിച്ചിരുന്ന 24 സെന്‍റ് സ്ഥലത്താണ് പാർക്കിംഗ് പ്ലാസ നിർമാണം.

2008ല്‍ കോർപറേഷൻ കൗണ്‍സില്‍ അംഗീകാരം നല്‍കി 2015ല്‍ പണി തുടങ്ങിയ പ്ലാസ 2019 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഗ്രൗണ്ട് ഫ്ലോറടക്കം അഞ്ചുനിലകളുടെ നിർമാണം പൂർത്തിയായെങ്കിലും ഇതിന് മുകളില്‍ കാറുകള്‍ നിർത്താനുള്ള ഇരുമ്പില്‍ തീർത്ത 10 നിലകളുടെ പണിയാണ് നിന്നുപോയത്. കരാറുകാർ പണി പൂർത്തിയാക്കാത്തതാണ് പ്രശ്നം. 90 കാറുകള്‍ നിർത്താൻ സൗകര്യമുള്ള ഇരുമ്പ് കൊണ്ടുള്ള 10 നിലകള്‍ തിരുവനന്തപുരത്ത് തയാറായതായി കരാറുകാർ പറഞ്ഞിരുന്നു. ഇവ കോഴിക്കോട്ടെത്തിച്ച്‌ നിർമാണം തീർന്ന നാല് കോണ്‍ക്രീറ്റ് നിലകള്‍ക്ക് നടുവില്‍ സ്ഥാപിക്കുന്ന ജോലിയാണ് നടക്കേണ്ടത്.

‘ഓട്ടോമാറ്റഡ് മള്‍ട്ടി ലെവല്‍ മോഡുലർ കാർ പാർക്കിംഗ്’ എന്ന നവീന സാങ്കേതിക വിദ്യയാണിത്. തിരുവനന്തപുരം ടെക്നോ പാർക്കില്‍ ഇത് പരീക്ഷിച്ച്‌ വിജയമെന്ന് തെളിഞ്ഞതായി കരാറുകാർ അവകാശപ്പെട്ടിരുന്നു. ഗ്രൗണ്ട് ഫ്ലോറില്‍നിന്ന് വാഹനം ലിഫ്റ്റിലെന്നപോലെ പൊക്കിയെടുത്ത് മുകള്‍ നിലയില്‍ അടുക്കിവയ്ക്കുന്നതാണ് രീതി. 15 മീറ്ററോളം വ്യാസമുള്ള സ്ഥലത്ത് 10 നിലകളിലായി 90 കാറുകള്‍ അടുക്കിവയ്ക്കാനാവുമെന്നായിരുന്നു വാഗ്ദാനം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles