spot_img
Tuesday, April 21, 2026

മാർച്ച് 24; നാലുവർഷം മുൻപായിരുന്നു രാജ്യത്തെ നിശ്ചലമാക്കിയ ആ പ്രഖ്യാപനം



രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിൽ വിറങ്ങലിച്ചു നിന്ന സമയം. രോഗമെന്തെന്നോ അതിന്റെ പ്രത്യാഘാതമെന്തെന്നോ പോലും അറിയാതെ ജനം പകച്ചു നിൽക്കയായിരുന്നു. ആ സമയത്താണ്  രാജ്യത്ത് ആദ്യമായി കേട്ടുകേൾവി പോലും ഇല്ലാത്ത സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്. കൃത്യമായി പറഞ്ഞാൽ നാല് വർഷം മുൻപ് 2020 മാര്‍ച്ച് 24. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ഇന്നേക്ക് നാലുവർഷം തികയുകയാണ്.  

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രഖ്യാപനം മുന്നൊരുക്കങ്ങൾ ഇല്ലാതെയായിരുന്നു.  “പൂരെ ദേശ് മേം സമ്പൂര്‍ണ്‍ ലോക്ഡൌൺ ഹോനെ ജാ രഹാഹെ.” എന്ന പ്രഖ്യാപനത്തോടെ ജനജീവിതം നിശ്ചലമായി. കാര്യം എന്തെന്ന് തിരിച്ചറിയാൻ പോലും സമയമെടുത്തു.  തിരിച്ചറിഞ്ഞു തുടങ്ങുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. ജോലി, കൂലി, വരുമാനം ഭക്ഷണം, വിദ്യാഭ്യാസം സർവ്വ മേഖലകളിലും നിശ്ചലതയും അനിശ്ചിതത്വവും.

പരീക്ഷകൾ എല്ലാം മാറ്റിവെച്ചു ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. തെരുവുകൾ അനാഥമായി. ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും നിലച്ചു. അന്യനാടുകളിൽ പഠനത്തിനും ജോലിക്കുമൊക്കെയായി പോയവർ തിരിച്ചുനാട്ടിലെത്താൻ കഴിയാതെ കുടുങ്ങികിടന്നു. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ കേന്ദ്ര സർക്കാരിന് സംഭവിച്ച വീഴ്ച ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതം പകർച്ചവ്യാധിയെക്കാൾ വലിയ കുരുക്കിലാക്കി.ഡൽഹിയും മുംബെയും കൊൽക്കത്തയും പോലുള്ള വൻ നഗരങ്ങളിൽ നിന്ന് വിദൂര ഗ്രാമങ്ങളിലേക്ക് ഭക്ഷണവും വരുമാനവും ഇല്ലാതായ മനുഷ്യർ നഗ്നപാദരായി നടന്നു പോയി. പലരും വഴിയിൽ കുഴഞ്ഞു വീണു. കുടുംബങ്ങളുടെ ആശ്രയങ്ങൾ അറ്റു പോയി.

അക്ഷരാർത്ഥത്തിൽ ഒരു അടിയന്തരാവസ്ഥയായിരുന്നു. തുടക്കത്തിൽ ജനങ്ങളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കുക അത്ര എളുപ്പമല്ലായിരുന്നു. ആഘോഷങ്ങളിൽ തുടങ്ങിയ അടച്ചിടൽ നാളുകൾ പതുക്കെ നിരത്തുകളിൽ നിന്ന് ആളുകളെ  അപ്രത്യക്ഷമാകുന്ന സ്ഥിതിയിലേക്ക് എത്തി.  സകലമാന മനുഷ്യരും വീടുകൾക്കുള്ളിൽ കഴിച്ച് കൂട്ടി. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ പിന്നീട് മാസങ്ങളോളം നീളുകയായിരുന്നു.  

ദിവസക്കൂലിയിൽ വീടുപുലർത്തിയവർ പട്ടിണിയിലായി. അന്നത്തിന് വഴിമുട്ടി. തൊഴിലില്ലായ്മ സൃഷിടിച്ച ഭീകരതയിൽ നിന്നും രാജ്യം ഇതുവരെ കരകയറിയിട്ടില്ല. ഒരു മുന്നറിയിപ്പുമില്ലാതെ വന്ന അടച്ചുപൂട്ടലിൽ തകർന്നടിഞ്ഞത് ഒരുപാട്പേരുടെ സ്വപ്നങ്ങളാണ് . ലക്ഷങ്ങൾ ലോൺ എടുത്തു തുടങ്ങിയ സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്നു. തൊഴിൽ നഷ്ടമായി.നമ്മുടെ ജീവനെയും ജീവിതത്തെയും കോവിഡ് ബാധിച്ചിട്ട് നാലു വർഷം പിന്നിടുബോഴും അത് സൃഷിടിച്ച ആഘാതം ഇനിയും മാറിയിട്ടില്ല. കൊറോണ വൈറസിന്റെ വകഭേദങ്ങൾ  ഇന്നും വന്നു കൊണ്ടേ ഇരിക്കുന്നു .



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles