spot_img
Wednesday, April 22, 2026

നവകേരള ബസ്‌ ബംഗളൂരു സർവീസ്‌ നാളെ മുതൽ



കോഴിക്കോട്‌:നവകേരള ബസിന്റെ കോഴിക്കോട്‌–- ബംഗളൂരു സർവീസ്‌ ഞായറാഴ്‌ച തുടങ്ങും. ‘ഗരുഡ പ്രീമിയം’ സർവീസായി റൂട്ടിലിറങ്ങുന്ന ബസിന്റെ ടിക്കറ്റുകൾ അതിവേഗമാണ്‌ വിറ്റഴിയുന്നത്‌. ആദ്യയാത്രയുടെ സീറ്റുകൾ മുഴുവനായും മടക്കയാത്രയുടേത്‌ പകുതിയിലേറെയും ഇതിനകം ബുക്കിങ്ങായി. അടുത്ത ആഴ്‌ചയിലേതുൾപ്പെടെ ടിക്കറ്റുകൾ വിറ്റഴിയുന്നുണ്ട്‌. പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവർമാരാകും വണ്ടിയോടിക്കുക. എട്ടുപേർക്ക്‌ വെള്ളിയാഴ്‌ച കോഴിക്കോട്‌ പരിശീലനം നൽകി. ദിവസവും പുലർച്ചെ നാലിനാണ്‌ ബസ്‌ കോഴിക്കോട്ടുനിന്ന്‌ പുറപ്പെടുക. ഏഴര മണിക്കൂർ യാത്രയ്‌ക്കുശേഷം 11.35ന് ബം​ഗളൂരു ശാന്തിനഗറിൽ എത്തും. പകൽ 2.30ന് ബംഗളൂരുവിൽനിന്ന്‌ തിരിച്ച് രാത്രി 10.05ന് കോഴിക്കോട്ടെത്തും. 1,171 രൂപയാണ് കോഴിക്കോട്‌–- ബംഗളൂരു ടിക്കറ്റ് നിരക്ക്.

ജിഎസ്‌ടി ഉൾപ്പെടെ ചേർത്ത്‌ ഓൺലൈനിൽ 1256 രൂപ നൽകി ബുക്ക്‌ ചെയ്യാം. താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു എന്നിവിടങ്ങളിൽനിന്നും കയറാം. ടിക്കറ്റ്‌ നിരക്ക്‌ മാറില്ല. ആധുനിക സൗകര്യങ്ങളോടെയുള്ള എസി ബസിൽ 26 പുഷ്‌ബാക്ക്‌ സീറ്റുണ്ട്‌. ശുചിമുറി, ഹൈഡ്രോളിക്‌ ലിഫ്‌റ്റ്‌, വാഷ്‌ബെയ്‌സിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജിങ് സൗകര്യങ്ങളുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക്‌ ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കി. ആവശ്യാനുസരണം ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവുമുണ്ട്. ബുധനാഴ്ചയാണ്‌ ബസ്‌ തിരുവനന്തപുരത്തുനിന്ന്‌ കോഴിക്കോട്ടേക്ക് എത്തിച്ചത്‌. ഈ യാത്രയിലും മികച്ച കലക്‌ഷനാണ്‌ ലഭിച്ചത്‌. നിലവിൽ നടക്കാവിലെ കെഎസ്ആർടിസി റീജണൽ വർക്‌ഷോപ്പിലാണ്‌ ബസുള്ളത്‌.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles