സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. മാർച്ച് 31 വരെയാണ് സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങള്‍ക്ക് അതാത് റേഷൻകടകള്‍ വഴി മസ്റ്ററിംഗ് നടത്തുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി.
മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവർ റേഷൻ കാർഡ് അംഗങ്ങളായി ഉണ്ടെങ്കില്‍ അവരുടെ മസ്റ്ററിങ് നടത്തുന്നതിനായി രണ്ടാംഘട്ട മസ്റ്ററിങ് സമയത്ത് ഉദ്യോഗസ്ഥർ വീടുകള്‍ സന്ദർശിച്ച് മസ്റ്ററിംഗ് നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
റേഷൻ കടകളില്‍ പോയി പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികള്‍, ഗർഭിണികള്‍ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള ബുദ്ധിമുട്ടും നിലവില്‍ റേഷൻകടകളില്‍ അനുഭവപ്പെടുന്ന തിരക്കും കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.
പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങല്‍ പാറ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി എന്നിവർക്ക് ഇത് സംബന്ധിച്ച് നിവേദനം അയച്ചിരുന്നു. പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികള്‍, ഗർഭിണികള്‍ എന്നിവർക്ക് നടത്തുന്നതിന് റേഷൻ കടകളില്‍ പോകുന്നതും അവിടെ തിരക്ക് മൂലം മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നതിനും ഏറെ പ്രയാസമാണ് എന്നും ഇത്തരക്കാർക്ക് റേഷൻ കടകളില്‍ പോകാതെ മസ്റ്ററിംഗ് നടത്തുന്നതിന് അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അഷ്റഫ് നിവേദനം സമർപ്പിച്ചത്.
നിവേദനം സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ സിവില്‍ സപ്ലൈ ഡയറക്ടർക്ക് ഭക്ഷ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും നിർദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടർ വിഷയത്തില്‍ ആശ്വാസകരമായ നിലപാട് എടുക്കുകയായിരുന്നു.
ഏപ്രില്‍ 1 മുതല്‍ മസ്റ്ററിംഗ് നടത്താത്ത റേഷൻ കാർഡ് അംഗങ്ങള്‍ക്ക് റേഷൻ ആനുകൂല്യം ലഭിക്കില്ല എന്ന സർക്കാർ തീരുമാനത്തില്‍ ആശങ്ക നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവർക്ക് ഈ തീരുമാനം വളരെയധികം ആശ്വാസം പകരുന്നതാണ്.






