തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണം സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ കുടുംബത്തിന്‍റെ വികാരം മാനിച്ച് കേസന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചെന്നാണ് വിശദീകരണം.
ഏറെ ദുഃഖമുണ്ടാക്കിയ സംഭവമാണ് സിദ്ധാര്‍ഥന്‍റെ മരണം. സിദ്ധാർഥന്‍റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി കേസന്വേഷിച്ചാല്‍ സിദ്ധാര്‍ഥന് നീതി കിട്ടില്ലെന്ന് കുടുംബം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
സിദ്ധാര്‍ഥന്‍റെ മരണത്തില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് രാവിലെ കുടുംബം പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷമായിരുന്നു സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറങ്ങിയത്.






